ADVERTISEMENT

കൊൽക്കത്ത ∙ സോൾട്ട് ലേക്ക് സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ ആരാധകരുടെ മനസ്സു നിറച്ച്, സഹൽ അബ്ദുൽ സമദ് നേടിയ ഇൻജറി ടൈം വിജയഗോളിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഐഎസ്എൽ ഫുട്ബോൾ ഫൈനലിലേക്ക്. സെമിഫൈനൽ രണ്ടാം പാദത്തിൽ, ഒഡീഷ എഫ്സിയെ 2–0ന് തോൽപിച്ചാണ് ബഗാൻ ഫൈനലിലെത്തിയത്. ജയ്സൻ കമ്മിങ്സിന്റേതാണ് ബഗാന്റെ ആദ്യഗോൾ. ഇരുപാദങ്ങളിലുമായി 3–2നാണ് ബഗാന്റെ ജയം. ആദ്യപാദം ഒഡീഷ 2–1നു ജയിച്ചിരുന്നു. ലീഗ് റൗണ്ടിൽ കൂടുതൽ പോയിന്റ് നേടി ലീഗ് വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കിയ ബഗാന് സീസണിലെ വിജയകിരീടം മോഹിക്കാൻ കൂടിയാണു വഴി തെളിഞ്ഞത്. മുംൈബ സിറ്റി – ഗോവ രണ്ടാം സെമി വിജയികളുമായി മേയ് 4ന് കൊൽക്കത്തയിലാണ് ഫൈനൽ.

ബഡാ ബഗാൻ

സെമിഫൈനൽ ആദ്യ പാദത്തിൽ ജയമുറപ്പിച്ചു കളിച്ച ബഗാനെ 2 ഗോളുകൾ തിരിച്ചടിച്ചു പൂട്ടിയ ഒഡീഷ ഇന്നലെയും സമാനമായ കളിക്കാണു ശ്രമിച്ചത്. 22–ാം മിനിറ്റിൽ ജയ്സൻ കമ്മിങ്സിന്റെ ഗോളിൽ ബഗാൻ 1–0ന് മുന്നിൽ.   ആദ്യപാദം 2–1ന് ഒഡീഷ ജയിച്ചതിനാ‍ൽ, ഇനിയൊരു ഗോൾ കൂടി നേടുന്ന ടീം കളി ജയിക്കുമെന്ന അവസ്ഥ.

സോൾട്ട് ലേക്കിലെ ആരാധക പിന്തുണ ബഗാന്റെ നീക്കങ്ങളിലും പ്രകടമായിരുന്നു. എന്നാൽ, ഒരു ഗോൾ നേടിയതിനു ശേഷം പ്രതിരോധം ഭദ്രമാക്കി കളിക്കാൻ കോച്ച് അന്റോണിയോ ഹബാസ് കളിയുടെ വേഗം കുറച്ചു. 

ഏതുവിധേനെയും ഗോൾ നേടാനുള്ള ഒഡീഷയുടെ നീക്കങ്ങൾ പലതും ബഗാന്റെ പ്രതിരോധനിര നിഷ്ഫലമാക്കി. കഴിഞ്ഞ കളിയിൽ സസ്പെൻഷൻ ലഭിച്ച അർമാൻഡോ സാദിക്കുവിന്റെ അഭാവം പ്രകടമാക്കാതെ കളിക്കാൻ സുഭാഷിഷ് ബോസ് നേതൃത്വം നൽകിയ ബഗാൻ നിരയ്ക്കായി. ഇതിനിടെ, ഒട്ടേറെ ഗോളവസരങ്ങൾ പാഴാക്കുന്നതിലും ഒഡീഷയും ബഗാനും മത്സരിച്ചു. 72–ാം മിനിറ്റിൽ സ്ട്രൈക്കർ അനിരുദ്ധ് ഥാപ്പയ്ക്കു പകരം സഹൽ കളത്തിൽ. വരാനിരിക്കുന്ന വിജയഗോളിനുള്ള വഴിയൊരുക്കലായിരുന്നു അത്.

സഹൽ മാജിക്

7 മിനിറ്റ് ഇൻജറി ടൈം വന്നതോടെ കളിക്ക് ആവേശംകൂടി. നിലവിലെ സ്കോറിൽ കളി എക്സ്ട്രാ ടൈമിലേക്കു നീളുമെന്നു കാണികളും കരുതി. ഇരുവശങ്ങളിലും കയറിയിറങ്ങി മാഞ്ഞുപോയ ആക്രമണങ്ങളുടെ ഇടയ്ക്കാണ്, സഹലിന്റെ ടച്ച് ഫലം കണ്ടത്. ഒഡീഷ ഗോളി അമരീന്ദർ പ്രതിരോധിച്ച പന്ത് 

റീബൗണ്ട് ചെയ്തു വീണ്ടും സഹലിന്റെ മുന്നിൽ. തല കൊണ്ടു തട്ടി ഗോൾമുഖത്തേക്കിട്ട പന്ത് സഹൽ തന്നെ ഓടിയെത്തി വലയിലേക്കു തട്ടിക്കയറ്റി. സോൾട്ട് ലേക്ക് സ്റ്റേഡിയം വിജയഗോളിന്റെ ലഹരിയിൽ പൊട്ടിത്തെറിച്ചു (2–0).

ഈ സീസണിൽ ഡ്യുറാൻഡ് കപ്പും ലീഗ് വിന്നേഴ്സ് ഷീൽഡും നേടിയ ബഗാന് ഇനി ഐഎസ്എൽ കിരീടം കൂടി മോഹിക്കാം; മോഹനം ബഗാൻ!

English Summary:

Mohun began defeated odisha fc in ISL Football match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com