നിധി നഷ്ടം! ഗോകുലത്തിനു വൻ തിരിച്ചടി
Mail This Article
കോഴിക്കോട്∙ ഐ ലീഗിലെ കരുത്തരുടെ പോരാട്ടത്തിൽ ഗോകുലം കേരളയ്ക്കു തോൽവി. ഇതോടെ ഗോകുലത്തിന്റെ ഐ ലീഗ് കിരീടപ്രതീക്ഷകൾക്കു മങ്ങലേറ്റു. ഇന്നലെ സ്വന്തം മൈതാനത്തു നടന്ന നിർണായക മത്സരത്തിൽ ശ്രീനിധി ഡെക്കാൻ എഫ്സിയോട് 2–1നാണ് ഗോകുലം പരാജയപ്പെട്ടത്. ബ്രസീലിയൻ താരം വില്യം ആൽവസ് ഡി ഒലിവിയേരയാണ് ശ്രീനിധിയുടെ 2 ഗോളുകളും നേടിയത്.
ഗോകുലത്തിനായി നിക്കോളാ സ്റ്റൊജാനോവിക്കാണ് 44-ാം മിനിറ്റിൽ ആദ്യഗോൾ നേടിയത്. കെ. അഭിജിത് നൽകിയ പാസ് ഡിഫൻഡറുടെയും ഗോളിയുടെയും കാലുകൾക്കിടയിലൂടെ നിക്കോളാ വലയിലെത്തിക്കുകയായിരുന്നു.
പക്ഷേ ശ്രീനിധി 48-ാം മിനിറ്റിൽ തിരിച്ചടിച്ചു. ആർ.ഹസ്സനെ വീഴ്ത്തിയ ഗോകുലത്തിന്റെ നിധിൻ കൃഷ്ണയ്ക്കു മഞ്ഞക്കാർഡ്. തുടർന്ന് വൻലൽറെംഡിക്കയെടുത്ത ഫ്രീകിക്ക് ഒലിവിയേര വലയിലെത്തിച്ചു. 71-ാം മിനിറ്റിൽ ഒലിവിയേര രണ്ടാം ഗോൾ നേടി (2–1).
82-ാം മിനിറ്റിൽ അമിനൗ ബൗബയ്ക്കു പകരക്കാരനായി മുൻ ഇന്ത്യൻതാരം അനസ് എടത്തൊടികയെ ഗോകുലം കളത്തിലിറക്കി. ഗോകുലത്തിൽ എത്തിയശേഷമുള്ള അനസിന്റെ ആദ്യമത്സരമായിരുന്നു ഇന്നലത്തേത്.
തോൽവിയോടെ 36 പോയിന്റുമായി ഗോകുലം നാലാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. ശ്രീനിധി 39 പോയിന്റുമായി രണ്ടാംസ്ഥാനത്തെത്തി. 20 മത്സരങ്ങളിൽനിന്ന് 47 പോയിന്റുമായി മുഹമ്മദൻസാണ് ഒന്നാംസ്ഥാനത്ത്.