റൊണാൾഡോയ്ക്കും മെസ്സിക്കും പിന്നിലായ സുനിൽ ഛേത്രി; ക്യാപ്റ്റൻ, ലീഡർ, ലെജൻഡ്
Mail This Article
39–ാം വയസ്സിൽ രാജ്യാന്തര ഫുട്ബോളിൽനിന്ന് ഇതിഹാസ താരം സുനിൽ ഛേത്രി ബൂട്ടഴിക്കുകയാണ്. ഇന്ത്യൻ ഫുട്ബോളില്‍ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായാണു മടക്കം. ദേശീയ ടീമിനായി കൂടുതല്‍ മത്സരങ്ങൾ കളിച്ച താരം. ഗോൾ വേട്ടയിൽ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കുമൊപ്പം മൂന്നാമനായി ഇന്ത്യയുടെ സ്വന്തം ക്യാപ്റ്റൻ, ലീഡർ, ലെജൻഡ്.
150 രാജ്യാന്തര മത്സരങ്ങൾ കളിച്ച ആദ്യ ഇന്ത്യൻ താരമാണ് ഛേത്രി. മത്സരങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള മുൻ ഇന്ത്യൻ താരം ബൈച്ചുങ് ബൂട്ടിയ 88 കളികളിൽ മാത്രമാണ് ഇറങ്ങിയിട്ടുള്ളത്. 1984 ഓഗസ്റ്റ് മൂന്നിന് ആന്ധ്രപ്രദേശിലെ സെക്കന്തരാബാദിലാണ് ഛേത്രിയുടെ ജനനം. പിതാവ് കെ.ബി ഛേത്രി ഇന്ത്യൻ സൈന്യത്തിൽ ഉദ്യോഗസ്ഥനായിരുന്നു. കെ.ബി ഛേത്രി ഇന്ത്യൻ ആർമി ടീമിൽ അംഗമായിരുന്നു. മാതാവ് സുശീല ഛേത്രി. ഡാർജിലിങ്ങിലായിരുന്നു ഛേത്രിയുടെ കുട്ടിക്കാലം. 2017ൽ വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമാണ് സുനില്‍ ഛേത്രിയും സോനം ഭട്ടാചാര്യയും വിവാഹിതരായത്. മുൻ ഇന്ത്യൻ താരം സുബ്രതാ ഭട്ടാചാര്യയുടെ മകളാണ് സോനം. കഴിഞ്ഞ വർഷം ഇവർക്ക് ഒരു മകൻ ജനിച്ചു, പേര് ധ്രുവ്.
ഡൽഹിയിൽ തുടങ്ങി ബെംഗളൂരു വരെ
2001–2002 സീസണില്‍ ഡൽഹി പ്രീമിയർ ലീഗിൽ കളിച്ചുകൊണ്ടാണ് ഛേത്രി ക്ലബ്ബ് കരിയർ തുടങ്ങുന്നത്. സിറ്റി ക്ലബ് ഡൽഹിയുടെ താരമായിരുന്നു ഛേത്രി. അടുത്ത സീസണിൽ മോഹൻ ബഗാനിൽ ചേർന്നു. മൂന്ന് സീസണുകൾക്കു ശേഷം ജെസിടി മിൽസ് ടീമിലെത്തി. പിന്നീട് ഈസ്റ്റ് ബംഗാളിലും ഡെംപോയിലും കളിച്ചു. 2010ലാണ് ഛേത്രി യുഎസിലെ മേജര്‍ ലീഗ് സോക്കറിൽ കളിക്കുന്നത്. കൻസസ് സിറ്റിയുടെ താരമായിരുന്നു ഛേത്രി. പിന്നീട് പോർച്ചുഗലിലെ ലിഗ പ്രോയിൽ സ്പോർടിങ് സിപിക്കു വേണ്ടിയും കളിച്ചു. 2013 മുതൽ രണ്ടു സീസണുകളിൽ ബെംഗളൂരു എഫ്സിക്കായി ഐ ലീഗിൽ കളിച്ചു. ഇന്ത്യൻ സൂപ്പർ ലീഗ് രൂപീകരിച്ചപ്പോൾ മുംബൈ സിറ്റിയുടെ താരമായി. 2017 മുതൽ ഏഴു സീസണുകളിൽ ബെംഗളൂരു എഫ്സിക്കൊപ്പം തുടരുന്നു. ക്ലബ്ബ് കരിയറിൽ 550 മത്സരങ്ങളിൽനിന്നായി 253 ഗോളുകൾ താരം നേടിയിട്ടുണ്ട്.
