സൂപ്പർ സ്ട്രൈക്കർ കേരളം!
Mail This Article
കൊച്ചി ∙ ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് കൺവൻഷൻ സെന്റർ. രാത്രി 7.15. അതിവിശാലമായ ബോൾറൂമിലെ കൂറ്റൻ ഡിജിറ്റൽ സ്ക്രീനിൽ തെളിഞ്ഞു; സൂപ്പർ ലീഗ് കേരള!
കളമൊരുങ്ങി, ടീമുകൾ നിരന്നു, ഇനി പ്രഫഷനൽ ഫ്രാഞ്ചൈസി ഫുട്ബോളിന്റെ കളിയാവേശം നിറയുന്ന ‘സൂപ്പർ ലീഗ് കേരള’യുടെ (എസ്എൽകെ) കിക്കോഫിനു കാത്തിരിക്കാം. 45 ദിവസം നീളുന്ന ആദ്യ സീസണിനു സെപ്റ്റംബർ ആദ്യ വാരം തുടക്കം.
കേരള ഫുട്ബോളിൽ വിദേശ സംരംഭകരുടെ ഉൾപ്പെടെ നിക്ഷേപമെത്തിച്ചു ചരിത്രം കുറിച്ചാണു ലീഗ് ഒരുങ്ങുന്നത്. ലീഗിലെ 6 ടീമുകളിലൊന്നായ തൃശൂർ റോർ എഫ്സിയുടെ പ്രധാന നിക്ഷേപകൻ ഓസ്ട്രേലിയൻ ക്ലബ്ബായ ബ്രിസ്ബെയ്ൻ എഫ്സി ചെയർമാനും സിഇഒയുമായ കാസ് പടാഫ്ത. കൊച്ചി പൈപ്പേഴ്സ് എഫ്സിയുടെ സഹ ഉടമ ഇന്ത്യൻ ടെന്നിസ് താരം മഹേഷ് ഭൂപതി. കേരള ഫുട്ബോൾ അസോസിയേഷനും (കെഎഫ്എ) സ്കോർലൈൻ സ്പോർട്സും സംയുക്തമായാണു ലീഗ് സംഘടിപ്പിക്കുന്നത്.
യുവതാരങ്ങൾക്ക് അവസരം
കേരളത്തിൽ നിന്നു നൂറു കളിക്കാരെങ്കിലും 6 ടീമുകളിലേക്കു തിരഞ്ഞെടുക്കപ്പെടും. മികച്ച പ്രതിഫലവും ഇവർക്കു ലഭിക്കും. ദേശീയ, രാജ്യാന്തര ഫുട്ബോളിൽ കൂടുതൽ അവസരം ലഭിക്കാൻ യുവതാരങ്ങളെ ലീഗ് സഹായിക്കുമെന്നാണു പ്രതീക്ഷ. കേരളത്തിൽ നിന്നു ചുരുക്കം കളിക്കാർക്കു മാത്രമാണു നിലവിൽ ഐഎസ്എൽ, ഐ ലീഗുകളിൽ കളിക്കാനും വിദേശ താരങ്ങൾക്കൊപ്പം കളിക്കാനും സാധിക്കുന്നത്.
സൂപ്പർ ലീഗ് കേരള വരുന്നതോടെ കേരളത്തിലെ മികച്ച താരങ്ങൾക്കു വിദേശ പ്രതിഭകളോടൊപ്പം കളിച്ചു സ്വന്തം മികവു വർധിപ്പിക്കാൻ അവസരമൊരുങ്ങും.
ഏഷ്യൻ താരങ്ങൾക്കൊപ്പം ആഫ്രിക്ക, യൂറോപ്പ്, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ കളിക്കാരും പരിശീലകരും വിവിധ ടീമുകളുടെ ഭാഗമാകും.
