ഇവാൻ പോയി, ഇനിയെന്ത് ? പ്രധാന താരങ്ങളും ബ്ലാസ്റ്റേഴ്സ് വിട്ടേക്കുമെന്നു സൂചന
Mail This Article
കൊച്ചി ∙ ബ്ലാസ്റ്റേഴ്സ് വിട്ടെങ്കിലും ഇവാൻ വുക്കോമനോവിച്ച് മറ്റൊരു ഇന്ത്യൻ ക്ലബ്ബിനെ പരിശീലിപ്പിക്കാൻ സാധ്യതയില്ലെന്നു സൂചന. അദ്ദേഹത്തിനു മുന്നിൽ ഒന്നിലേറെ വിദേശ ഓഫറുകളുണ്ടെന്നാണു വിവരം. ‘ഞാൻ ബ്ലാസ്റ്റേഴ്സ് വിടുന്നുവെന്നു പറഞ്ഞാൽ അതിനർഥം ഇന്ത്യ വിടുന്നു എന്നായിരിക്കും’ എന്നാണ് അദ്ദേഹം സീസൺ തുടക്കത്തിൽ വ്യക്തമാക്കിയത്. ബ്ലാസ്റ്റേഴ്സിനെ, കേരളത്തെ ഏറെ സ്നേഹിച്ച ഇവാൻ വേറൊരു ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ താൽപര്യപ്പെടില്ലെന്നാണു സൂചന. ബ്ലാസ്റ്റേഴ്സുമായി വേർപിരിഞ്ഞ വിവരം ക്ലബ് ഔദ്യോഗികമായി ഇന്നലെ അറിയിക്കുന്നതിനു മുൻപു തന്നെ ഇവാൻ ഇന്ത്യയിൽ നിന്നു മടങ്ങിയിരുന്നു. അതേസമയം, വേർപിരിയലിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല.
∙ അവരും വഴിപിരിയുമോ?
അസാധാരണമായ ആത്മാർഥതയും പ്രതിബദ്ധതയും ടീം സ്പിരിറ്റുമായിരുന്നു ഇവാന്റെ തന്ത്രങ്ങൾ. ഇവാനില്ലാത്ത ബ്ലാസ്റ്റേഴ്സിൽ പല സൂപ്പർ താരങ്ങളും തുടരാൻ സാധ്യത കുറവാണ്. അഡ്രിയൻ ലൂണയ്ക്ക് എഫ്സി ഗോവ ഉൾപ്പെടെയുള്ള ടീമുകളിൽ നിന്ന് ഓഫറുണ്ട്. അടുത്ത സീസണിൽ മുംബൈയിൽ നിന്നു ഹോർഹെ പെരേര ഡയസിനെ ടീമിലെത്തിക്കാൻ ഗോവ ശ്രമിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സിലെ പഴയ കോംബോയായ ലൂണ – ഡയസ് സഖ്യം തന്നെയാണ് അവരുടെ സ്വപ്നം. ദിമിത്രി ഡയമന്റകോസിനായും മറ്റു ടീമുകൾ വല വീശുന്നുണ്ട്. സെന്റർ ബാക്ക് മാർക്കോ ലെസ്കോവിച്ചും ടീം വിട്ടേക്കും. മലയാളി യുവതാരം വിബിൻ മോഹനൻ ഉൾപ്പെടെ പല താരങ്ങൾക്കും ഓഫറുകളുണ്ട്.
∙ വിവാദങ്ങൾ കൂസാതെ
ആരാധകർക്കു ഞെട്ടലുണ്ടെങ്കിലും ‘ആശാൻ’ വഴിപിരിയുമെന്ന സൂചന ഫെബ്രുവരി മുതലുണ്ടായിരുന്നു. ഡിസംബർ അവസാനം വരെ ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒന്നാമതായിരുന്ന ടീം ജനുവരി ബ്രേക്കിനു ശേഷം തകർന്നടിഞ്ഞതു ടീം മാനേജ്മെന്റിന് അതൃപ്തിയുണ്ടാക്കിയിരുന്നു എന്നാണു വിവരം. സീസൺ ആദ്യ പകുതിയിലെ മികച്ച പ്രകടനത്തിന്റെ മികവിൽ പ്ലേ ഓഫിലെത്തിയെങ്കിലും ഒഡീഷയോടു തോറ്റു. ആ മത്സരം ജയിച്ചിരുന്നെങ്കിൽ ഒരുപക്ഷേ, ഇവാൻ തുടരാൻ സാധ്യതയുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ ബെംഗളൂരുവുമായുള്ള പ്ലേ ഓഫ് ബഹിഷ്കരിച്ച ഇവാന്റെ തീരുമാനവും വിവാദങ്ങളും 4 കോടി രൂപ പിഴ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നതും ടീം അധികൃതരെ ചൊടിപ്പിച്ചിരുന്നു.
∙ പരുക്കുകളുടെ കലികാലം
സീസണിൽ ഒട്ടെല്ലാ കളിക്കാർക്കും പരുക്കേറ്റത് ഇവാന്റെ സപ്പോർട്ട് സ്റ്റാഫിനെയും പ്രതിക്കൂട്ടിലാക്കിയിരുന്നു. ഗുരുതര പരുക്കുകളാണു കളിക്കാരെ വലച്ചത്. സച്ചിൻ സുരേഷും ജീക്സൺ സിങ്ങും ലൂണയും ജോഷ്വ സത്തീരിയോയും ഉൾപ്പെടെ ശസ്ത്രക്രിയയ്ക്കു വിധേയരാകേണ്ടി വന്ന കളിക്കാരേറെ. പ്രമുഖ കളിക്കാരില്ലാതെയാണു പകുതി മത്സരങ്ങളിലും ടീം കളത്തിലിറങ്ങിയത്.