ഐലീഗിൽ ജയിച്ചുകയറി ഗോകുലം; ഡല്‍ഹിയെ തകർത്തത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്
Mail This Article
ലുധിയാന∙ പഞ്ചാബിലെ നാം ധാരി ഗ്രൗണ്ടിലെ ശക്തമായ കാറ്റിനു മറുപടി ഗോൾ നൽകി അനിവാര്യമായ ജയം നേടി ഗോകുലം കേരള എഫ്സി. ഡൽഹി എഫ്സിയുടെ ആദ്യപകുതിയിലെ ഗോളിന് സെക്കൻഡ് ഹാഫിലെ അവസാന നിമിഷങ്ങളിൽ മറുപടി ഗോളുകൾ നൽകി സീസണിലെ മികച്ച തിരിച്ചു വരവുകളിൽ ഒന്നിനാണ് ഗോകുലം വഴിയൊരുക്കിയത്. ഗോകുലത്തിന്റെ തുടർച്ചയായ അഞ്ചാം വിജയമാണിത്.
45–ാം മിനിറ്റിൽ ഡൽഹിയുടെ കോർണർ കിക്ക് ഗോകുലം ഡിഫെൻഡർ നിഥിന്റെ തലയിലുരസി ഓൺ ഗോളിലൂടെ ഡൽഹി മുന്നിലെത്തി. പ്രതികൂല കാലാവസ്ഥയിൽ ശക്തിയായി കാറ്റടിക്കവേ പന്ത് വരുതിയിലാക്കാൻ ഇരു ടീമുകളും നന്നായി പണിപ്പെട്ടു. ഗോൾ കിക്കുകൾ പലതും ലക്ഷ്യം തെറ്റി പോയികൊണ്ടേയിരുന്നു. ഡൽഹിയോട് ജയിക്കാൻ കാറ്റിനെ കൂടെ കണക്കിലെടുക്കേണ്ടുന്ന വിചിത്രമായ സ്ഥിതിയായിരുന്നു. രണ്ടാം പകുതിയിൽ നന്നായി പോരാടിയ ഗോകുലത്തിന് 86–ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി ക്യാപ്റ്റൻ അലക്സ് സാഞ്ജസ് ഗോളാക്കി. ഇതോടെ തന്റെ വ്യക്തിഗത ഗോൾ നേട്ടം 15 ആയി ഉയർത്തി. ലീഗിൽ നിലവിലെ ടോപ് സ്കോററാണ് അലക്സ്. 8 മിനുട്ട് എക്സ്ട്രാ ടൈമിൽ കളി സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിടത്തുനിന്നാണ് പകരക്കാരനായെത്തിയ ലാലിയൻസാങ്ക 90+3' മിനുട്ടിൽ ഗോൾ നേടിയത്, മലയാളി താരം നൗഫൽ നടത്തിയ മുന്നേറ്റമാണ് ഹെഡറിലൂടെയുള്ള ഗോളിന് വഴി വച്ചത്.
ഇതോടെ 15 കളികളിൽ നിന്ന് 25 പോയിന്റ്‌ുമായി മുഹമ്മദന്സിനു പിന്നിൽ രണ്ടാം സ്ഥാനത്തതാണ് ഗോകുലമിപ്പോൾ. 26ന് ഗോവയിലെ തിലക് മൈതാനിൽ വച്ചു നടക്കുന്ന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്‌സ് എഫ്‌സിയെയാണ് ഗോകുലം അടുത്തതായി നേരിടുന്നത്.