ഗോളില്ല! അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്കു സമനില മാത്രം
Mail This Article
അബ്ഹ (സൗദി അറേബ്യ) ∙ ഏഷ്യൻ കപ്പിലെ ‘ഗോൾ ക്ഷാമം’ ഇന്ത്യയെ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല! തുടർച്ചയായ അഞ്ചാം രാജ്യാന്തര മത്സരത്തിലും ഗോളടിക്കാൻ മറന്ന ഇന്ത്യയ്ക്കു ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരെ സമനില (0–0). ഫിഫ റാങ്കിങ്ങിൽ പിന്നിലുള്ള എതിരാളികൾക്കെതിരെയുള്ള സമനില ഇന്ത്യയ്ക്കു വലിയ തിരിച്ചടിയാണ്.
ഏഷ്യൻ കപ്പിലെ 3 മത്സരങ്ങളും തോറ്റ ഇന്ത്യയ്ക്ക് ഒരു ഗോൾ പോലും നേടാനായിരുന്നില്ല. ആ ക്ഷീണം വിട്ടൊഴിഞ്ഞിട്ടില്ല എന്നു തെളിയിക്കുന്നതായി ഇന്നലെ സമുദ്രനിരപ്പിൽ നിന്ന് 2270 മീറ്റർ ഉയരത്തിലുള്ള സൗദി നഗരമായ അബ്‌ഹയിൽ നടന്ന മത്സരം.
മുൻ ബെംഗളൂരു എഫ്സി കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ് പരിശീലിപ്പിക്കുന്ന അഫ്ഗാനിസ്ഥാൻ തങ്ങളുടെ ശാരീരികമായ ആനുകൂല്യം മുതലെടുക്കാൻ ശ്രമിച്ചപ്പോൾ പാസിങ് ഗെയിമിലൂടെയായിരുന്നു ഇന്ത്യയുടെ മുന്നേറ്റങ്ങൾ. ഇതാദ്യമായി ആദ്യ ഇലവനിൽ ഇടംകിട്ടിയ വിക്രം പ്രതാപ് സിങ് നിരന്തരം അഫ്ഗാൻ പ്രതിരോധത്തിന് അസ്വസ്ഥത സൃഷ്ടിച്ചെങ്കിലും ഗോൾ നേടാനായില്ല.
സമ്മർദഘട്ടങ്ങളിൽ ഒരു ഗോളിനായി ഇന്ത്യ ഉറ്റു നോക്കാറുള്ള ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ബൂട്ടുകൾ ‘നിശ്ശബ്ദമായതും’ ഇന്ത്യയ്ക്കു തിരിച്ചടിയായി. 90 മിനിറ്റ് കളിച്ചിട്ടും ഛേത്രിക്കും അഫ്ഗാൻ ഗോൾവലയിൽ പന്തെത്തിക്കാനായില്ല. ഇന്ത്യയുടെ അടുത്ത മത്സരം 26ന് അഫ്ഗാനിസ്ഥാനെതിരെ തന്നെ ഗുവാഹത്തിയിൽ.