ADVERTISEMENT

കൊച്ചി ∙ യുക്തി തൊട്ടു തീണ്ടാത്ത മത്സര കലണ്ടറും അസൗകര്യങ്ങളുടെ പെനൽറ്റി സ്ട്രോക്കുകളും! കേരള ബ്ലാസ്റ്റേഴ്സിനെ ഈ സീസണിൽ ‘ഇൻജറി ബെഡിൽ’ എത്തിച്ച കാരണങ്ങൾ ഒന്നൊന്നായി എണ്ണിപ്പറയുകയാണ് കോച്ച് ഇവാൻ വുക്കോമനോവിച്. പ്രീ സീസൺ പരിശീലനത്തിന്റെ 4 –ാം ദിവസം ജോഷ്വ സത്തീരിയോ പരുക്കേറ്റു കളം വിട്ടു. പിന്നെ, എത്രയെത്ര താരങ്ങൾക്കാണു പരുക്കേറ്റത്. ഐബൻഭ, ലൂണ, ഫ്രെഡ്ഡി, ജീക്സൺ, ലെസ്കോവിച്ച്, ക്വാമെ പെപ്ര, വിബിൻ മോഹനൻ, ഇപ്പോൾ സച്ചിൻ സുരേഷ്... പേശികൾക്കുണ്ടാകുന്ന പതിവു പരുക്കല്ല, ഗൗരവമുള്ള പരുക്കുകൾ. 9 പേർക്കു ശസ്ത്രക്രിയ വേണ്ടിവന്നു! മുംബൈയിലെ ആശുപത്രിയിൽ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ടീമിനു ഡിസ്കൗണ്ട് കിട്ടുന്ന സ്ഥിതിയാണ്! കേൾക്കുമ്പോൾ തമാശ തോന്നുമെങ്കിലും അങ്ങേയറ്റം നിരാശാജനകം– ഇവാൻ തുറന്നടിച്ചു.

ഹോട്ടലില്ല, ഗ്രൗണ്ടില്ല

ഐഎസ്എൽ ആവേശപൂർവം നടക്കുന്നതിനിടെയാണു ജനുവരിയിൽ സൂപ്പർ കപ്പിന്റെ ഇടവേള വന്നത്. ഫുൾ സ്ക്വാഡ് കളിക്കണമെന്നാണ് വ്യവസ്ഥ. ഒഡീഷയിലെ ഭുവനേശ്വറാണ് വേദി. ടീം പുറപ്പെടുന്നതിനു തൊട്ടുമുൻപ് അവിടെ നിന്നു വിളി വന്നു. ‘സോറി, എല്ലാ ടീമുകൾക്കും താമസ സൗകര്യം ഒരുക്കാൻ കഴിയില്ല, പരിശീലനത്തിനു ഗ്രൗണ്ടുമില്ല.’ പോകാതെ വയ്യല്ലോ! അങ്ങനെ, കൊൽക്കത്തയിൽ ഹോട്ടൽ കണ്ടെത്തി. ഇന്ത്യൻ ഫുട്ബോളിന്റെ ‘മെക്ക’ എന്നൊക്കെ വിളിക്കപ്പെടുന്ന നഗരമാണ്. പക്ഷേ, പരിശീലനത്തിനു കിട്ടിയതു നിലവാരമില്ലാത്ത ഗ്രൗണ്ട്! പരുക്കുകൾ സ്വാഭാവികം. പിന്നെ, മാരത്തൺ യാത്രകൾ. മത്സരദിവസം കൊൽക്കത്തയിൽ നിന്നു ഭുവനേശ്വറിലേക്ക്. കളി കഴിയുന്നു, തിരിച്ചു കൊൽക്കത്തയിലേക്കു പറക്കുന്നു. പരിശീലനത്തിനു സൗകര്യമില്ല, വിശ്രമമില്ല. കളിക്കാർ ശാരീരികമായും മാനസികമായും കഷ്ടപ്പെട്ടു. കഴിഞ്ഞ വർഷം കേരളത്തിൽ സൂപ്പർ കപ്പ് നടന്നപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. കോഴിക്കോട് എല്ലാ ടീമിനും ഹോട്ടൽ സൗകര്യമില്ലായിരുന്നു.കൊച്ചിയിൽ നിന്നു കോഴിക്കോട്ടേക്കും തിരിച്ചുമുള്ള യാത്രകൾ ഞങ്ങളെ തളർത്തിയിരുന്നു.–  ഇവാൻ പറഞ്ഞു. 

English Summary:

Ivan Vukomanovic speaks about setbacks of Kerala Blasters in this season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com