തോൽവിയറിയാതെ 50 മത്സരങ്ങൾ പൂർത്തിയാക്കി ബയർ ലെവർക്യുസൻ; തോറ്റ ചരിത്രം കേട്ടിട്ടില്ല!
Mail This Article
ബർലിൻ ∙ ബയർ ലെവർക്യുസൻ ഇതിനു മുൻപ് അവസാനമായി ഒരു തോൽവിയറിഞ്ഞത് ബോഹമിനെതിരെയാണ്. കഴിഞ്ഞ വർഷം മേയിലായിരുന്നു ആ 3–0 തോൽവി. ഒരു വർഷം പിന്നിടുമ്പോൾ അതേ ടീമിനെതിരെ അതേ മൈതാനത്ത് 5–0 വിജയവുമായി ലെവർക്യുസൻ അതുല്യമായി ഒരു നേട്ടം കൈവരിച്ചു– തോൽവിയറിയാതെ തുടരെ 50 മത്സരങ്ങൾ! ജർമൻ ബുന്ദസ്‌ലിഗ കിരീടം നേരത്തേതന്നെ ഉറപ്പിച്ച ലെവർക്യുസൻ എവേ ഗ്രൗണ്ടിൽ നടന്ന മത്സരം അക്ഷരാർഥത്തിൽ ഗോളടിച്ച് ആഘോഷമാക്കി.
പാട്രിക് ഷിക്ക് (41–ാം മിനിറ്റ്), വിക്ടർ ബോണിഫേസ് (45+2, പെനൽറ്റി), അമിൻ അദ്‌ലി (76), ജോസിപ് സ്റ്റാനിസിക് (86), അലക്സ് ഗ്രിമാൽഡോ (90+8) എന്നിവരാണ് ലെവർക്യുസനായി ലക്ഷ്യം കണ്ടത്. 15–ാം മിനിറ്റിൽ ഫെലിക്സ് പാസ്‌ലാക് ചുവപ്പു കാർഡ് കണ്ടതോടെ 10 പേരുമായാണ് ബോഹം കളിച്ചത്. 18ന് സ്വന്തം മൈതാനത്ത് ഓസ്ബർഗിനെതിരെയുള്ള മത്സരം കൂടി ജയിച്ച് അപരാജിതരായി ബുന്ദസ്‌ലിഗ പൂർത്തിയാക്കിയാൽ പിന്നെ ലെവർക്യുസനു മുന്നിലുള്ളത് രണ്ടു ഫൈനലുകൾ.
22ന് ഡബ്ലിനിൽ നടക്കുന്ന യൂറോപ്പ ലീഗ് ഫൈനലിൽ ഇറ്റാലിയൻ ക്ലബ് അറ്റലാന്റയ്ക്കെതിരെയും രണ്ടു ദിവസങ്ങൾക്കു ശേഷം ബർലിനിൽ നടക്കുന്ന ജർമൻ കപ്പ് ഫൈനലിൽ കൈസർസ്‌ലോട്ടനെതിരെയുമാണ് മുൻ സ്പാനിഷ് താരം സാബി അലോൻസോ പരിശീലിപ്പിക്കുന്ന ടീമിനു മത്സരങ്ങൾ.
എല്ലാ ചാംപ്യൻഷിപ്പുകളിലുമായി 41 വിജയങ്ങളാണ് ഈ സീസണിൽ ലെവർക്യുസൻ നേടിയത്. 9 മത്സരങ്ങൾ സമനിലയായി. ബുന്ദസ്‌ലിഗയിൽ 27, യൂറോപ്പ ലീഗിൽ 9, ജർമൻ കപ്പിൽ 5 എന്നിവയാണ് ഈ സീസണിൽ ലെവർക്യുസൻ നേടിയത്.
സീസണിൽ 141 ഗോളുകളാണ് ലെവർക്യുസൻ താരങ്ങൾ നേടിയത്. ഇതിൽ 87 എണ്ണം ബുന്ദസ്‌ലിഗയിൽ തന്നെ. ആകെ വഴങ്ങിയത് 23 ഗോളുകൾ മാത്രം. ഗോൾ വ്യത്യാസം +64.
കഴിഞ്ഞ വാരം യൂറോപ്പ ലീഗ് സെമിഫൈനലിൽ എഎസ് റോമയോടു സമനില വഴങ്ങിയതോടെ യൂറോപ്യൻ ഫുട്ബോളിൽ തോൽവിയറിയാതെ കൂടുതൽ മത്സരങ്ങൾ എന്ന റെക്കോർഡ് ലെവർക്യുസൻ സ്വന്തമാക്കിയിരുന്നു. 1963–65 കാലഘട്ടത്തിൽ തുടരെ 48 മത്സരങ്ങളിൽ പരാജയമറിയാതെ നിന്ന പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയെയാണ് പിന്നിലാക്കിയത്.
നൈജീരിയൻ താരം വിക്ടർ ബോണിഫേസാണ് ബുന്ദസ്‌ലിഗയിൽ ലെവർക്യുസന്റെ ടോപ് സ്കോറർ (13). ആകെ 16 താരങ്ങൾ ബുന്ദസ്‌ലിഗ സീസണിൽ ലെവർക്യുസനായി ലക്ഷ്യം കണ്ടു. സ്പെയിൻ താരം അലക്സ് ഗ്രിമാൽഡോയാണ് ഗോൾ അസിസ്റ്റുകളിൽ മുന്നിൽ–14.