ഗോൾഡൻ ബോൾ മോഷണം പോയതെന്ന് മറഡോണയുടെ മക്കൾ, പാരിസിലെ ലേലം തടയണമെന്നും ആവശ്യം
Mail This Article
പാരിസ് ∙ 1986 ലോകകപ്പിലെ മികച്ച താരമെന്ന നിലയിൽ അർജന്റീന ഫുട്ബോൾ താരം ഡിയേഗോ മറഡോണയ്ക്കു ലഭിച്ച ഗോൾഡൻ ബോൾ ട്രോഫി മോഷണം പോയതാണെന്നും അതു ലേലം ചെയ്യുന്നത് തടയണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ താരത്തിന്റെ മക്കൾ. മറഡോണയ്ക്കു കിട്ടിയ പുരസ്കാരം ജൂൺ 6നു ലേലത്തിനു വയ്ക്കുമെന്ന് ഫ്രഞ്ച് കമ്പനിയായ അഗ്യൂട്ട്സ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഇതിനുള്ള ഒരുക്കങ്ങൾ നടക്കവേ ആണ് ആരോപണവുമായി മറഡോണയുടെ അനന്തരാവകാശികൾ രംഗത്തെത്തിയത്. ലേലം തടയണമെന്നാവശ്യപ്പെട്ട് അടിയന്തര അപേക്ഷ നൽകുമെന്ന് ഇവരുടെ അഭിഭാഷകനായ ഗിലെസ് മോറ്യു പറഞ്ഞു. ട്രോഫി മോഷണം പോയതിനുള്ള പരാതിയും നൽകും. 1986ൽ മറഡോണയ്ക്കു ലഭിച്ച ട്രോഫി വർഷങ്ങളോളം എവിടെയാണ് എന്നതിനെക്കുറിച്ച് വിവരമില്ലായിരുന്നു. പിന്നീട് 2006ലാണ് ഇത് പാരിസിലെ ഒരു സ്വകാര്യ ശേഖരത്തിൽ നിന്നു കണ്ടെടുത്തത്.
ചൂതാട്ടത്തിൽ വൻതുക നഷ്ടപ്പെട്ട മറഡോണ ഇതു വീട്ടുന്നതിനായി ട്രോഫി വിറ്റതാണെന്നാണ് ലേലനടത്തിപ്പുകാരായ അഗ്യൂട്ട്സ് പറഞ്ഞിരുന്നത്. എന്നാൽ ഇറ്റാലിയൻ നഗരമായ നേപ്പിൾസിലെ ഒരു ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന ട്രോഫി അവിടെ നിന്ന് മോഷണം പോയതാണെന്നാണ് താരത്തിന്റെ മക്കളുടെ വാദം.