ആർസനലിന് വിജയം; വീണ്ടും ഒന്നാമത്
Mail This Article
ലണ്ടൻ ∙ സീസണിന്റെ പാതിക്കാലത്തു നഷ്ടമായ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ആർസനൽ തിരികെപ്പിടിച്ചു.
ബ്രെന്റ്ഫഡിനെ 2–1നു തോൽപിച്ച മത്സരത്തോടെയാണ് താൽക്കാലികമായി ആർസനൽ ഒന്നാമത് എത്തിയത്. ആർസനലിന്റെ തുടർച്ചയായ 8–ാം വിജയമാണിത്. ഡെക്ലാൻ റൈസ് (19), കായ് ഹാവേട്സ് (86) എന്നിവരാണ് ആർസനലിന്റെ ഗോളുകൾ നേടിയത്.
28 കളിയിൽ ആർസനലിന് 64 പോയിന്റായി. ലിവർപൂൾ (27 കളിയിൽ 63), മാഞ്ചസ്റ്റർ സിറ്റി (27 കളിയിൽ 62) എന്നിവർ പിന്നിലുണ്ട്. ലിവർപൂൾ – മാൻ. സിറ്റി മത്സരം സമനിലയായാൽ ഗോൾവ്യത്യാസക്കണക്കിൽ ആർസനലിന് ഒന്നാം സ്ഥാനത്തു തുടരാം.
പട്ടികയിൽ 6–ാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് 2–0ന് എവർട്ടണെ തോൽപിച്ചു. ബ്രൂണോ ഫെർണാണ്ടസ് (12–ാം മിനിറ്റ്), മാർക്കസ് റാഷ്ഫഡ് (36) എന്നിവരുടെ പെനൽറ്റി ഗോളുകളാണ് ‘ചുവന്ന ചെകുത്താന്മാരെ’ വിജയിപ്പിച്ചത്. വോൾവർഹാംപ്ടൻ 2–1ന് ഫുൾഹാമിനെ തോൽപിച്ചു. ബോൺമത്ത് – ഷെഫീൽഡ് മത്സരം 2–2 സമനിലയായി. ക്രിസ്റ്റൽ പാലസും ലൂട്ടണും 1–1 സമനിലയിൽ പിരിഞ്ഞു.