ADVERTISEMENT

കൊച്ചി∙ പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് കളമൊഴിഞ്ഞതോടെ ‘ഇവാന്റെ ടീം’ ഇനി എന്താകുമെന്ന് ഉറ്റുനോക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ. ഐഎസ്എൽ ഫുട്ബോൾ കിരീടം സ്വന്തമാക്കിയ മുംബൈ സിറ്റി എഫ്സിയും ലീഗ് ഷീൽഡ് ഉയർത്തിയ മോഹൻ ബഗാനുമെല്ലാം ടീം ഉടച്ചുവാർക്കലിന് ഒരുങ്ങുമ്പോൾ കനപ്പെട്ട ‘മെയ്ക്ക് ഓവർ’ ആലോചനകളിലാണ് ബ്ലാസ്റ്റേഴ്സും. പുതിയ താരങ്ങളുടെ വരവിനൊപ്പം ടീമി‍ന്റെ താരനിരയിൽനിന്നു ചെറുതല്ലാത്ത പടിയിറക്കങ്ങളും ഇത്തവണ പ്രതീക്ഷിക്കാം.

മാറ്റത്തിന്റെ തുടക്കം

ടീമൊരുക്കം മെല്ലെത്തുടങ്ങുന്ന പതിവിനു വിരുദ്ധമായി അറ്റാക്കിങ് മോഡിലാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് താരവേട്ടയ്ക്കു തുടക്കമിട്ടിരിക്കുന്നത്. എഫ്സി ഗോവയുടെ വജ്രായുധമായിരുന്ന മൊറോക്കൻ വിങ്ങർ നോവ സദൂയിയാണ് അടുത്ത സീസണിലേക്കായി ബ്ലാസ്റ്റേഴ്സ് കൂടെക്കൂട്ടിയ ആദ്യ താരം. 23 മത്സരങ്ങളിൽ നിന്നു 11 ഗോളും 5 അസിസ്റ്റും കുറിച്ചു ഗോവൻ മുന്നേറ്റത്തിലെ നിർണായക സാന്നിധ്യമായ സദൂയി 2 വർഷത്തെ കരാറിലാണു ബ്ലാസ്റ്റേഴ്സിലെത്തുക.

സദൂയിയുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി നിൽക്കേ പ്രതിരോധത്തിലും ടീം ഒരു നിർണായക നീക്കം നടത്തിക്കഴിഞ്ഞു. സീസണിൽ മികച്ച പ്രകടനം നടത്തിയ ലെഫ്റ്റ് വിങ്ങർ നവോച സിങ് തുടരുന്ന കാര്യത്തിലാണത്. മുംബൈ സിറ്റിയിൽ നിന്നു വായ്പയിൽ എത്തിയ യുവതാരത്തിനു സ്ഥിരം കരാർ നൽകും. മധ്യനിരതാരം വിനീത് റായിയും മുംബൈ സിറ്റിയിൽ നിന്നു ബ്ലാസ്റ്റേഴ്സിലെത്തിയേക്കും.  മാർക്കോ ലെസ്കോവിച്ചിനു പകരം ഓസ്ട്രേലിയൻ െസന്റർ ബാക്ക് ടോം ആൽഡ്രഡിന്റെ േപരും ഉയരുന്നുണ്ട്.

കളം വിടുമോ ലൂണ, ദിമി?

ഐഎസ്എലിൽ ഗോൾഡൻ ബൂട്ട് നേടുന്ന ആദ്യ ബ്ലാസ്റ്റേഴ്സ് താരമായ ദിമിത്രിയോസ് ഡയമന്റകോസും ക്യാപ്റ്റനും പ്ലേമേക്കറുമായ യുറഗ്വായ് മിഡ്ഫീൽഡർ അഡ്രിയൻ ലൂണയും ഉൾപ്പെടെയുള്ള വിദേശതാരങ്ങൾ തുടരുന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ മാസം കരാർ അവസാനിക്കുന്ന ദിമിയെ പൊന്നും വിലയ്ക്കെടുക്കാൻ ഒട്ടേറെ എതിരാളികളുള്ള സ്ഥിതിക്കു നിലനിർത്തൽ ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമാകില്ല.

ഒരു വർഷം കൂടി ബ്ലാസ്റ്റേഴ്സിൽ തുടരാൻ വ്യവസ്ഥയുണ്ടെങ്കിലും പുതിയ പരിശീലകന്റെ അഭിപ്രായം കൂടി പരിഗണിച്ചാകും ലൂണയുടെ തിരിച്ചുവരവ്. ലീഗിലെ ഏറ്റവും മൂല്യമുള്ള താരങ്ങളിലൊരാളായ ലൂണയെ വൻതുക ക്ലബ് ഫീസ് നൽകി സ്വന്തമാക്കാനും ടീമുകൾ രംഗത്തുണ്ട്. ഇന്ത്യൻ താരങ്ങളായ ജീക്സൺ സിങ്, മുഹമ്മദ് അയ്മൻ, കെ.പി.രാഹുൽ, സൗരവ് മണ്ഡൽ എന്നിവരെ നോട്ടമിട്ടും ടീമുകൾ രംഗത്തുണ്ട്. 

English Summary:

Changes in Kerala Blasters team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com