പെൻഷൻ മുടങ്ങി, കുടുംബത്തിനു ചെലവിന് കൊടുക്കാനില്ല: കൗൺസിലിനെതിരെ സതീവൻ ബാലൻ
Mail This Article
ഇറ്റാനഗർ ∙ പെൻഷൻ തുക മുടങ്ങിയതോടെ സംസ്ഥാന സ്പോർട്സ് കൗൺസിലിനെതിരെ വിമർശനമുന്നയിച്ച് കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകൻ സതീവൻ ബാലന്റെ ഫെയ്സ്ബുക് പോസ്റ്റ്. ‘കഴിഞ്ഞ 25 വർഷത്തിലധികമായി കേരളത്തിനും ഇന്ത്യയ്ക്കും വേണ്ടി ജോലി ചെയ്യുന്നു. ഒട്ടേറെ നേട്ടങ്ങളും നേടിക്കൊടുത്തു. എന്നാൽ ഇന്ന് പെൻഷൻ ലഭിക്കാത്ത സ്ഥിതിയാണ്.
കഴിഞ്ഞ മാസത്തെ പെൻഷൻ ഇതുവരെ കിട്ടിയിട്ടില്ല. സർവീസിൽ നിന്നു പിരിഞ്ഞാൽ ആനുകൂല്യങ്ങൾ നൽകാത്ത ഏക സ്ഥാപനമാണ് കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ. കേരളത്തിന് മികച്ച നേട്ടങ്ങൾ ഉണ്ടാക്കിക്കൊടുത്ത കായിക താരങ്ങളെ വാർത്തെടുക്കുന്ന പരിശീലകർക്ക് ആനുകൂല്യങ്ങളും ശമ്പളവും പെൻഷനും നൽകാൻ മാത്രം കാശില്ല.
സന്തോഷ് ട്രോഫി കേരളത്തിൽ കൊണ്ടുവരാൻ അരുണാചലിലെ തണുപ്പിലും മഴയത്തും മല്ലടിക്കുമ്പോൾ നാട്ടിൽ കുടുംബത്തിനു ചെലവിന് കൊടുക്കാൻ സാധിക്കുന്നില്ല– സതീവൻ ബാലൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 1999ൽ സ്പോർട്സ് കൗൺസിലിൽ പരിശീലകനായി ചേർന്ന സതീവൻ ബാലൻ 2021 ഏപ്രിലിൽ ടെക്നിക്കൽ ഓഫിസർ തസ്തികയിലാണ് വിരമിച്ചത്.