ലിവർപൂൾ –1, മാഞ്ചസ്റ്റർ സിറ്റി –1; ആർസനൽ ഒന്നാം സ്ഥാനത്തു തുടരും
Mail This Article
ലിവർപൂൾ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് ലിവർപൂൾ (1–1). സ്വന്തം മൈതാനമായ ആൻഫീൽഡിൽ ആദ്യപകുതിയിൽ വഴങ്ങിയ ഗോൾ രണ്ടാം പകുതിയിൽ തിരിച്ചടിച്ചാണ് ലിവർപൂൾ വിജയത്തോളം വിലയുള്ള സമനില പിടിച്ചുവാങ്ങിയത്.
പോയിന്റ് പട്ടികയിലെ മുൻനിരക്കാരായ ലിവർപൂളും സിറ്റിയും പോയിന്റ് പങ്കുവച്ചു പിരിഞ്ഞതോടെ, കഴിഞ്ഞ ദിവസം ബ്രെന്റ്ഫഡിനെ 2–1നു തോൽപിച്ച ആർസനൽ ഈയാഴ്ച ഒന്നാം സ്ഥാനം ഉറപ്പിച്ചു.
10 മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ, ആർസനലും സിറ്റിയും ലിവർപൂളും ഉൾപ്പെടുന്ന ത്രികോണ കിരീടപ്പോരാട്ടത്തിനാണ് ഇതോടെ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ അരങ്ങുണരുന്നത്.
23–ാം മിനിറ്റിൽ ജോൺ സ്റ്റോൺസിന്റെ ഗോളിൽ മാഞ്ചസ്റ്റർ സിറ്റി ലീഡ് നേടി. എന്നാൽ, രണ്ടാം പകുതിയിൽ തകർപ്പൻ കളി കാഴ്ചവച്ച ലിവർപൂളിന് 50–ാം മിനിറ്റിലൊരു പെനൽറ്റി വീണു കിട്ടി. സ്പോട്ട് കിക്ക് ലക്ഷ്യത്തിലെത്തിച്ച് അർജന്റീനതാരം അലക്സിസ് മക്കാലിസ്റ്റർ ലിവർപൂളിനെ രക്ഷിച്ചു (1–1).
പോയിന്റ് പട്ടികയിൽ ആർസനലിനും ലിവർപൂളിനും 64 പോയിന്റ് വീതമാണെങ്കിലും ഗോൾവ്യത്യാസത്തിലാണ് പീരങ്കിപ്പട ഒന്നാമതു നിൽക്കുന്നത്.
ലിവർപൂളിനു പിന്നിൽ മൂന്നാമതാണ്, കഴിഞ്ഞ വർഷത്തെ ചാംപ്യന്മാരായ മാൻ. സിറ്റി; 63 പോയിന്റ്.
മാഞ്ചസ്റ്റർ സിറ്റിക്കെതിരെ അടുത്ത കാലത്ത് ഞങ്ങൾ കളിച്ച ഏറ്റവും മികച്ച ഫുട്ബോളാണ് രണ്ടാം പകുതിയിൽ അരങ്ങേറിയത് – മത്സരശേഷം ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ് പറഞ്ഞു. പാസിങ് ഗെയിമിന്റെ ഉസ്താദായ പെപ് ഗ്വാർഡിയോളയുടെ ടീമിനെതിരെ പന്തവകാശത്തിൽ ഉൾപ്പെടെ ആധിപത്യം നേടാൻ ലിവർപൂളിനു സാധിച്ചു.