ഗോൾഡൻ ഗോവ !; എഫ്സി ഗോവ ഐഎസ്എൽ സെമി ഫൈനലിൽ
Mail This Article
മഡ്ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിലെ ഈ സീസണിൽ എഫ്സി ഗോവ തൊട്ടതെല്ലാം ‘ഗോൾഡാണ്’. ലീഗിന്റെ ആദ്യ പകുതിയിൽ ഒന്നാം സ്ഥാനം കയ്യടക്കിവച്ച്, രണ്ടാം പകുതിയിൽ അൽപം നിറം മങ്ങിയെങ്കിലും പ്ലേ ഓഫിൽ ഗോവ തനിനിറം കാട്ടി. 3 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്, ചെന്നൈയിൻ എഫ്സിയെ 2–1ന് തോൽപിച്ച ഓറഞ്ച് പട ഐഎസ്എൽ സെമി ബെർത്ത് ഉറപ്പിച്ചു. നോവ സദൂയി (36–ാം മിനിറ്റ്), ബ്രണ്ടൻ ഫെർണാണ്ടസ് (45) എന്നിവർ ഗോവയ്ക്കായി ലക്ഷ്യം കണ്ടപ്പോൾ ലാസർ സിർകോവിച്ചാണ് (45+4) ചെന്നൈയിന്റെ ആശ്വാസ ഗോൾ നേടിയത്. 24ന് നടക്കുന്ന രണ്ടാം സെമി ആദ്യപാദത്തിൽ മുംബൈ സിറ്റി എഫ്സിയാണ് ഗോവയുടെ എതിരാളികൾ. 23 നടക്കുന്ന ഒന്നാം സെമി ആദ്യപാദത്തിൽ ഒഡീഷ എഫ്സിയും മോഹൻ ബഗാനും ഏറ്റുമുട്ടും.
ഗോ, ഗോവ, ഗോൾ !
ആദ്യ ഇലവനിൽ 4 മാറ്റങ്ങളുമായി സ്വന്തം തട്ടകത്തിൽ നടന്ന പ്ലേ ഓഫ് മത്സരത്തിനിറങ്ങിയ ഗോവ, ആദ്യം തൊട്ടേ ആക്രമിച്ചു കളിക്കാനാണ് ശ്രമിച്ചത്. തുടക്കം മുതൽ ബോൾ പൊസഷനിൽ ആധിപത്യം നേടിയ ഗോവൻ താരങ്ങൾ, ഇരു വിങ്ങുകളിലൂടെയും ആക്രമണം അഴിച്ചുവിട്ടതോടെ ഗോൾ വഴങ്ങാതിരിക്കാനായിരുന്നു ആദ്യ പകുതിയിൽ ചെന്നൈയിന്റെ ശ്രമം. എന്നാൽ 36–ാം മിനിറ്റിൽ, ചെന്നൈയിൻ ലെഫ്റ്റ് ബാക്ക് ആകാശ് സാങ്‌വാൻ വരുത്തിയ പിഴവ് മുതലെടുത്ത്, നോവ സദൂയി തൊടുത്തുവിട്ട ഇടംകാൽ ഷോട്ട് ചെന്നുപതിച്ചത് ചെന്നൈയിൻ ഗോൾ പോസ്റ്റിൽ. ക്യാപ്റ്റൻ ബ്രണ്ടൻ ഫെർണാണ്ടസിലൂടെ ഗോവ, ചെന്നൈ ഗോൾവല വീണ്ടും കുലുക്കി. സെന്ററിൽ നിന്നു ബ്രണ്ടൻ നടത്തിയ സോളോ റൺ, ചെന്നൈ ഗോൾ പോസ്റ്റിന്റെ വലതു കോർണറിലാണ് അവസാനിച്ചത്. ആദ്യ പകുതി യുടെ അവസാനം സിർകോവിച്ചിലൂടെ ഗോൾ മടക്കിയെങ്കിലും വീണ്ടും ലക്ഷ്യം കാണാൻ ചെന്നൈയിന് സാധിച്ചില്ല.