സൂപ്പർ സ്റ്റാർ സദസ്സ്
കൊച്ചി ∙ സൂപ്പർ ലീഗ് കേരളയുടെ പ്രഖ്യാപനം നടന്നതു കായികതാരങ്ങളും സംരംഭകരും ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾനിറഞ്ഞ സദസ്സിൽ. സ്പോർട്സ് കമന്റേറ്ററും എസ്എൽകെ ഡയറക്ടറുമായ ചാരു ശർമ, കമന്റേറ്റർ മന്ദിര ബേദി, ഹൈബി ഈഡൻ, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി, മുൻ രാജ്യാന്തര ഫുട്ബോൾ താരങ്ങളായ ഷബീർ അലി, ഐ.എം വിജയൻ, ബൈച്ചുങ് ബൂട്ടിയ, സി.സി.ജേക്കബ്, വിക്ടർ മഞ്ഞില, എം.എം.ജേക്കബ്, ജോപോൾ അഞ്ചേരി, എൻ.പി.പ്രദീപ്, കെ.ടി.ചാക്കോ, ജിജു ജേക്കബ്, വി.പി.ഷാജി, കെ.അജയൻ, എം. സുരേഷ്, സുഷാന്ത് മാത്യു തുടങ്ങിയവർ വേദിയിലെത്തി; പന്തിൽ കയ്യൊപ്പിട്ടു. എസ്എൽകെ ഡയറക്ടർ ഫിറോസ് മീരാൻ, സിഇഒ മാത്യു ജോസഫ്, അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വൈസ് പ്രസിഡന്റ് എൻ.എ.ഹാരിസ്, ആക്ടിങ് സെക്രട്ടറി ജനറൽ എം.സത്യനാരായണൻ, കെഎഫ്എ ജനറൽ സെക്രട്ടറി പി.അനിൽകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.
ടീമുകളും നിക്ഷേപകരും
കൊച്ചി പൈപ്പേഴ്സ് എഫ്സി: മഹേഷ് ഭൂപതി (സിഇഒ, എസ്ജി സ്പോർട്സ് ആൻഡ് എന്റർടെയ്ൻമെന്റ്), എപിഎൽ അപ്പോളോ.
തൃശൂർ റോർ എഫ്‌സി: കാസ് പടാഫ്ത (ബ്രിസ്ബെയ്ൻ റോർ എഫ്സി ചെയർമാൻ), ബിനോയിറ്റ് ജോസഫ് (മാഗ്‌നസ് സ്പോർട്സ്), മുഹമ്മദ് റഫീഖ് (നുസിം ടെക്നോളജീസ്)
കണ്ണൂർ സ്ക്വാഡ് എഫ്‌സി: എം.പി.ഹസൻ കുഞ്ഞി (കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് ഡയറക്ടർ), മിബു ജോസ് നെറ്റിക്കാടൻ (കാസിൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ, ദോഹ), പ്രവീഷ് കുഴുപ്പിള്ളി (അസറ്റ് ഹോംസ് ഡയറക്ടർ), ഷമീം ബക്കർ (വയനാട് എഫ്‌സി പ്രമോട്ടർ),
തിരുവനന്തപുരം കൊമ്പൻസ് എഫ്സി: ഡോ.മുഹമ്മദ് ഇല്യാസ് സഹദുല്ല (കിംസ് സിഎംഡി), കെ.സി.ചന്ദ്രഹാസൻ (കേരള ട്രാവൽസ് എംഡി), ടി.ജെ.മാത്യൂസ് (കോവളം എഫ്സി സഹ ഉടമ), ഗൗരി ലക്ഷ്മി ബായ്.
മലപ്പുറം എഫ്‌സി: വി.എ.അജ്മൽ (ബിസ്മി ഗ്രൂപ്പ് എംഡി), ഡോ.അൻവർ അമീൻ ചേലാട്ട് (തിരൂർ സാറ്റ് എഫ്‌സി ആൻഡ് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്‌സ്), ബേബി നീലാമ്പ്ര (സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറം പ്രസിഡന്റ്)
കാലിക്കറ്റ് എഫ്സി: വി.കെ.മാത്യൂസ് (ഐബിഎസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ)
സർക്കാർ സംഘടിപ്പിച്ച രാജ്യാന്തര കായിക ഉച്ചകോടിയിൽ 5,000 കോടി രൂപയുടെ നിക്ഷേപമാണു വാഗ്ദാനം ചെയ്യപ്പെട്ടത്. അതിൽ ഫുട്ബോളാണ് വലിയ പ്രതീക്ഷ.
∙ മന്ത്രി വി.അബ്ദുറഹിമാൻ
യുവ കളിക്കാർക്കു പ്രഫഷനൽ താരങ്ങളായി വളരാനുള്ള സാധ്യതകളാണു സൂപ്പർ ലീഗ് ഒരുക്കുന്നത്. രണ്ടു വർഷത്തെ കഠിനശ്രമത്തിന്റെ ഫലപ്രാപ്തിയാണിത്.
∙ നവാസ് മീരാൻ, കെഎഫ്എ പ്രസിഡന്റ്