ഗോൾഡൻ ബോൾ ലേലത്തിന്
Mail This Article
പാരിസ് ∙ അന്തരിച്ച അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ ലോകകപ്പ് ഗോൾഡൻ ബോൾ ട്രോഫി ലേലത്തിന്. 1986 ലോകകപ്പിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട മറഡോണയ്ക്കു ലഭിച്ച ട്രോഫിയാണ് ഫ്രഞ്ച് കമ്പനിയായ അഗ്യൂട്ട്സ് ലേലത്തിനു വയ്ക്കുന്നത്. ജൂൺ 6നാണ് ലേലം. ആദ്യമായാണ് ഒരു ഗോൾഡൻ ബോൾ ട്രോഫി ലേലം ചെയ്യുന്നത്.
ട്രോഫിയുടെ അടിസ്ഥാന വില ഇനിയും നിശ്ചയിച്ചിട്ടില്ല. വൻതുക ലഭിക്കുമെന്നാണു കരുതപ്പെടുന്നത്. 1986 ലോകകപ്പിൽ അർജന്റീനയെ ചാംപ്യന്മാരാക്കിയ മറഡോണയുടെ മാസ്മരിക പ്രകടനത്തിന്റെ തിരുശേഷിപ്പുകളിൽ ഒന്നായാണ് ഗോൾഡൻ ബോൾ ട്രോഫി വിശേഷിപ്പിക്കപ്പെടുന്നത്. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വിവാദമായ ‘ദൈവത്തിന്റെ കൈ’ ഗോൾ നേടിയത് ഈ ലോകകപ്പിലാണ്. 5 ഇംഗ്ലിഷ് താരങ്ങളെ വെട്ടിച്ച് ഒറ്റയ്ക്കു മുന്നേറി മറഡോണ നേടിയ ഗോളും ഈ കളിയിലായിരുന്നു. പിന്നീട് സെമിയിൽ ബൽജിയത്തെയും ഫൈനലിൽ പശ്ചിമ ജർമനിയെയും തോൽപിച്ച് അർജന്റീന ജേതാക്കളായി.
1982 ലോകകപ്പ് മുതലാണ് ഗോൾഡൻ ബോൾ ഏർപ്പെടുത്തിയത്. ഇറ്റലിയുടെ പാവ്‌ലോ റോസി, ബ്രസീലിന്റെ റൊമാരിയോ, റൊണാൾഡോ, ഫ്രാൻസിന്റെ സിനദിൻ സിദാൻ, അർജന്റീനയുടെ ലയണൽ മെസ്സി (2 തവണ) തുടങ്ങിയവരും ഗോൾഡൻ ബോൾ പുരസ്കാരം നേടിയിട്ടുണ്ട്.