ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 121–ാം സ്ഥാനത്തേക്കു വീണു, പരിശീലകനായി സ്റ്റിമാച്ച് തുടരും
Mail This Article
ന്യൂഡൽഹി ∙ ഫിഫ റാങ്കിങ്ങിൽ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം 4 സ്ഥാനങ്ങൾ കൂടി താഴോട്ട്. പുതിയ റാങ്കിങ്ങിൽ 121–ാം സ്ഥാനത്താണ് ഇന്ത്യ. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരെ സമനിലയും തോൽവിയും വഴങ്ങിയതാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്. ഏഷ്യൻ കപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ ഇന്ത്യ കഴിഞ്ഞ മാസം 117–ാം സ്ഥാനത്തേക്ക് ഇറങ്ങിയിരുന്നു. ലോക ചാംപ്യൻമാരായ അർജന്റീന തന്നെയാണ് റാങ്കിങ്ങിൽ ഒന്നാമത്. ഫ്രാൻസ്, ഇംഗ്ലണ്ട്, ബൽജിയം, ബ്രസീൽ എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ശേഷിക്കുന്ന 2 മത്സരങ്ങളിലും ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഇഗോർ സ്റ്റിമാച് തന്നെ പരിശീലിപ്പിക്കും. അഫ്ഗാനിസ്ഥാനെതിരെ തോൽവിക്കു പിന്നാലെ സ്റ്റിമാച്ചിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നെങ്കിലും തിടുക്കത്തിൽ നടപടിവേണ്ട എന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) തീരുമാനിക്കുകയായിരുന്നു. നേരത്തേ ഐ.എം.വിജയൻ അധ്യക്ഷനായ എഐഎഫ്എഫ് ടെക്നിക്കൽ കമ്മിറ്റി സ്റ്റിമാച്ചിനെ നീക്കുന്നതുൾപ്പെടെ പരിഗണിക്കാമെന്ന് നിർദേശം വച്ചിരുന്നു. ജൂൺ 6ന് കൊൽക്കത്തയിലാണ് കുവൈത്തുമായി ഇന്ത്യയുടെ മത്സരം. ജൂൺ 11ന് എവേ മത്സരത്തിൽ ഖത്തറിനെ നേരിടും. ഏഷ്യൻ യോഗ്യതയുടെ മൂന്നാം റൗണ്ടിൽ കടക്കാൻ ഇന്ത്യയ്ക്ക് ഇപ്പോഴും സാധ്യതയുണ്ട്.