കളി തുടരും; കേരളം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു, പോയിന്റ് നിലയിൽ മൂന്നാമത്
Mail This Article
ചായയ്ക്ക് 20 രൂപ, ഒരു കിലോ കോഴിയിറച്ചിക്കു 300 രൂപ, ഓട്ടോറിക്ഷയിൽ കയറിയാലോ എന്നു ചിന്തിച്ചാൽത്തന്നെ കൊടുക്കണം 100 രൂപ. അരുണാചൽപ്രദേശിൽ എല്ലാറ്റിനും വില കൂടുതലാണ്. ഇതുപോലെ തന്നെ കനത്ത വില നൽകേണ്ടി വരുമോയെന്ന ആശങ്കയോടെയാണ് കേരളം ഇന്നലെ അരുണാചലിനെതിരെ മത്സരിക്കാനുമിറങ്ങിയത്. കാരണം, തോറ്റാൽ തുറക്കുന്ന വാതിൽ സന്തോഷ് ട്രോഫിയിൽനിന്ന് പുറത്തേക്കുള്ളതാണ്. പക്ഷേ, 90 മിനിറ്റു നീണ്ട വിലപേശലിനൊടുവിൽ കേരളം 2 ഗോൾ കൊടുത്തു. നിർണായക മത്സരത്തിൽ അരുണാചൽപ്രദേശിനെ തറപറ്റിച്ച (0–2) കേരളം സന്തോഷ്ട്രോഫി ഫുട്ബോൾ ക്വാർട്ടർ ഫൈനലിലേക്ക്. 35–ാം മിനിറ്റിൽ ഗോൾ നേടിയ മുഹമ്മദ് ആഷിഖ്, വി.അർജുൻ (52–ാം മിനിറ്റ്) എന്നിവരാണ് ഇന്നലെ കേരളത്തിന്റെ വിജയശിൽപികൾ. നാളെ രാവിലെ 10ന് സർവീസസിന് എതിരെയാണ് കേരളത്തിന്റെ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരം. നാലു മത്സരങ്ങളിൽ മൂന്നു പരാജയവും ഒരു സമനിലയും മാത്രമുള്ള അരുണാചൽപ്രദേശും രണ്ടു സമനിലയും രണ്ടു പരാജയവുമുള്ള മേഘാലയയും ക്വാർട്ടർ കാണാതെ പുറത്തായി.
ഐവാ! ആഷിഖ്
ആയിരങ്ങൾ നിറഞ്ഞ ഗാലറിയുടെ ആരവം അരുണാചലിന് ഒപ്പമായിരുന്നെങ്കിലും ആക്രമണത്തിന്റെ കടിഞ്ഞാൺ കേരളത്തിന്റെ കയ്യിലായിരുന്നു. വിജയം മാത്രം ലക്ഷ്യമിട്ടെത്തിയ കേരളം കളി തുടങ്ങി മൂന്നാം മിനിറ്റിൽത്തന്നെ അരുണാചൽപ്രദേശിന്റെ ബോക്സിലെത്തിയെങ്കിലും ഗോൾ വഴുതിമാറി. 29–ാം മിനിറ്റിൽ ജി.ജിതിന്റെ കിടിലൻ ഷോട്ട് അരുണാചലിന്റെ പോസ്റ്റിൽ തട്ടിപ്പോവുകയും ചെയ്തു. മുപ്പത്തഞ്ചാം മിനിറ്റിൽ വലതുവിങ്ങിൽനിന്ന് മുഹമ്മദ് സഫ്നീദിന്റെ ക്രോസിൽ മുഹമ്മദ് ആഷിഖിന്റെ മികച്ച ഹെഡർ. കേരളം അക്കൗണ്ട് തുറന്നു. മികച്ച രണ്ട് അവസരങ്ങൾ ആദ്യപകുതിയിൽ അരുണാചൽപ്രദേശിനു ലഭിച്ചെങ്കിലും ഗോളായി മാറിയില്ല.
ബുള്ളറ്റ് അർജുൻ
52–ാം മിനിറ്റിൽ കേരളത്തിനു കിട്ടിയ ത്രോ ആണ് രണ്ടാം ഗോളിന്റെ തുടക്കം. ആർ.ഷിനുവിന്റെ ത്രോ അരുണാചൽ പ്രദേശിന്റെ ബോക്സിൽ പ്രതിരോധതാരം തട്ടിയകറ്റി. മിന്നൽ വേഗത്തിലെത്തിയ അർജുന്റെ ബുള്ളറ്റ് ഷോട്ട് അരുണാചൽ ഗോൾ കീപ്പറുടെ കയ്യിൽ തട്ടി പോസ്റ്റിലേക്ക്. കേരളത്തിന്റെ രണ്ടാം പ്രഹരം.
പോയിന്റ് നിലയിൽ കേരളം മൂന്നാമത്
എ ഗ്രൂപ്പിൽ നിന്ന് സർവീസസ്, ഗോവ, കേരളം, അസം ടീമുകൾ ക്വാർട്ടർ ഫൈനലിലേക്ക്. അരുണാചൽപ്രദേശ്, മേഘാലയ ടീമുകൾ പുറത്തായി.
ഇന്നലെ അരുണാചൽപ്രദേശിനെതിരെയുള്ള വിജയത്തോടെ എ ഗ്രൂപ്പിൽ 7 പോയിന്റുമായി കേരളം നാലാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്കു കയറി. സർവീസസ്, ഗോവ ടീമുകളാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ. അസം നാലാം സ്ഥാനത്തും. പോയിന്റ് നിലയിൽ മുന്നിലുള്ള നാലു ടീമുകളാണ് ക്വാർട്ടർ ഫൈനലിലെത്തുക. ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്തുള്ള മേഘാലയ ഇന്നലെ ഗോവയോടു സമനില വഴങ്ങിയതോടെയാണ് കേരളത്തിന്റെ ക്വാർട്ടർ ഫൈനൽ പ്രവേശനം ഉറപ്പായത്. എ ഗ്രൂപ്പിലെ എല്ലാ ടീമുകൾക്കും ഒരു മത്സരം കൂടി ബാക്കിയുണ്ട്.
ഇന്നത്തെ മത്സരങ്ങൾ
മണിപ്പുർ– മിസോറം (രാവിലെ 10)
റെയിൽവേസ് – കർണാടക ( ഉച്ചയ്ക്ക് 2.30)
മഹാരാഷ്ട്ര – ഡൽഹി (രാത്രി 7)
ഇന്നലത്തെ മത്സരഫലങ്ങൾ
അസം – 0 , സർവീസസ് 2
കേരളം –2 , അരുണാചൽ പ്രദേശ് – 0
മേഘാലയ –0, ഗോവ–0