ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഏപ്രിൽ 9 മുതൽ
Mail This Article
ന്യോൺ (സ്വിറ്റ്സർലൻഡ്) ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ സൂപ്പർ പോരാട്ടങ്ങൾ. നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി 14 തവണ ജേതാക്കളായിട്ടുള്ള റയൽ മഡ്രിഡിനെ നേരിടും. ആദ്യ കിരീടം ലക്ഷ്യമിടുന്ന ഫ്രഞ്ച് ക്ലബ് പിഎസ്ജിക്ക് സ്പാനിഷ് ക്ലബ് ബാർസിലോനയാണ് എതിരാളികൾ.
മറ്റൊരു സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കോ മഡ്രിഡ് ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടുമായി മത്സരിക്കും. ഇംഗ്ലിഷ് ക്ലബ് ആർസനലും ജർമൻ ക്ലബ് ബയൺ മ്യൂണിക്കും തമ്മിലാണ് മറ്റൊരു സൂപ്പർ പോരാട്ടം. ഏപ്രിൽ 9 മുതലാണ് മത്സരങ്ങൾ. ജൂൺ ഒന്നിന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ.
കഴിഞ്ഞ സീസൺ സെമിഫൈനലിൽ റയലിനെ ഇരുപാദങ്ങളിലുമായി 5–1നു തോൽപിച്ചാണ് സിറ്റി ഫൈനലിലേക്കു മുന്നേറിയത്. ‘റയലുമായി കളിക്കുക എന്നത് ഞങ്ങൾക്ക് പാരമ്പര്യമായി കിട്ടിയ ഒരു ആചാരം പോലെ തോന്നുന്നു..’’– യുവേഫ ആസ്ഥാനമായ ന്യോണിൽ നടന്ന നറുക്കെടുപ്പിനു പിന്നാലെ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ പ്രതികരണം. 14 വർഷങ്ങൾക്കു ശേഷം ക്വാർട്ടർ ഫൈനൽ കളിക്കുന്ന ആർസനലിന് എതിരാളികളായി കിട്ടിയത് മുൻപ് നാലു തവണ നോക്കൗട്ട് റൗണ്ടുകളിൽ തങ്ങളെ തോൽപിച്ച ബയണിനെ. ഏറ്റവും ഒടുവിൽ 2017ൽ പ്രീക്വാർട്ടറിൽ കണ്ടുമുട്ടിയപ്പോൾ ഇരുപാദങ്ങളിലുമായി 10–2 എന്ന സ്കോറിനായിരുന്നു ബയണിന്റെ വമ്പൻ ജയം.
ക്വാർട്ടർ ഫൈനൽ ജയിച്ചു കയറിയാൽ പ്രിമിയർ ലീഗ് എതിരാളികളായ സിറ്റിയും ആർസനലും സെമിഫൈനലിൽ ഏറ്റുമുട്ടും.
യൂറോപ്പ ലീഗ്:
ലിവർപൂളിന്
അറ്റലാന്റ
ന്യോൺ ∙ യൂറോപ്പ ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ ലിവർപൂളിന് എതിരാളികൾ ഇറ്റാലിയൻ ക്ലബ് അറ്റലാന്റ. എസി മിലാൻ–എഎസ് റോമ, ബെൻഫിക്ക–മാഴ്സൈ, ബയർ ലെവർക്യുസൻ–വെസ്റ്റ് ഹാം എന്നിവയാണ് മറ്റു മത്സരങ്ങൾ. ഏപ്രിൽ 18ന് മത്സരങ്ങൾക്കു തുടക്കമാകും. മേയ് 22ന് ഡബ്ലിനിലാണ് ഫൈനൽ.