89–ാം മിനിറ്റിലെ ഗോളിൽ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ബെംഗളൂരു എഫ്സി; മഞ്ഞപ്പട വീണ്ടും പരാജയ വഴിയിൽ
Mail This Article
ബെംഗളൂരു∙ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഒരു വർഷം മുൻപേറ്റ മുറിവിൽ വിജയത്തിന്റെ ലേപനം പുരട്ടി എല്ലാം മറക്കാമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നം സ്വപ്നമായിത്തന്നെ അവശേഷിച്ചു. സുനിൽ ഛേത്രി നേടിയ വിവാദഗോളിനു പിന്നാലെ പരിശീലകൻ ഇവാൻ വുക്കമനോവിച്ച് ടീമിനെ തിരികെ വിളിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു ശേഷം ഇതാദ്യമായി ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ പന്തു തട്ടാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെംഗളൂരു എഫ്സി ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. 89–ാം മിനിറ്റിൽ ജാവി ഹെർണാണ്ടസ് നേടിയ ഏക ഗോളിലാണ് ബെംഗളൂരുവിന്റെ വിജയം.
മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയ്ക്കു സംഭവിച്ച പിഴവിൽ നിന്നായിരുന്നു ജാവി ഹെർണാണ്ടസിന്റെ ഗോൾ. വലതുപാർശ്വത്തിൽനിന്ന് ബോക്സിലേക്ക് പന്തെത്തുന്ന സമയത്ത് ജാവി ഹെർണാണ്ടസിനെ മാർക്ക് ചെയ്യാൻ ബ്ലാസ്റ്റേഴ്സ് നിരയിൽ ആരുമുണ്ടായിരുന്നില്ല. ബോക്സിന്റെ വിളുമ്പിൽനിന്നും ഹെർണാണ്ടസിന്റെ വലംകാൽ ഷോട്ട് നിലംപറ്റെ നീങ്ങി ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പറിന്റെ നീട്ടിയ കൈകളും കടന്ന് വലയിൽ കയറി.
ഈ സീസണിലെ അഞ്ചാമത്തെ ജയമാണ് ബെംഗളൂരു എഫ്‍സി കുറിച്ചത്. മറുവശത്ത് മൂന്നു തുടർതോൽവികൾക്കു ശേഷം കഴിഞ്ഞ മത്സരത്തിൽ വിജയവഴിയിൽ തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്സ്, വീണ്ടും തോൽവിയിലേക്കു പതിച്ചു. 17 മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ബെംഗളൂരു 18 കളികളിൽനിന്നും 21 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് കയറി.