ജയിച്ചിരിക്കും!
Mail This Article
ലെവർക്യുസൻ ∙ എതിരാളികളെ കൊതിപ്പിച്ചു നിരാശപ്പെടുത്തുന്നതാണ് ഇപ്പോൾ ബയർ ലെവർക്യുസന്റെ ആനന്ദം! ജർമൻ ക്ലബ്ബിന്റെ റെക്കോർഡ് അപരാജിത കുതിപ്പ് അവസാനിപ്പിക്കാമെന്ന ഇറ്റാലിയൻ ക്ലബ്ബിന്റെ മോഹം യൂറോപ്പ ലീഗ് ഫുട്ബോൾ സെമിഫൈനലിന്റെ ഇൻജറി ടൈമിൽ പൊലിഞ്ഞു. കളി തീരാൻ സെക്കൻഡുകൾ ശേഷിക്കെ (90+7) ജോസിപ് സ്റ്റാനിക് നേടിയ ഗോളിൽ രണ്ടാം പാദത്തിൽ സമനില (2–2) പിടിച്ച ലെവർക്യുസൻ ഇരുപാദങ്ങളിലുമായി 4–2 ജയത്തോടെ ഫൈനലിൽ കടന്നു. 22ന് അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിൽ നടക്കുന്ന ഫൈനലിൽ ലെവർക്യുസൻ മറ്റൊരു ഇറ്റാലിയൻ ക്ലബ്ബായ അറ്റലാന്റയെ നേരിടും. ഫ്രഞ്ച് ക്ലബ് മാഴ്സൈയെ ഇരുപാദങ്ങളിലുമായി 4–1നു മറികടന്നാണ് അറ്റലാന്റ ഫൈനലിലെത്തിയത്. ഇന്നലെ രണ്ടാം പാദത്തിൽ 3–0നായിരുന്നു അറ്റലാന്റയുടെ ജയം.
49 നോട്ടൗട്ട്
എല്ലാ ചാംപ്യൻഷിപ്പുകളിലുമായി പരാജയമറിയാതെ 49–ാം മത്സരമാണ് ലെവർക്യുസൻ പൂർത്തിയാക്കിയത്. സ്വന്തം മൈതാനത്ത് 81–ാം മിനിറ്റു വരെ 2–0നു പിന്നിൽ നിന്ന ശേഷമാണ് അവർ പരാജയമൊഴിവാക്കിയത്. 82–ാം മിനിറ്റിൽ ജിയാൻലൂക്ക മാൻചീനി വഴങ്ങിയ സെൽഫ് ഗോളിൽ ലെവർക്യുസൻ തിരിച്ചടി തുടങ്ങി. ആദ്യപാദത്തിലെ 2–0 ലീഡിന്റെ ബലത്തിൽ അതോടെ ഫൈനൽ ഉറപ്പായെങ്കിലും തങ്ങളുടെ അപരാജിത റെക്കോർഡ് കൈവിടാൻ ലെവർക്യുസനു മനസ്സുണ്ടായിരുന്നില്ല. കളി തീരാൻ 30 സെക്കൻഡ് ശേഷിക്കേ പന്തുമായി കട്ട് ചെയ്തു കയറി സ്റ്റാനിക് പായിച്ച ഷോട്ട് റോമ വല കുലുക്കിയതോടെ സ്റ്റേഡിയത്തിൽ ആഹ്ലാദത്തിരയിളക്കം. ബുന്ദസ്‌ലിഗ കിരീടം നേരത്തേ നേടിയ ലെവർക്യുസൻ ജർമൻ കപ്പ് ഫൈനലിലുമെത്തിയിട്ടുണ്ട്.
ആരാധകർക്ക് സമ്മാനം; ഫ്രീ ടാറ്റൂ
അവിസ്മരണീയ സീസണിന്റെ ഓർമയ്ക്കായി ആരാധകർക്ക് സമ്മാനം പ്രഖ്യാപിച്ച് ബയർ ലെവർക്യുസൻ ക്ലബ്. എല്ലാ ആരാധകർക്കും ഫ്രീ ടാറ്റൂവാണ് ക്ലബ്ബിന്റെ ഓഫർ. സീസൺ അവസാനിക്കും വരെ ആരാധകർക്ക് ടാറ്റൂവിനായി ബുക്ക് ചെയ്യാം.
സീസണിൽ 90–ാം മിനിറ്റിലോ അതിനു ശേഷമോ ലെവർക്യുസൻ നേടുന്ന 17–ാം ഗോളായിരുന്നു റോമയ്ക്കെതിരെയുള്ളത്. യൂറോപ്പ ലീഗ് നോക്കൗട്ട് മത്സരങ്ങളിൽ രണ്ടാം പകുതിയിൽ 2–0നു പിന്നിലായ ശേഷം ഇതു മൂന്നാം തവണയാണ് ലെവർക്യുസൻ ജയിക്കുന്നത്.