ADVERTISEMENT

ലണ്ടൻ∙ ‘യൂറോപ്പ ലീഗ് ഫുട്ബോളിൽ നിന്നു പുറത്തായത് ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഞങ്ങളെ സഹായിക്കും’– രണ്ടാംപാദ ക്വാർട്ടറിൽ ഇറ്റാലിയൻ ക്ലബ് അറ്റലാന്റയെ 1–0ന് തോൽപിച്ചിട്ടും ഇരുപാദങ്ങളിലുമായി 3–1ന്റെ തോൽവി വഴങ്ങി, യൂറോപ്പ ലീഗിന്റെ സെമി കാണാതെ പുറത്തായ ലിവർപൂൾ ടീം മാനേജർ യൂർഗൻ ക്ലോപ്പിന്റെ ഈ വാക്കുകളിൽ ചാരി ആരാധകർക്ക് ആശ്വസിക്കാം. യുവേഫ ചാംപ്യൻസ് ലീഗിനു പിന്നാലെ യൂറോപ്പ ലീഗിലും സെമി ഫൈനൽ കളിക്കാൻ ഇംഗ്ലിഷ് ക്ലബ്ബുകൾ ഉണ്ടാകില്ല. ലിവർപൂളിനെ മറികടന്ന് അറ്റലാന്റ സെമി ഉറപ്പിച്ചപ്പോൾ, വെസ്റ്റ്ഹാമിനെ സമനിലയിൽ പിടിച്ച ബയർ ലെവർക്യുസനും (1–1, ഇരുപാദ സ്കോർ: 3–1) എസി മിലാനെ മറികടന്ന് റോമയും (2–1, ഇരുപാദ സ്കോർ: 3–1) ബെൻഫിക്കയെ പെനൽറ്റിയിൽ തോൽപിച്ച് മാഴ്സൈയും (ഇരുപാദ സ്കോർ: 2–2, പെനൽറ്റി: 4–2) സെമിയിൽ പ്രവേശിച്ചു. മേയ് 2ന് അർധരാത്രി 12.30നു നടക്കുന്ന സെമി പോരാട്ടങ്ങളിൽ മാഴ്സൈ അറ്റലാന്റയെയും റോമ ലെവർക്യുസനെയും നേരിടും.

∙ ജയിച്ചിട്ടും തോറ്റ്

ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ സ്വന്തം തട്ടകമായ ആൻഫീൽഡിൽ അറ്റലാന്റയോട് 3–0ന്റെ വമ്പൻ തോൽവി വഴങ്ങിയതിന്റെ ഞെട്ടൽ മാറാതെയാണ് രണ്ടാം പാദത്തിനായി ക്ലോപ്പും സംഘവും ഇറങ്ങിയത്. ഏഴാം മിനിറ്റിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച മുഹമ്മദ് സലാ ലിവർപൂളിന് മോഹത്തുടക്കം നൽകിയെങ്കിലും അപകടം മണത്ത് പ്രതിരോധത്തിലേക്കു വലിഞ്ഞ അറ്റലാന്റ, ലീഡുയർത്താൻ ലിവർപൂളിനെ സമ്മതിച്ചില്ല. ബോൾ പൊസഷനിലും പാസുകളിലും ബഹുദൂരം മുന്നിലായിരുന്നിട്ടും അറ്റലാന്റയുടെ പ്രതിരോധപ്പൂട്ട് പൊളിക്കാൻ സലായ്ക്കും സംഘത്തിനും കഴിഞ്ഞില്ല.

∙ വീഴാതെ ലെവർക്യുസൻ

വെസ്റ്റ്ഹാമിനെതിരെ 88–ാം മിനിറ്റ് വരെ 1–0ന് പിന്നിൽ നിന്ന ബയർ ലെവർക്യൂസന്റെ സീസണിലെ അപരാജിത കുതിപ്പ് ക്വാർട്ടർ ഫൈനലിൽ അവസാനിക്കുമെന്നു കരുതിയെങ്കിലും ഡച്ച് താരം ജെറമി ഫ്രിംപോങ് അവരുടെ രക്ഷകനായി അവതരിച്ചു. ഇതോടെ പരാജയമറിയാതെ 44 മത്സരങ്ങൾ പൂർത്തിയാക്കാൻ ബുന്ദസ് ലിഗ ജേതാക്കൾക്ക് സാധിച്ചു. സ്വന്തം തട്ടകത്തിൽ നടന്ന ആദ്യപാദ ക്വാർട്ടറിൽ വെസ്റ്റ്ഹാമിനെ 2–0ന് തകർത്ത ജർമൻ ക്ലബ്ബിന് സെമി ഉറപ്പിക്കാൻ സമനില ധാരാളമായിരുന്നു. 

∙ റോറിങ് റോമ

ഇറ്റാലിയൻ ക്ലബ്ബുകൾ തമ്മിൽ നടന്ന പോരാട്ടത്തിൽ എസി മിലാനെ 2–1ന് തോൽപിച്ചാണ് റോമ സെമി ടിക്കറ്റെടുത്തത്. ആദ്യപാദ ക്വാർട്ടറിൽ 1–0ന് ജയിച്ച റോമയ്ക്ക് രണ്ടാം പാദത്തിൽ സമനില മതിയായിരുന്നെങ്കിലും തുടക്കം മുതൽ ആക്രമിച്ചു കളിച്ച അവർ, 12–ാം മിനിറ്റിൽ ജിയാൻലൂക്ക മാൻചീനിയിലൂടെ മുന്നിലെത്തി. 22–ാം മിനിറ്റിൽ പൗളോ ഡിബാല കൂടി ലക്ഷ്യം കണ്ടതോടെ 2–0ന്റെ ലീഡുമായാണ് റോമ ആദ്യ പകുതി അവസാനിപ്പിച്ചത്. 85–ാം മിനിറ്റിൽ മാറ്റിയോ ഗാബിയയാണ് മിലാന്റെ ആശ്വാസഗോൾ നേടിയത്.

English Summary:

Europa League semi without English clubs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com