ADVERTISEMENT

ലെവർക്യുസൻ ∙ 120 വർഷങ്ങൾക്കു ശേഷം ജർമനിയിലെ ലെവർക്യുസൻ നഗരത്തിൽ മഴ പെയ്തു; ആനന്ദത്തിന്റെ മഴ! കിരീടവരൾച്ചയുടെ ദീർഘകാലത്തിനു ശേഷം അവർക്കു രക്ഷകനായി അവതരിച്ചത് ഒരു സ്പെയിൻകാരൻ; സാബി അലോൻസോ. ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോളിൽ തോൽവിയറിയാതെ കിരീടമെന്ന നേട്ടം അലോൻസോ പരിശീലിപ്പിക്കുന്ന ബയേർ ലെവർക്യുസൻ ടീം ഇന്നലെ കൈവരിച്ചത് 5–0 ജയത്തോടെ ആഘോഷമായിട്ടു തന്നെ. സ്വന്തം മൈതാനമായ ബേയ് അരീനയിൽ വെർഡർ ബ്രെമനെ 5–0നു തോൽപിച്ചതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ലെവർക്യുസന് 16 പോയിന്റിന്റെ  ലീഡായി. 63 പോയിന്റുമായി രണ്ടാമതുള്ള ബയൺ മ്യൂണിക്കിന് ഇനിയുള്ള 5 മത്സരങ്ങൾ ജയിച്ചാലും ലെവർക്യുസനെ മറികടക്കാനാവില്ല. ബുന്ദസ്‌ലിഗയിൽ ലെവർക്യുസന്റെ ആദ്യ കിരീടനേട്ടമാണിത്. മുൻപ് 5 തവണ രണ്ടാം സ്ഥാനക്കാരും ആറു തവണ മൂന്നാം സ്ഥാനക്കാരുമായിട്ടുണ്ട് ജർമൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയേറിന്റെ ഉടമസ്ഥതയിൽ 1904ൽ സ്ഥാപിക്കപ്പെട്ട ക്ലബ്. 2002 ചാംപ്യൻസ് ലീഗ് ഫൈനലിൽ റയൽ മഡ്രിഡിനോടു പരാജയപ്പെട്ടതോടെ ഒരിക്കലും കിരീടം നേടാത്തവർ എന്ന അർഥത്തിൽ ‘നെവർക്യുസൻ’ എന്ന വിളിപ്പേരും ക്ലബ്ബിനു കിട്ടി.

മൂന്നു പതിറ്റാണ്ടു മുൻപ് 1993ൽ ജർമൻ സൂപ്പർ കപ്പ് നേടിയതാണ് ലെവർക്യുസന്റെ ഇതിനു മുൻപുള്ള കിരീടനേട്ടം. ബയൺ മ്യൂണിക്കിന്റെ 11 വർഷം നീണ്ട കിരീടത്തുടർച്ചയ്ക്കു വിരാമമിട്ടാണ് ലെവർക്യുസന്റെ ഇത്തവണത്തെ വിജയം.

വിജയങ്ങളുടെ ഭ്രമയുഗം

ലിവർപൂളിന്റെയും റയൽ മഡ്രിഡിന്റെയും ബയൺ മ്യൂണിക്കിന്റെയും സുവർണതാരങ്ങളിലൊരാളായിരുന്ന സാബി അലോൻസോ 2022 ഒക്ടോബറിൽ പരിശീലകനായതു മുതൽ ലെവർക്യുസന്റെ ഗ്രാഫ് കുത്തനെ മേൽപ്പോട്ടായിരുന്നു. ആദ്യ സീസണിൽ ക്ലബ്ബിനെ തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് രക്ഷിച്ച് ആറാം സ്ഥാനത്തെത്തിച്ച അലോൻസോ ഈ സീസണിൽ കാഴ്ച വച്ചത് മഹാദ്ഭുതം. എല്ലാ ചാംപ്യൻഷിപ്പുകളിലുമായി 43 മത്സരങ്ങൾ അപരാജിതരായി, ജർമൻ റെക്കോർഡ് സ്വന്തമാക്കി നിൽക്കുകയാണ് ലെവർക്യുസൻ ഇപ്പോൾ. യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യപാദത്തിൽ ഇംഗ്ലിഷ് ക്ലബ് വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ 2–0 ലീഡ് നേടി നിൽക്കുന്ന ലെവർക്യുസൻ അടുത്ത മാസം 25ന് ജർമൻ കപ്പ് ഫൈനലിൽ രണ്ടാം ഡിവിഷൻ ക്ലബ് കൈസർ‌സ്ലോട്ടനെ നേരിടുന്നുമുണ്ട്.

English Summary:

Bayer leverkusen wins bundesliga title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com