ഗോവയെ കീഴടക്കി മുംബൈ സിറ്റി എഫ്സി ഐഎസ്എൽ ഫൈനലിൽ; എതിരാളികൾ മോഹൻ ബഗാൻ
Mail This Article
മുംബൈ ∙ എഫ്സി ഗോവയുടെ പോരാട്ടവീര്യത്തിനു മുംബൈ സിറ്റി എഫ്സിയുടെ താരപ്രമുഖരെ തടയാനായില്ല! ഐഎസ്എൽ ഫുട്ബോൾ സെമിഫൈനൽ രണ്ടാം പാദത്തിലും ഗോവയെ കീഴടക്കിയ മുംബൈ സിറ്റി എഫ്സി ഫൈനലിൽ. സ്കോർ: മുംബൈ –2, ഗോവ–0 (ഇരുപാദങ്ങളിലുമായി 5–2). ഹോർഹെ പെരേര ഡയസ് (69), ലാലിയൻസുവാല ഛാങ്തെ (83) എന്നിവരാണു മുംബൈയുടെ ഗോളുകൾ നേടിയത്.
മേയ് നാലിനു കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ മോഹൻ ബഗാൻ ആണ് മുംബൈയുടെ എതിരാളികൾ. ഇതോടെ ഐഎസ്എൽ ലീഗ് ഘട്ടത്തിലെ ആദ്യ 2 സ്ഥാനക്കാർ തന്നെ ഫൈനലിലും കളിക്കും. കഴിഞ്ഞയാഴ്ച ലീഗിലെ അവസാന മത്സരത്തിൽ ബഗാനും മുംബൈയും സോൾട്ട് ലേക്കിൽ ഏറ്റുമുട്ടിയപ്പോൾ ബഗാനായിരുന്നു വിജയം; അതുവഴി ഐഎസ്എൽ ലീഗ് വിന്നേഴ്സ് ഷീൽഡും ബഗാൻ സ്വന്തമാക്കിയിരുന്നു.
ഗോവൻ വീര്യം
ആദ്യപാദം ജയിച്ചതിനാൽ മത്സരം പകുതി ജയിച്ച ആത്മവിശ്വാസത്തോടെയാണു മുംബൈ തുടങ്ങിയത്. എന്നാൽ, ഒരു ഗോൾ തിരിച്ചടിച്ചാൽ മാത്രമേ എന്തെങ്കിലും സാധ്യതയുള്ളൂ എന്ന തിരിച്ചറിവിൽ ഗോവ തുടക്കം മുതൽ പൊരുതിക്കളിച്ചു. ആദ്യപാദ സെമിയിൽ, കളി തീരാൻ 6 മിനിറ്റുള്ളപ്പോൾ 3 ഗോളുകൾ തിരിച്ചടിച്ച് 3–2ന് കളി ജയിച്ച അതേ മുംബൈ തന്നെയായിരുന്നു ഇന്നലെയും കളത്തിൽ.
ആദ്യപകുതിയിൽ ഗോവയുടെ മുന്നേറ്റങ്ങൾക്കു മുന്നിൽ അൽപമൊന്നു പതറിയും ഇടറിയുമൊക്കെയാണ് മുംബൈ കളം പിടിച്ചത്. കാർലോസ് മാർട്ടിനെസിന്റെ നേതൃത്വത്തിലുള്ള ഗോവയുടെ നീക്കങ്ങളിൽ പലതും ഗോളാകാതെ പോയതിൽ ദൗർഭാഗ്യത്തിന്റെ കളിയുമുണ്ടായിരുന്നു. ഹൈപ്രസിങ് കളിയുമായി ബ്രണ്ടൻ ഫെർണാണ്ടസും ഉദാന്ത സിങ്ങും ഉൾപ്പെടെയുള്ള ഗോവൻ താരങ്ങൾ മുംബൈ പകുതിയിലേക്ക് ഇടിച്ചു കയറിയിട്ടും ഗോൾ കണ്ടെത്താനായില്ല. മുംബൈ ഗോളി ഫുർബ ലചെൻപയുടെ സേവുകളും നിർണായകമായി.
മുംബൈ മുന്നേറ്റം
രണ്ടാം പകുതിയിൽ കളി മുംബൈയുടെ കാലിലായി. ഡയസും ഛാങ്തെയും വിക്രം പ്രതാപ് സിങ്ങും ഗോവൻ പകുതിയിലേക്ക് ഇരച്ചുകയറിത്തുടങ്ങി. 69–ാം മിനിറ്റിൽ മുംബൈ ആരാധകർ കാത്തിരുന്ന ആ നിമിഷമെത്തി. ഗോവൻ പോസ്റ്റിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ കാലിൽ കിട്ടിയ പന്ത് നിമിഷാർധം കൊണ്ടു ഹോർഹെ പെരേര ഡയസ് ഗോളിലേക്കു മറിച്ചു.
ഇളകി മറിഞ്ഞ ഗാലറിക്ക് അരികിലേക്ക് ഓടിക്കയറിയാണ് പെരേര ഡയസ് ആ ഗോളാഘോഷിച്ചത്. ഒരു ഗോൾ കൂടി വീണതോടെ ഗോവ ആക്രമണം കടുപ്പിച്ചു. അത്തരമൊരു അവസരത്തിൽ വീണുകിട്ടിയ പന്താണ് ഒറ്റയ്ക്ക് ഓടിക്കയറി ലാലിയൻസുവാല ഛാങ്തെ ഗോവൻ പോസ്റ്റിലേക്കു തട്ടിയിട്ടത്. ഗോളിനു പന്തൊരുക്കിയതു വിക്രം പ്രതാപ് സിങ്. ആദ്യപാദ സെമിയിലും, അവസാന നിമിഷം ഗോവൻ പോസ്റ്റിൽ 2 ഗോളുകൾ കോരിയിട്ടതു ഛാങ്തെയായിരുന്നു. അതോടെ ഗോവയുടെ ശേഷിച്ച ആത്മവിശ്വാസവും ചോർന്നുപോയി.