ADVERTISEMENT

കിലോമീറ്ററുകൾ ദൈർഘ്യമുള്ള മാരത്തൺ ഓട്ടത്തിന്റെ അവസാന നൂറുമീറ്റർ കടന്നു കിട്ടാൻ കഷ്ടപ്പെട്ടോടുന്ന അത്‍ലീറ്റിന്റെ അവസ്ഥയിലാണു കേരള ബ്ലാസ്റ്റേഴ്സ്. വെറും രണ്ടു കളി കൂടി ജയിച്ചാൽ ലഭിക്കുന്ന 6 പോയിന്റിലൂടെ ടേബിൾ ടോപ്പറായി പ്ലേ ഓഫിലെത്താൻ കഴിയുന്ന അവസ്ഥയിലായിരുന്നു, 7 മത്സരങ്ങൾക്കു മുൻപു വരെ ബ്ല‍ാസ്റ്റേഴ്സ്. അന്നത്തെ 26 പോയിന്റ് ഇന്നത്തെ 30 പോയിന്റിലെത്തിക്കാനുള്ള തത്രപ്പാടിനിടെ കടന്നുപോയ 7 കളികളിൽ ഒരു ജയവും ഒരു സമനിലയുമൊഴിച്ചാൽ അഞ്ചിലും തോൽവി. ബാക്കിനിൽക്കുന്ന 3 കളികളിൽ ഒരേയൊരു സമനില കൊണ്ടുപോലും പ്ലേഓഫ് ഉറപ്പിക്കാനാകും എന്നതിനാൽ ടീം ക്യാംപിൽ ആശങ്കയില്ല. 

  ഒരു പോയിന്റ് പോലും നേടാനായില്ലെങ്കിലും കുഴപ്പമില്ല, ശേഷിക്കുന്ന കളികളിൽ പഞ്ചാബ്, ചെന്നൈയിൻ ടീമുകൾ പോയിന്റ് നഷ്ടപ്പെടുത്തിയാലും മതി. ബാക്കിയുള്ള കളികളുടെ എണ്ണവും പോയിന്റ് നിലയും നോക്കിയാൽ പഞ്ചാബ്, ചെന്നൈയിൻ ടീമുകളിൽ നിന്നു മാത്രമേ ബ്ലാസ്റ്റേഴ്സിനു വിദൂരമായെങ്കിലും വെല്ലുവിളിക്കു സാധ്യതയുള്ളൂ.

ഭീഷണി സാങ്കേതികം 

സാങ്കേതികമായി നോക്കിയാൽ പോയിന്റ് പട്ടികയിലെ അഞ്ചാം സ്ഥാനക്കാരായി ബ്ലാസ്റ്റേഴ്സ് ഏറക്കുറെ പ്ലേഓഫിലെത്തിക്കഴിഞ്ഞു. ആറാം സ്ഥാനത്തുള്ള ബെംഗളൂരുവിന് 22 പോയിന്റും 7,8,9 സ്ഥാനങ്ങളിലുള്ള ബെംഗളൂരു, ജംഷഡ്പുർ, പഞ്ചാബ് എഫ്സി ടീമുകൾക്ക് 21 പോയിന്റ് വീതവ‍ുമാണുള്ളത്. ഇതിൽ പഞ്ചാബിനും ചെന്നൈയിനും മാത്രമേ 3 കളികൾ ശേഷിക്കുന്നുള്ളൂ. 

  മൂന്നു കളിയും ജയിച്ചാൽ ഇവർക്കു പരമാവധി 9 പോയിന്റ് കൂടി നേടി ബ്ലാസ്റ്റേഴ്സിനൊപ്പമെത്താം. എന്നാൽ, ഒരു സമനില കൊണ്ടുപോലും ബ്ലാസ്റ്റേഴ്സിന് ഇവരെ നിസ്സാരമായി മറികടക്കാം. ബെംഗളൂരുവിനും ജംഷഡ്പുരിനും ശേഷിക്കുന്നത് 2 കളികൾ കൂടി മാത്രം. പരമാവധി നേടാനാകുന്നത് 6 പോയിന്റ്. ബ്ലാസ്റ്റേഴ്സിന്റെ 30 പോയിന്റിനെ മറികടക്കാനോ ഒപ്പമെത്താനോ ഇവർക്കു കഴിയില്ല എന്നതിനാൽ ആറാം സ്ഥാനക്കാരായി പ്ലേഓഫിൽ കടക്കാനാകും ഇവരുടെ മത്സരം. 

ടോപ് ഫോർ പ്രതീക്ഷ


അടുത്ത 3 മത്സരങ്ങള‍ും ബ്ലാസ്റ്റേഴ്സ് ജയിച്ചാൽ പരമാവധി 39 പോയിന്റുമായി ആദ്യ നാലു ടീമുകളിലൊന്നാകാനും സാധ്യതയുണ്ട്. ഈസ്റ്റ് ബംഗാളുമായി നടക്കാനിരിക്കുന്നതു ഹോം മാച്ച് ആയതിനാൽ വിജയം തന്നെയാണ് ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നത്. 

 നോർത്ത് ഈസ്റ്റ്, തുടർ തോൽവികളിൽ ഉഴറുന്ന ഹൈദരാബാദ് എഫ്സി എന്നിവരാണ് എവേ മത്സരങ്ങളിൽ എതിരാളികൾ എന്നതും പ്ലേഓഫ് സാധ്യത അനായാസമാക്കുന്നു. 

ചെന്നൈയിന് ജയം

കൊൽക്കത്ത ∙ ഐഎസ്എൽ ഫുട്ബോളിലെ സൂപ്പർ പോരാട്ടത്തിൽ മോഹൻ ബഗാനെ 2–3ന് തോൽപിച്ച് ചെന്നൈയിൻ എഫ്സി. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ, ഇർഫാൻ യദ്‌വാദാണ് (90+7) ചെന്നൈയുടെ വിജയഗോൾ നേടിയത്. ജയത്തോടെ പ്ലേഓഫ് സാധ്യത സജീവമായി നിലനിർത്താൻ ചെന്നൈയിന് സാധിച്ചു.

English Summary:

Kerala Blasters to qualify for ISL play offs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com