അകക്കണ്ണ് തുറപ്പിച്ച് ആശാൻ!
Mail This Article
കൊച്ചി ∙ കണ്ണു മൂടിക്കെട്ടി ഇവാൻ വുക്കോമനോവിച്ച് ആ പെനൽറ്റി കിക്കെടുത്തു; സെർബിയയുടെ മുൻ രാജ്യാന്തര ഫുട്ബോൾ താരത്തിനു പക്ഷേ, ഗോൾകീപ്പറെ മറികടക്കാനായില്ല! കടവന്ത്ര ഗാമ ഫുട്ബോൾ ഗ്രൗണ്ടിൽ ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കോച്ച് മാത്രമായിരുന്നില്ല താരം. ബാങ്കോക്കിൽ നടക്കുന്ന രാജ്യാന്തര ബ്ലൈൻഡ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീം അംഗങ്ങളും അവിടെ താരത്തിളക്കത്തോടെ നിന്നു.
ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനെത്തിയ ഇവാൻ കളിക്കാർക്കു ഹസ്തദാനം നൽകി, അവരോടു സംസാരിച്ചു. പിന്നീടാണു ബ്ലൈൻഡ് ഫോൾഡ് അണിഞ്ഞു കാഴ്ച മറച്ച് അവർക്കൊപ്പം പന്തു തട്ടിയത്. കളിക്കാർ ഇരുടീമായി തിരിഞ്ഞു കളിച്ചപ്പോൾ ആസ്വാദകനായി കണ്ടു നിന്നു. ടീമിനെ പ്രഖ്യാപിച്ചു. ഒടുവിൽ ദേശീയ ബ്ലൈൻഡ് ഫുട്ബോൾ ടീമിന്റെ ജഴ്സിയണിഞ്ഞ് അവർക്കൊപ്പം ഫോട്ടോ. മടങ്ങും മുൻപ് അദ്ദേഹം അവരോടു പറഞ്ഞു: ‘‘എനിക്കിത് പുതിയ അനുഭവമാണ്. പരിമിതികളെല്ലാം മറികടന്നാണ് നിങ്ങൾ കളിക്കുന്നത്. വേഗമുണ്ട്, കൃത്യതയും. നിങ്ങൾ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിൽ ഈ രാജ്യം അഭിമാനിക്കുന്നു, ഞങ്ങളും. മികച്ച പ്രകടനം സാധ്യമാകട്ടെ.’’
ടീം 24നു തായ്‌ലൻഡിലേക്കു തിരിക്കും. 26ന് ആദ്യ മത്സരത്തിൽ ഇന്ത്യ ജപ്പാനെ നേരിടും. തായ്‌ലൻഡും ലാവോസുമാണ് മറ്റ് എതിരാളികൾ. ആലപ്പുഴ സ്വദേശിയായ ഗോൾകീപ്പർ പി.എസ്.സുജിത്താണ് ടീമിലെ ഏക മലയാളി. എറണാകുളം സ്വദേശി എ.ബൈജുവാണു ടൂർണമെന്റിലെ ഏക മലയാളി റഫറി.