ഇന്ത്യന്‍ ഫുട്ബോളിനെ ഞെട്ടിച്ച തീരുമാനത്തിന്റെ തല, ശ്രീകണ്ഠീരവയെ വിവാദത്തിലാഴ്ത്തിയ ‘റിബൽ’
Mail This Article
2023 മാർച്ച് മൂന്ന്. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ തീരുമാനം കേരള ബ്ലാസ്റ്റേഴ്സ് എടുത്തത് അന്നായിരുന്നു. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ പ്ലേ ഓഫ് മത്സരത്തിലെ ഫ്രീകിക്ക് ഗോളിന്റെ പേരില്‍ ടീമിനെ ഒന്നാകെ പിന്‍വലിച്ചാണ് ഇവാൻ വുക്കോമാനോവിച്ച് ഇന്ത്യൻ ഫുട്ബോളിനെ പിടിച്ചുകുലുക്കിയത്. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ തയാറാകുന്നതിനു മുൻപേ ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി ഫ്രീകിക്ക് എടുത്തതാണു വിവാദമായത്. ഗോൾ നേടിയത് ക്വിക്ക് ഫ്രീകിക്കിലൂടെയായിരുന്നു എന്നായിരുന്നു ബെംഗളൂരു താരങ്ങളുടെ വാദം.
നോക്കൗട്ട് മത്സരം അധിക സമയത്തേക്കു നീണ്ടതോടെയായിരുന്നു ഫ്രീകിക്ക് അവസരം മുതലാക്കി ബെംഗളൂരുവിന്റെ ഗോൾ. ഒരു ഗോളിന്റെ പേരിൽ ബ്ലാസ്റ്റേഴ്സ് ഇറങ്ങിയപ്പോയതോടെ നിശ്ചിത സമയത്തിനു ശേഷം റഫറി ബെംഗളൂരുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഐഎസ്എൽ സംഘാടകർ ടീമിനെ ഗ്രൗണ്ടിലേക്കു തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഇവാനും ബ്ലാസ്റ്റേഴ്സ് താരങ്ങളും അതിനു വഴങ്ങിയില്ല. ലോക ഫുട്ബോളിലെ തന്നെ അത്യപൂർവ സംഭവങ്ങളിലൊന്നായാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിഷേധത്തെ എഐഎഫ്എഫ് വിലയിരുത്തിയത്.
ഇന്ത്യയിൽ തന്നെ ഇതിനു മുൻപ് ഒരിക്കൽ മാത്രമേ ഇതുപോലൊരു സംഭവമുണ്ടായിട്ടുള്ളൂ. 2012 ഡിസംബർ 9ന് കൊൽക്കത്തയിൽ നടന്ന ഈസ്റ്റ് ബംഗാൾ – മോഹൻ ബഗാൻ മത്സരത്തിലായിരുന്നു അത്. അന്നു കളം വിട്ട മോഹൻ ബഗാന്റെ 12 പോയിന്റ് വെട്ടിക്കുറയ്ക്കുകയും 2 കോടി രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു. വിവാദ ഇറങ്ങിപ്പോക്കിന്റെ പേരിൽ നാലു കോടി രൂപയാണ് ബ്ലാസ്റ്റേഴ്സിന് ശിക്ഷയായി ചുമത്തിയത്.
കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ പരസ്യമായി ക്ഷമാപണം നടത്താനും എഐഎഫ്എഫ് അച്ചടക്ക സമിതി നിർദേശിച്ചിരുന്നു. ക്ഷമാപണം നടത്തിയില്ലെങ്കിൽ 6 കോടി രൂപ പിഴയടയ്ക്കണമെന്നും വിധി വന്നു. കളിക്കളത്തിൽനിന്ന് താരങ്ങളെ തിരികെ വിളിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കോമാനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്കും 5 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. ടീമിന്റെ ഡ്രസിങ് റൂമിൽ വരെ ഇവാന് പ്രവേശന വിലക്കു കൊണ്ടുവന്നു. എഐഎഫ്എഫിന്റെ ശിക്ഷാനടപടിക്കെതിരെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് രാജ്യാന്തര തലത്തിൽ തന്നെ അപ്പീലുമായി പോയെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല.
തുടർന്ന് ക്ലബ്ബും ഇവാനും മാപ്പു പറഞ്ഞു. ഇറങ്ങിപ്പോക്കിനു ശേഷം ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കു ലഭിച്ച വരവേൽപ് അതിഗംഭീരമായിരുന്നു. കോച്ചിന്റെ തീരുമാനത്തിനൊപ്പം ഉറച്ചുനിന്ന ആരാധകർ, മഞ്ഞപ്പൂക്കളും പൊന്നാടയും മാലയുമൊക്കെയായാണ് ബ്ലാസ്റ്റേഴ്സ് താരങ്ങളെ കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിൽ വരവേറ്റത്. 10 മത്സരങ്ങളുടെ വിലക്കു പൂർത്തിയാക്കി ഇവാൻ വീണ്ടും കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെത്തിയപ്പോഴും ആരാധകർ അത് ആഘോഷമാക്കി.
തിരിച്ചുവരവിനു ശേഷവും മോശം റഫറിയിങ്ങിനെതിരെ ബ്ലാസ്റ്റേഴ്സിന്റെ വെള്ളക്കുപ്പായക്കാരൻ പരിശീലകൻ പലവട്ടം തുറന്നടിച്ചു. ഇവാന് പിന്നീടും മത്സര വിലക്കുവരെ നേരിടേണ്ടിവന്നു. പരാതികൾ വ്യാപകമായതോടെ ഐഎസ്എല്ലിൽ വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം കൊണ്ടുവരാൻ എഐഎഫ്എഫ് ആസൂത്രണം ചെയ്തു. അധികം വൈകാതെ തന്നെ കുറഞ്ഞ ചെലവില്‍ ‘വാർ’ നടപ്പാക്കാണു ശ്രമം. വരും സീസണിലെങ്കിലും റഫറിമാര്‍ക്കു മികച്ച തീരുമാനങ്ങളെടുക്കാൻ ഈ സാങ്കേതിക വിദ്യ കൊണ്ടുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.