ആവേശപ്പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്; ഗോവയെ തകർത്തത് രണ്ടിനെതിരെ നാലു ഗോളുകൾക്ക്
Mail This Article
കൊച്ചി∙ ഐഎസ്എല്ലിൽ ഹോം ഗ്രൗണ്ടിൽ നടന്ന ആവേശപ്പോരാട്ടത്തിൽ എഫ്സി ഗോവയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. ആദ്യ പകുതിയിൽ രണ്ടു ഗോളുകൾ പിന്നിട്ടുനിന്ന ശേഷമാണ്, ഗാലറികളിൽ നിറഞ്ഞ ആരാധക സൈന്യം പകര്‍ന്ന ആവേശത്തിരയിൽ ബ്ലാസ്റ്റേഴ്സ് ജയിച്ചു കയറിയത്. തുടർച്ചയായ മൂന്നു മത്സരങ്ങളിൽ പരാജയമേറ്റുവാങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. ക്യാപ്റ്റൻ ദിമിത്രിയോസ് ഡമന്റക്കോസ് ഇരട്ട ഗോൾ നേടിയ മത്സരത്തിൽ ജാപ്പനീസ് താരം ഡൈസുകെ സകായിയും ഫെദോർ സെർണിച്ചും ബ്ലാസ്റ്റേഴ്സിനായി ഗോൾ കണ്ടെത്തി.
മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ ലഭിച്ച അവസരം ദിമിത്രിയോസ് ഡമന്റക്കോസിന് ഗോളാക്കാനായില്ല. ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പന്ത് ഗോൾ പോസ്റ്റ് കടന്നു പോയത്. ഏഴാം മിനിറ്റിൽ അനുകൂലമായി കിട്ടിയ കോർണർ കിക്ക് റൗളിൻ ബോർജസിലൂടെ ഗോവ ഗോളാക്കി മാറ്റി. ആക്രമിച്ചു കളിച്ച നോവ സദൂയി 17–ാം മിനിറ്റിൽ ഇടതു വിങ്ങിൽനിന്ന് നൽകിയ പാസ് മുഹമ്മദ് യാസിർ ഗോൾ പോസ്റ്റിലെത്തിച്ചു, ഇതോടെ ഗോവ രണ്ടു ഗോളിന് മുന്നിലെത്തി. പിന്നാലെ ബ്ലാസ്റ്റേഴ്സിന് തുടർച്ചയായി അവസരം ലഭിച്ചെങ്കിലും ഗോൾ നേടാനായില്ല. മത്സരം 20 മിനിറ്റ് പിന്നിടുമ്പോഴേക്ക് 2 ഗോളുകൾ വീണതോടെ ബ്ലാസ്റ്റേഴ്സ് സമ്മർദത്തിലായി.
22–ാം മിനിറ്റിൽ നോവ സദൂയി മിന്നൽ നീക്കത്തിലൂടെ വീണ്ടും ഗോൾവല കുലുക്കിയെങ്കിലും അസിസ്റ്റന്റ് റഫറി ഓഫ് സൈഡ് വിധിച്ചു. 26–ാം മിനിറ്റിൽ ഡയമന്റക്കോസിന് ലഭിച്ച അവസരം വീണ്ടും നഷ്ടപ്പെടുത്തി. 42–ാം മിനിറ്റിൽ സന്ദീപ് നൽകിയ മനോഹരമായ പാസ് ഡയമന്റക്കോസില്‍നിന്ന് ഗോവൻ പ്രതിരോധ താരം തട്ടിയകറ്റി. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ബ്ലാസ്റ്റേഴ്സ് നടത്തിയ മുന്നേറ്റങ്ങൾ ഗോവൻ പ്രതിരോധത്തിൽ തട്ടിനിൽക്കുന്ന കാഴ്ചയിൽ കോച്ച് വുക്കോമനോവിച്ചും നിരാശനായി. മൂന്നു മിനിറ്റ് അധിക സമയത്തും ഗോവ പന്തു കൈയടക്കിവച്ചു. ഇതോടെ ആദ്യ പകുതിയിൽ ഗോവയുടെ സമ്പൂർണ ആധിപത്യമായി. ഗോള്‍ പോസ്റ്റിലേക്ക് ഉതിർത്ത നാലിൽ രണ്ട് കിക്കും ഗോവയ്ക്ക് ഗോളാക്കാനായി. ബ്ലാസ്റ്റേഴ്സ് 5 ഷോട്ട് ഉതിർത്തെങ്കിലും ഒന്നു മാത്രമാണ് ലക്ഷ്യത്തിലെത്തിക്കാനായത്. അത് ഗോൾ കീപ്പർ തട്ടിയകറ്റുകയും ചെയ്തു.
രണ്ടാം പകുതിയിൽ ജീവൻ മരണ പോരാട്ടത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്സിന് തുടക്കത്തിൽ തന്നെ കോർണർ കിക്കിന് അവസരം ലഭിച്ചെങ്കിലും ഗോൾ മുഖത്ത് എത്തിക്കാനായില്ല. 48–ാം മിനിറ്റിൽ ഡയമന്റക്കോസിന് ലഭിച്ച അവസരം ഗോൾ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഗോൾ കീപ്പർ പിടിച്ചെടുത്തു. എന്നാൽ 51–ാം മിനിറ്റിൽ ജാപ്പനീസ് താരം ഡൈസുകെ സകായ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടി. 62–ാം മിനിറ്റിൽ പെനാൽറ്റി ബോക്സു വരെ എത്തിയ ഡൈസുകെയുടെ മുന്നേറ്റം ഗോവൻ പ്രതിരോധം തടഞ്ഞു. 81–ാം മിനിറ്റിൽ ബോക്സിനകത്ത് കാൾ മക്ഹ്യൂവിന്റെ ഹാൻഡ് ബോളിനേത്തുടർന്ന് ഗോവ പെനാൽറ്റി വഴങ്ങി. കിക്കെടുത്ത ഡയമന്റക്കോസ് ബ്ലാസ്റ്റേഴ്സിനായി രണ്ടാം ഗോൾ നേടി. മൂന്നു മിനിറ്റിനു ശേഷം ഇടതു വിങ്ങിൽനിന്ന് അയ്മൻ നൽകിയ പാസ് ഡയമന്റക്കോസ് വീണ്ടും ലക്ഷ്യത്തിലെത്തിച്ചു.
88–ാം മിനിറ്റിൽ ഫെദോർ സെർണിച്ച് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് 4–2ലേക്ക് ഉയർത്തി. ഒൻപതു മിനിറ്റ് അധിക സമയത്ത് ഗോവൻ താരങ്ങൾ ആക്രമണമഴിച്ചുവിട്ടെങ്കിലും ഇതിനകം ആത്മവിശ്വാസം വീണ്ടെടുത്ത ബാസ്റ്റേഴ്സ് പ്രതിരോധത്തെ മറികടക്കാനായില്ല. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഗാലറിയിൽ മഞ്ഞപ്പടയുടെ വിജയാരവം വീണ്ടുമുയർന്നു. ഹോം ഗ്രൗണ്ടിലെ ആരാധകർക്ക് അഭിവാദ്യമർപ്പിച്ചാണ് ഡയമന്റക്കോസും സംഘവും മടങ്ങിയത്. 16 മത്സരങ്ങളിൽനിന്ന് 9 ജയവുമായി ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തേക്ക് ഉയർന്നു. ശനിയാഴ്ച ബെംഗളൂരുവിനെതിരെയാണ് അടുത്ത മത്സരം.