കേരളത്തിന്റെ ഗോളിന് സർവീസസിന്റെ തിരിച്ചടി, ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരിൽ സമനില (1–1)
Mail This Article
ഇറ്റാനഗർ∙ സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ കേരളത്തിന് സമനില. സർവീസസ്– കേരളം മത്സരം 1–1ന് സമനിലയിൽ പിരിയുകയായിരുന്നു. 22–ാം മിനിറ്റിൽ ഇ. സജീഷാണ് കേരളത്തിനായി ഗോളുകൾ നേടിയത്. അരുണാചൽ പ്രദേശിനെ നേരിട്ട ടീമിൽ അഞ്ചു മാറ്റങ്ങളുമായാണ് കേരളം സർവീസസിനെതിരെ ഇറങ്ങിയത്.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച കേരളം 22–ാം മിനിറ്റിലാണു ലക്ഷ്യം കണ്ടത്. ഇടതു വിങ്ങിൽനിന്നുള്ള ക്യാപ്റ്റൻ വി. അർജുന്റെ ക്രോസിൽ ഇ. സജീഷ് തലവച്ച് ഗോളാക്കി മാറ്റുകയായിരുന്നു. ഗോൾ വഴങ്ങിയതോടെ തുടർച്ചയായി മുന്നേറ്റങ്ങൾ നടത്തിയ സർവീസസ് ആദ്യ പകുതിയിൽ തന്നെ സമനില ഗോൾ കണ്ടെത്തി. സമീർ മുര്‍മുവിന്റെ ഹെഡറിലൂടെയായിരുന്നു സർവീസസിന്റെ ഗോൾ.
പിന്നീട് രണ്ടാം പകുതിയിൽ ഒട്ടേറെ അവസരങ്ങൾ സര്‍വീസസിന് ലഭിച്ചെങ്കിലും ഗോളായില്ല. സമനിലയോടെ എ ഗ്രൂപ്പിൽ കേരളത്തിന് എട്ട് പോയിന്റായി. മൂന്നാം സ്ഥാനത്തുള്ള കേരളം നേരത്തേ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. എ ഗ്രൂപ്പിൽ 10 പോയിന്റുമായി സർവീസസാണ് ഒന്നാം സ്ഥാനത്തുള്ളത്.