150 രാജ്യാന്തര മത്സരങ്ങൾ, 94 ഗോളുകൾ
2005ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ച ഛേത്രിക്ക് ഇനിയും രാജ്യാന്തര ഫുട്ബോളിൽ അവസരങ്ങള്‍ ലഭിക്കുമായിരുന്നു. 94 രാജ്യാന്തര ഗോളുകളുള്ള ഛേത്രിക്ക് സെഞ്ചറി തികയ്ക്കാനായി ഇനി ആറു ഗോളുകൾ കൂടി മതി. എന്നാൽ വ്യക്തിപരമായ നേട്ടങ്ങൾക്കും മുകളിലാണു പുതിയ താരങ്ങൾക്കു വഴിയൊരുക്കുന്നതെന്നു കരുതുന്ന ഛേത്രി നേരത്തേ തന്നെ ബൂട്ടഴിക്കാൻ തീരുമാനിച്ചു. രാജ്യാന്തര കരിയറിൽ 49 ടീമുകൾക്കെതിരെ ഛേത്രി ഗോളുകൾ നേടിയിട്ടുണ്ട്. നേപ്പാളിനെതിരെയാണ് ഛേത്രി കൂടുതൽ തവണ വല കുലുക്കിയത്. 13 മത്സരങ്ങളിൽ അടിച്ചുകൂട്ടിയത് ഒൻപതു ഗോളുകൾ.
മാലദ്വീപിനെതിരെ എട്ടും ബംഗ്ലദേശിനെതിരെ ആറും ഗോളുകൾ ഛേത്രി നേടി. രാജ്യാന്തര മത്സരങ്ങളിൽ സജീവ ഫുട്ബോളർമാരിൽ ഗോൾ നേട്ടത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു ഛേത്രി. 150 മത്സരങ്ങളിൽ 94 ഗോളുകൾ. 128 ഗോളുകളുമായി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാമതും അർജന്റീനയുടെ മെസ്സി 106 ഗോളുകളുമായി രണ്ടാമതും നിൽക്കുന്നു. രാജ്യാന്തര ഫുട്ബോളിൽ കൂടുതൽ ഹാട്രിക്കുകൾ നേടിയ ഇന്ത്യക്കാരനും ഛേത്രിയാണ്. നാലു തവണ ഛേത്രി ഹാട്രിക് തികച്ചു. 2023 സാഫ് കപ്പിൽ പാക്കിസ്ഥാനെതിരെയായിരുന്നു അവസാന ഹാട്രിക് നേട്ടം.
രാജ്യാന്തര ഫുട്ബോളിൽ 12 ഇന്ത്യക്കാർ ഇതുവരെ ഹാട്രിക് അടിച്ചിട്ടുണ്ട്. എന്നാൽ മൂന്നോ, അതിൽ കൂടുതലോ തവണ ഹാട്രിക് അടിച്ച ഏക ഇന്ത്യക്കാരൻ ഛേത്രിയാണ്. 2008ൽ എഎഫ്സി കപ്പ് വിജയിച്ച ടീമിൽ അംഗമായിരുന്നു. 2011, 2015, 2021, 2023 വർഷങ്ങളിൽ സാഫ് ചാംപ്യൻഷിപ്പും 2007, 2009, 2012 സീസണുകളിൽ നെഹ്‍റു കപ്പും ഛേത്രി വിജയിച്ചിട്ടുണ്ട്. മൂന്ന് വൻകരകളിൽ ഇന്ത്യയ്ക്കായി ബൂട്ടുകെട്ടിയ ഛേത്രി 87 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചു.