ADVERTISEMENT

ഫറ്റോർഡ (ഗോവ) ∙ ഇതെന്തു മറിമായം! കണ്ണടച്ചു തുറക്കുന്നതിനിടെ കളി വട്ടം തിരിച്ച മുംബൈ സിറ്റി എഫ്സിക്ക് ഐഎസ്എൽ ചരിത്രത്തിലെ നാടകീയ വിജയങ്ങളിലൊന്നു സ്വന്തം. ഐഎസ്എൽ ഫുട്ബോൾ രണ്ടാം സെമിഫൈനൽ ആദ്യപാദത്തിൽ, എഫ്സി ഗോവയ്ക്കെതിരെ 90 മിനിറ്റ് വരെ 2 ഗോളിനു പിന്നിൽ നിന്ന ശേഷം 3 ഗോള‍ുകൾ തിരിച്ചടിച്ചാണ് മുംബൈ അത്യുജ്വല വിജയം നേടിയത്.

16–ാം മിനിറ്റിൽ ബോറിസ് സിങ് താങ്‌ജം, 56–ാം മിനിറ്റിൽ ബ്രാൻഡൻ ഫെർണാണ്ടസ് എന്നിവരാണ് ആതിഥേയരായ ഗോവയുടെ ഗോളുകൾ നേടിയത്. എന്നാൽ, ഫൈനൽ വിസിലിനു തൊട്ടുമുൻപ് ലാലിയൻസുവാല ഛാങ്തെ മുംൈബയ്ക്കായി ഒരു ഗോൾ മടക്കി. ഇൻജറി ടൈമിന്റെ ആദ്യ മിനിറ്റിൽ (90+1) വിക്രം പ്രതാപ് സിങ് കൂടി ഗോൾ നേടിയതോടെ സ്കോർ 2–2. പിന്നീടു നടന്നതു  നാടകീയ നിമിഷങ്ങൾ... തുടർച്ചയായി 2 ഗോളുകൾ വീണതോടെ പരിഭ്രമത്തിലായ ഗോവൻ താരങ്ങളുടെ അങ്കലാപ്പ് മുതലെടുത്തെന്നപോലെ മുംബൈയുടെ വിജയഗോൾ. ഇൻജറി ടൈമിന്റെ ആറാം മിനിറ്റിൽ ലാലിയൻസുവാല ഛാങ്തെ രണ്ടാമതും ലക്ഷ്യം കണ്ടു. ഒരേസമയം അവിശ്വസനീയവും ആവേശകരവുമായ മത്സരത്തിനു തൊട്ടുപിന്നാലെ ഫൈനൽ വിസിൽ. സെമിഫൈനൽ രണ്ടാം പാദം മുംബൈയിൽ 29ന്് നടക്കും.

കളിയുടെ ഒഴുക്കിനെതിരെ വീണ 2 ഗോളുകളിലാണ് ഗോവ 2–0 ലീഡ് നേടിയത്. 16–ാം മിനിറ്റിൽ തന്നെ ഗോൾ നേടിയത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്തു. ഫൗളുകളുടെ എണ്ണത്തിൽ മുന്നിലായിരുന്ന ഗോവ രണ്ടാം പകുതിയിൽ രണ്ടാം ഗോളും നേടി. 

എന്നാൽ, പന്തു ഹോൾഡ് ചെയ്ത് പാസിങ് ഗെയിം കളിച്ച മുംബൈ സിറ്റിക്ക് അതിന്റെ ഗുണം ലഭിച്ചത് അവസാന നേരത്താണ്. 90–ാം മിനിറ്റിൽ ഛാങ്തെയുടെ ആദ്യ ഗോൾ വന്നതോടെ കളിമാറി. പിന്നാലെ തുടർച്ചയായി 2 ഗോളുകൾ. ഛാങ്തെയുടെ 2 ഗോളുകൾക്കും വഴിയൊരുക്കിയത് പകരക്കാരനായിറങ്ങിയ ജയേഷ് റാണയാണ്.

English Summary:

Mumbai City FC vs FC Goa ISL Football match updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com