മുംബൈ സിറ്റിയെ 2–1 ന് തോൽപിച്ചു, ഐഎസ്എൽ ഷീൽഡ് ജേതാക്കളായി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്
Mail This Article
കൊൽക്കത്ത ∙ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിന്റെ ആത്മവിശ്വാസത്തണലിൽ, മുംബൈ സിറ്റി എഫ്സിയെ 2–1നു തോൽപിച്ച കൊൽക്കത്ത മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഐഎസ്എൽ ലീഗ് ഷീൽഡ് ജേതാക്കളായി. ലിസ്റ്റൻ കൊളാസോ (28), ജയ്സൺ കമ്മിങ്സ് (80) എന്നിവരാണു ബഗാന്റെ ഗോളുകൾ നേടിയത്. 89–ാം മിനിറ്റിൽ കളിയുടെ ഒഴുക്കിനെതിരെ ലാലിയൻസുവാല ഛാങ്തെ മുംബൈ സിറ്റി എഫ്സിയുടെ ഗോളും നേടി. മോഹൻ ബഗാന്റെ ആദ്യത്തെ ഷീൽഡ് വിജയമാണിത്. ഐഎസ്എലിലെ ലീഗ് റൗണ്ടിൽ ഒന്നാമതെത്തുന്ന ടീമിനുള്ളതാണ് ഷീൽഡ്. ബഗാന് 22 കളികളിൽ 48 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്സിക്ക് 47 പോയിന്റ്. ഈ ജയത്തോടെ എഎഫ്സി ചാംപ്യൻസ് ലീഗിനുള്ള ഇന്ത്യൻ പ്രതിനിധികളായും ബഗാൻ തിരഞ്ഞെടുക്കപ്പെട്ടു. സീസണിൽ ബഗാന്റെ രണ്ടാമത്തെ കിരീടമാണിത്. നേരത്തേ, ഡ്യുറാൻഡ് കപ്പും ബഗാൻ സ്വന്തമാക്കിയിരുന്നു.
ഐഎസ്എലിലെ ഏറ്റവും ആവേശമേറിയ പോരാട്ടമാണ് ഇന്നലെ സോൾട്ട് ലേക്കിൽ നടന്നത്. കളി തുടങ്ങും വരെ പോയിന്റ് പട്ടികയിൽ മുന്നിലുണ്ടായിരുന്ന മുംബൈയ്ക്കെതിരെ 28–ാം മിനിറ്റിൽ ലിസ്റ്റൻ കൊളാസോയുടെ ഗോളിൽ ബഗാൻ ലീഡ് നേടി. എങ്കിലും, രണ്ടാം പകുതിയുടെ ഇൻജറി ടൈം 10 മിനിറ്റ് ആയി പ്രഖ്യാപിച്ചതിനു പിന്നാലെ ബഗാൻ താരം ബ്രണ്ടൻ ഹാമിൽ ചുവപ്പുകാർഡ് കണ്ടു പുറത്തായി. 10 പേരിലേക്കു ചുരുങ്ങിയിട്ടും ശേഷിക്കുന്ന സമയമത്രയും മുംബൈയുടെ ആക്രമണങ്ങൾക്കു മുന്നിൽ ഗോൾ വഴങ്ങാതെ പിടിച്ചുനിന്നാണ് ബഗാൻ വിജയത്തിലെത്തിയത്.
ബ്ലാസ്റ്റേഴ്സ്–ഒഡീഷ പ്ലേഓഫ് ഭുവനേശ്വറിൽ
ഭുവനേശ്വർ ∙ ഐഎസ്എൽ സീസണിലെ കേരള ബ്ലാസ്റ്റേഴ്സ്–ഒഡീഷ എഫ്സി പ്ലേഓഫ് മത്സരം 19ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ. എഫ്സി ഗോവ–ചെന്നൈയിൻ എഫ്സി പ്ലേഓഫ് 20ന് ഗോവയിൽ നടക്കും. ഇരുപാദ സെമിഫൈനലുകൾ 23,24,28,29 തീയതികളിലാണ്. മേയ് 4നു നടക്കുന്ന ഫൈനലിന്റെ വേദി പ്രഖ്യാപിച്ചിട്ടില്ല.