ബ്ലാസ്റ്റേഴ്സിന് എഎഫ്സി ലൈസൻസ് ഇല്ല; കൊച്ചി സ്റ്റേഡിയത്തിലെ സുരക്ഷാവീഴ്ചകൾ കാരണമെന്ന്
സൂചന
Mail This Article
കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു ക്ലബ് ലൈസൻസ് നിഷേധിച്ച ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ (എഎഫ്സി) നടപടിയിൽ ഞെട്ടി ലക്ഷക്കണക്കിന് ആരാധകർ. ഹോം ഗ്രൗണ്ടായ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയവുമായി ബന്ധപ്പെട്ട സുരക്ഷ – അടിസ്ഥാന സൗകര്യ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് എഎഫ്സി ക്ലബ്ബിനു ലൈസൻസ് നിഷേധിച്ചതെന്നാണു സൂചന. ലൈസൻസ് നിഷേധിച്ചതായി ക്ലബ്ബിന് ഔദ്യോഗിക അറിയിപ്പു ലഭിച്ചിട്ടില്ല. അപേക്ഷ നിരസിച്ചെങ്കിലും വീണ്ടും അപേക്ഷിക്കാൻ കഴിയും. എഎഫ്സി ചൂണ്ടിക്കാണിച്ച വീഴ്ചകൾ പരിഹരിക്കണമെന്നു മാത്രം.
കഴിഞ്ഞ വർഷം കലൂർ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സിന്റെ മത്സരം വീക്ഷിച്ച എഎഫ്സി സെക്രട്ടറി ജനറൽ വിൻഡ്സർ ജോൺ കാണികളുടെ പങ്കാളിത്തത്തിൽ തൃപ്തനായിരുന്നെങ്കിലും സുരക്ഷാ ക്രമീകരണങ്ങളിൽ അതൃപ്തിയാണു പ്രകടിപ്പിച്ചത്. കാണികളും കളിക്കാരും ഇടകലർന്നു സ്റ്റേഡിയം വിട്ടിറങ്ങുന്നതു സുരക്ഷാ വീഴ്ചയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സ്റ്റേഡിയത്തിൽ കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് എഎഫ്സി മാനദണ്ഡങ്ങൾക്കു വിരുദ്ധമാണെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. റസ്റ്ററന്റുകളിൽ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്നതും മത്സര ദിവസങ്ങളിൽ കച്ചവട സ്ഥാപനങ്ങൾ തുറക്കുന്നതും എഎഫ്സി എതിർത്തിരുന്നു.
ഐഎസ്എൽ ടീമുകളിൽ ബ്ലാസ്റ്റേഴ്സിനു പുറമേ ഒഡീഷ എഫ്സി, ഹൈദരാബാദ് എഫ്സി, ജംഷഡ്പുർ എഫ്സി എന്നിവയുടെ ലൈസൻസ് അപേക്ഷകളും എഎഫ്സി നിഷേധിച്ചിട്ടുണ്ട്. എഎഫ്സി മത്സരങ്ങളിൽ പങ്കെടുക്കണമെങ്കിൽ ക്ലബ്ബുകൾക്ക് ലൈസൻസ് അത്യാവശ്യമാണ്. ഐഎസ്എലിൽ പഞ്ചാബ് എഫ്സിക്കു മാത്രമാണു ക്ലീൻ ലൈസൻസ് ലഭിച്ചത്. മോഹൻ ബഗാൻ, മുംബൈ സിറ്റി എഫ്സി, എഫ്സി ഗോവ, ബാംഗ്ലൂർ എഫ്സി, ചെന്നൈയിൻ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ് ടീമുകൾക്കു ലൈസൻസ് അനുവദിച്ചത് ഉപാധികളോടെ.