നിർഭാഗ്യം എക്സ്ട്രാ ! ലൂണ വന്നപ്പോൾ ഡയമെന്റകോസ് പോയി, ബ്ലാസ്റ്റേഴ്സിന് വീണ്ടും നിരാശ
Mail This Article
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് എക്സ്ട്രാ ആയിട്ട് ഒരു കാര്യമേയുള്ളൂ- നിർഭാഗ്യം! കഴിഞ്ഞ മത്സരങ്ങളിലെല്ലാം അത് പരുക്കിന്റെ രൂപത്തിലായിരുന്നെങ്കിൽ ഇന്നലെ അത് എക്സ്ട്രാ ടൈമിൽ വഴങ്ങിയ തോൽവിയുടെ രൂപത്തിൽ തന്നെയായി. അധികസമയത്തേക്കു നീണ്ട പ്ലേഓഫ് മത്സരത്തിൽ ഒഡീഷ എഫ്സിക്കു മുന്നിൽ 2-1നു കീഴടങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ സീസണിന് സങ്കടകരമായ ഫൈനൽ വിസിൽ. 67-ാം മിനിറ്റിൽ ഫെദർ ചെർനിച്ച് നേടിയ ഗോളിൽ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെ 87-ാം മിനിറ്റിൽ ഡിയേഗോ മൗറീഷ്യോയുടെ ഗോളിലാണ് ഒഡീഷ ഒപ്പം പിടിച്ചത്. പിന്നാലെ 98-ാം മിനിറ്റിൽ ഇസാക് റാൾട്ടെയുടെ ഗോളും ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചിൽ വന്നുപതിച്ചു. വിശ്രമകാലത്തിനു ശേഷം ഇന്നലെ പകരക്കാരനായി കളത്തിലിറങ്ങിയ സൂപ്പർ താരം അഡ്രിയൻ ലൂണയ്ക്കും ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാനായില്ല. 23നു നടക്കുന്ന സെമിഫൈനൽ ആദ്യപാദത്തിൽ ഒഡീഷ മോഹൻ ബഗാനെ നേരിടും.
പരുക്കു മൂലം ടീമിനു പുറത്തായി ഗാലറിയിൽ ഇരിക്കേണ്ടി വന്ന ദിമിത്രിയോസ് ഡയമന്റക്കോസിനെ മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്സ് നന്നായി മിസ് ചെയ്തു. ഒഡീഷയുടെ കരുത്തരായ മുർത്താദ ഫോൾ-അഹമ്മദ് ജാഹു-കാർലോസ് ഡെൽഗാഡോ പ്രതിരോധ ത്രയത്തെ മറികടന്ന് ഫെദർ ചെർനിച്ചും മുഹമ്മദ് അയ്മനുമെല്ലാം മികച്ച മുന്നേറ്റം നടത്തിയെങ്കിലും അതു ഫിനിഷ് ചെയ്യാൻ സീസണിലെ ടോപ് സ്കോററായ ദിമി ഉണ്ടായില്ല. ആദ്യ പകുതി ഗോൾരഹിതമായതോടെ കോച്ച് ഇവാൻ വുക്കോമനോവിച്ച് എപ്പോൾ അഡ്രിയൻ ലൂണയെ ഇറക്കും എന്നതായി പിന്നെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആകാംക്ഷ. അതിനു മുൻപേ കളിയിൽ ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന നിമിഷമെത്തി. 67-ാം മിനിറ്റിൽ ഫ്രെഡി നൽകിയ പന്തുമായി മൈതാനമധ്യത്തിലൂടെ അയ്മന്റെ മുന്നേറ്റം. അയ്മനിൽ നിന്നു പന്ത് വലതുവിങ്ങിലൂടെ ഓടിയെത്തിയ ചെർനിച്ചിന്. ഒപ്പമോടിയ ഒഡീഷ ഡിഫൻഡറെയും കൈവിരിച്ചെത്തിയ ഗോൾകീപ്പർ അമരീന്ദറിനെയും ഇത്തവണ ലിത്വാനിയൻ താരം മറികടന്നു-ഗോൾ!
കാൽമുട്ടിനു പരുക്കേറ്റ ഗോൾകീപ്പർ ലാറ ശർമയ്ക്ക് 78-ാം മിനിറ്റിൽ സ്ട്രെച്ചറിൽ മൈതാനം വിടേണ്ടി വന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ നിർഭാഗ്യം തുടങ്ങി. 87-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പോസ്റ്റിലേക്കു വന്ന ഏരിയൽ ബോൾ റോയ് കൃഷ്ണ തട്ടി നൽകിയത് പകരക്കാരനായി ഇറങ്ങിയ ഡിയേഗോ മൗറീഷ്യോയ്ക്ക്. പുതിയ ഗോൾകീപ്പർ കരൺജിത് സിങ്ങിന്ഒരു അവസരവും നൽകാതെ പന്ത് വലയിൽ. അയ്മനു പകരം ഇറങ്ങിയ ലൂണയുടെ നേതൃത്വത്തിൽ ബ്ലാസ്റ്റേഴ്സ് പ്രത്യാക്രമണങ്ങൾ നടത്തിയെങ്കിലും അധികസമയത്ത് ആദ്യ ഗോളിന്റെ തനിപ്പകർപ്പു പോലെ ഒഡീഷയുടെ രണ്ടാം ഗോൾ.
അഹമ്മദ് ജാഹുവിന്റെ ഒരു നോൺലുക്ക് പാസിൽ കിട്ടിയ പന്ത് റോയ് കൃഷ്ണ നിയന്ത്രിച്ചെടുത്തു. സുന്ദരമായി വച്ചുനീട്ടിയ അവസരം ഗോളാക്കേണ്ട ജോലിയേ ഇസാക് റാൾട്ടെയ്ക്കുണ്ടായിരുന്നുള്ളൂ. ലൂണ നൽകിയ ഒരു ക്രോസിൽ രാഹുലിന്റെ ഉജ്വലമായ ഫ്ലയിങ് ഹെഡറിനും പിന്നെ ബ്ലാസ്റ്റേഴ്സിനെ മത്സരത്തിലേക്കു തിരിച്ചു കൊണ്ടു വരാനായില്ല. അവസാനനിമിഷത്തെ ബ്ലാസ്റ്റേഴ്സിന്റെ ആളിക്കത്തലിനു മുന്നിലും ഉലയാതെ പിടിച്ചുനിന്ന് ഗോൾകീപ്പർ അമരീന്ദർ ഒഡീഷയെ കാത്തു.