പകരക്കാർ തിളങ്ങിയപ്പോൾ ബാർസയ്ക്കു വിജയം (3–2); ആദ്യ പാദം ജയിച്ച് അത്ലറ്റിക്കോയും (2-1)
Mail This Article
പാരിസ് ∙ പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാർക് ദെ പ്രിൻസസ് സ്റ്റേഡിയം. പിഎസ്ജി 2–1നു ലീഡ് എടുത്തു നിൽക്കെ ബാർസിലോന കോച്ച് ചാവി നടത്തിയതു 2 സബ്സ്റ്റിറ്റ്യൂഷനുകൾ. മൈതാനത്തിറങ്ങി ആദ്യമിനിറ്റിൽതന്നെ മിഡ്ഫീൽഡർ പെദ്രിയുടെ സൂപ്പർ അസിസ്റ്റ്.
റാഫിഞ്ഞയുടെ ഗോളിൽ ബാർസ പിഎസ്ജിക്ക് ഒപ്പം (2–2). പിന്നീട് സെൻട്രൽ ഡിഫൻഡർ ആന്ദ്രേയാസ് ക്രിസ്റ്റൻസന്റെ ഊഴമായിരുന്നു. ക്രിസ്റ്റൻസൻ ഇറങ്ങി രണ്ടാം മിനിറ്റിൽ ബാർസയുടെ വിജയഗോൾ പിറന്നു. 2–1നു പിന്നിൽനിന്ന ബാർസിലോനയ്ക്കു 3–2 വിജയം. യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ എതിരാളികളുടെ ഗ്രൗണ്ടിൽ ആദ്യപാദം വിജയിച്ച ബാർസിലോന ആത്മവിശ്വാസത്തോടെ സ്വന്തം ഗ്രൗണ്ടിലെ രണ്ടാം പാദത്തിലേക്ക് പദമൂന്നി. മറ്റൊരു സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കോ മഡ്രിഡ് 2–1ന് ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെയും തോൽപിച്ചു.
പാരിസ് വിജയം
ബാർസിലോനയുടെ മുൻ കോച്ച് ലൂയി എൻറിക്വെ പരിശീലിപ്പിക്കുന്ന പിഎസ്ജിക്കെതിരെ നേടിയ എവേ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും ബാർസ പരിശീലകൻ ചാവിക്ക് അവകാശപ്പെട്ടതാണ്. ചാവിയുടെ രണ്ടു ടാക്ടിക്കൽ സബ്സ്റ്റിസ്റ്റ്യൂഷനുകളാണ് കളി മാറ്റിയത്. ബ്രസീൽ താരം റാഫിഞ്ഞ 37–ാം മിനിറ്റിൽ നേടിയ ഗോളിൽ ബാർസയായിരുന്നു ആദ്യം ലീഡ് എടുത്തത്. എന്നാൽ, 48–ാം മിനിറ്റിൽ മുൻ ബാർസ താരം ഉസ്മാൻ ഡെംബലെയിലൂടെ പിഎസ്ജി ഒരു ഗോൾ മടക്കി. 2 മിനിറ്റിനകം വിറ്റിഞ്ഞയുടെ ഗോളിൽ പിഎസ്ജി ലീഡ് നേടുകയും ചെയ്തു.
പിഎസ്ജി ക്യാപ്റ്റൻ കിലിയൻ എംബപെയെ കാഴ്ചക്കാരനാക്കിയായിരുന്നു രണ്ടാം പകുതിയിൽ ബാർസയുടെ പിന്നീടുള്ള കുതിപ്പ്. പകരക്കാരനായി പെഡ്രി കളത്തിലിറങ്ങി ഒരു മിനിറ്റിനകം നൽകിയ അസിസ്റ്റിൽ റാഫിഞ്ഞ ബാർസയുടെ രണ്ടാം ഗോളിനുടമയായി. 62–ാം മിനിറ്റിലായിരുന്നു ഇത്. 77–ാം മിനിറ്റിൽ ഇൽകേ ഗുണ്ടോവാനിന്റെ കോർണർ കിക്കിനു ഗോളിലേക്കു തല വച്ച ആന്ദ്രേയാസ് ക്രിസ്റ്റൻസൻ പിഎസ്ജി ഗോളി ജിയാൻല്യൂജി ഡൊന്നാരുമ്മയെ കാഴ്ചക്കാരനാക്കി ബാർസയുടെ വിജയമാഘോഷിച്ചു. അടുത്ത ചൊവ്വാഴ്ചയാണ് ക്വാർട്ടർ ഫൈനൽ രണ്ടാംപാദം.
മഡ്രിഡ് വിജയം
ആദ്യപകുതിയിൽ റോഡ്രിഗോ ഡി പോൾ, സാമുവൽ ലിനോ എന്നിവർ നേടിയ ഗോളുകളിലാണ് ഡോർട്മുണ്ടിനെതിരെ അത്‌ലറ്റിക്കോ മഡ്രിഡ് വിജയം ഉറപ്പിച്ചത്. പകരക്കാരൻ സെബാസ്റ്റ്യൻ ഹാളറിന്റെ ഗോളിലൂടെ തിരിച്ചടിച്ച ഡോർട്മുണ്ട് ഫൈനൽ വിസിൽ വരെ അത്‌ലറ്റിക്കോയെ സമ്മർദത്തിലാക്കി കളത്തിലുണ്ടായിരുന്നു.
എന്നാൽ, ഡോർട്മുണ്ടിന്റെ ഗ്രൗണ്ടിൽ ചൊവ്വാഴ്ച നടക്കുന്ന രണ്ടാം പാദത്തിലേക്ക് ആവേശം ബാക്കിവച്ച് അത്‌ലറ്റിക്കോ വിജയവുമായി തിരിച്ചുകയറി. 2017നു ശേഷം ആദ്യമായാണ് അത്‌ലറ്റിക്കോ മഡ്രിഡ് ചാംപ്യൻസ് ലീഗ് സെമിഫൈനൽ സ്വപ്നം കാണുന്നത്.