ബ്ലാസ്റ്റേഴ്സ് വീണ്ടും തോറ്റു; നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വിജയം ഏകപക്ഷീയമായ 2 ഗോളുകൾക്ക്
Mail This Article
ഗുവാഹത്തി ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിനു വീണ്ടും തോൽവി. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരിൽപ്പെട്ട നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. നോർത്ത് ഈസ്റ്റിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ നെസ്തോർ ആൽബിയാക് (84–ാം മിനിറ്റ്), മലയാളി താരം എം.എസ്. ജിതിൻ (90+1) എന്നിവരാണ് ആതിഥേയർക്കായി ഗോൾ നേടിയത്.
വിജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 20 കളികളിൽനിന്ന് 23 പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. ഇതിനകം പ്ലേഓഫ് ഉറപ്പിച്ച ബ്ലാസ്റ്റേഴ്സ് 21 കളികളിൽനിന്ന് 30 പോയിന്റുമായി അഞ്ചാം സ്ഥാനത്തു തുടരുന്നു. ആദ്യത്തെ ആറു സ്ഥാനക്കാരാണ് പ്ലേ ഓഫിൽ കടക്കുക. ഏറ്റവും ഒടുവിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ നാലാം തോൽവിയാണിത്.
പ്ലേഓഫ് ഉറപ്പിച്ചതിനാൽ പ്രധാന താരങ്ങളെ കൂടാതെയാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. പരുക്കും സസ്പെൻഷനും നിമിത്തവും താരങ്ങൾ പുറത്തിരുന്നു. പോയിന്റ് പട്ടികയിലെ ഏറ്റവും അവസാനക്കാരായ ഹൈദരാബാദ് എഫ്സിക്കെതിരെ അവരുടെ തട്ടകത്തിലാണു ബ്ലാസ്റ്റേഴ്സിന്റെ ഈ സീസൺ ലീഗിലെ അവസാന മത്സരം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഇനി രണ്ടു മത്സരം കൂടി ബാക്കിയുണ്ട്.