അഡ്രിയൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിൽ തുടരും, 2027 വരെ കരാർ പുതുക്കി
Mail This Article
കൊച്ചി ∙ ‘ആശാൻ’ ഇവാനു പിന്നാലെ പ്രിയ ശിഷ്യനും ടീം വിട്ടു പോകുമോ എന്ന ആശങ്കയിലായിരുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വസിക്കാം. യുറഗ്വായ് മിഡ്ഫീൽഡർ അഡ്രിയൻ ലൂണ 2027 വരെ ബ്ലാസ്റ്റേഴ്സിൽ തുടരും. പുതിയ കരാറിൽ ലൂണ ഒപ്പുവച്ചു. സെർബിയൻ കോച്ച് ഇവാൻ വുക്കോമനോവിച്ച് അപ്രതീക്ഷിതമായി ബ്ലാസ്റ്റേഴ്സുമായി വഴി പിരിഞ്ഞതോടെ ടീം ക്യാപ്റ്റൻ കൂടിയായ ലൂണയും ക്ലബ് വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു.
ആരാധകരുടെ ആശങ്കകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതോടെ 10 ദിവസം മുൻപു ക്ലബ് ഡയറക്ടർ നിഖിൽ ഭരദ്വാജ് നിമ്മഗദ്ദ മറുപടി നൽകി: ലൂണ എവിടേക്കും പോകില്ല! എങ്കിലും ആരാധകർ ആശങ്കയുടെ നിഴലിൽ തന്നെയായിരുന്നു. താര വിപണിയിൽ 6.6 കോടി രൂപ മൂല്യമുള്ള ലൂണയ്ക്കു ബ്ലാസ്റ്റേഴ്സ് നൽകുന്ന പ്രതിഫലം എത്രയെന്നു വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, പുതിയ കോച്ചിനെ സംബന്ധിച്ചോ ലൂണ ഒഴികെ, നിലവിലെ പ്രധാന താരങ്ങളുടെ ഭാവി സംബന്ധിച്ചോ ഔദ്യോഗിക വിവരങ്ങളൊന്നും ക്ലബ് ഇനിയും പങ്കുവച്ചിട്ടില്ല. എഫ്സി ഗോവയുടെ ലെഫ്റ്റ് വിങ്ങറും മൊറോക്കൻ താരവുമായ നോഹ സദൂയിയും ഐ ലീഗ് ടീമായ ഐസോൾ എഫ്സിയുടെ ഗോൾകീപ്പർ നോറ ഫെർണാണ്ടസും ബ്ലാസ്റ്റേഴ്സുമായി ധാരണയിലെത്തിയെങ്കിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. സദൂയി– ഗോവ കരാർ ഈ മാസം 31ന് അവസാനിക്കും.
കഴിഞ്ഞ ഐഎസ്എൽ സീസണിലെ ടോപ് സ്കോററായ ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രി ഡയമന്റകോസിനെ ബ്ലാസ്റ്റേഴ്സ് നിലനിർത്തുമോയെന്ന കാര്യത്തിലും അവ്യക്തതയുണ്ട്. അദ്ദേഹത്തിനു കൂടുതൽ പ്രതിഫലം നൽകേണ്ടി വരുമെന്നാണു സൂചന. ലൂണയും ഡയമന്റകോസും ഉൾപ്പെടെയുള്ള താരങ്ങൾക്കായി വിവിധ ഐഎസ്എൽ ടീമുകൾ വലയെറിഞ്ഞിരുന്നു. അവസാന മത്സരങ്ങളിൽ തിളങ്ങിയ ഗോൾ കീപ്പർ ലാറ ശർമ ടീം വിടുമെന്നാണു സൂചന. 31 വരെയാണു ബ്ലാസ്റ്റേഴ്സുമായി ലാറയ്ക്കു കരാറുള്ളത്.