ദിമിത്രിയോസ് ഡയമെന്റകോസ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു, ആരാധകർക്കു നന്ദി പറഞ്ഞ് താരം
Mail This Article
കൊച്ചി∙ കഴിഞ്ഞ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾവേട്ടക്കാരനായിരുന്ന ദിമിത്രിയോസ് ഡയമെന്റകോസ് ക്ലബ്ബ് വിട്ടു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ ഡയമെന്റകോസ് ആരാധകർക്കുള്ള നന്ദി അറിയിച്ചു. ടീമെന്ന നിലയിൽ ബ്ലാസ്റ്റേഴ്സിൽ ലഭിച്ച നിമിഷങ്ങളെക്കുറിച്ചു പറയാൻ വാക്കുകളില്ലെന്നും കേരളത്തോടൊപ്പമുള്ള രണ്ടു വർഷക്കാലം അവസാനിക്കുകയാണെന്നും ദിമി വ്യക്തമാക്കി.
31 വയസ്സുകാരനായ ദിമിത്രിയോസ് ഡയമെന്റകോസായിരുന്നു ഐഎസ്എൽ 2023–24 സീസണിലെ ഗോൾഡന്‍ ബൂട്ട് ജേതാവ്. സീസണിൽ 17 മത്സരങ്ങളിൽനിന്ന് 13 ഗോളുകൾ താരം ബ്ലാസ്റ്റേഴ്സിനായി നേടി. മൂന്ന് ഗോളുകൾക്ക് അസിസ്റ്റ് നൽകി. പരിശീലകൻ ഇവാൻ വുക്കൊമാനോവിച്ച് ബ്ലാസ്റ്റേഴ്സ് വിട്ടതിനു പിന്നാലെയാണ് ഡയമെന്റകോസും ബ്ലാസ്റ്റേഴ്സ് ക്യാംപില്‍നിന്നു മടങ്ങുന്നത്.
2022 ൽ ക്രൊയേഷ്യൻ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബ് ഹജ്ജുക് സ്പ്ലിറ്റിൽനിന്നാണ് ഗ്രീക്ക് താരം ബ്ലാസ്റ്റേഴ്സിൽ ചേർന്നത്. ഗ്രീസ് സീനിയർ ടീമിനായി അഞ്ചു മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അണ്ടർ 21, അണ്ടർ 20, അണ്ടർ 19 ടീമുകൾക്കു വേണ്ടിയും ദേശീയ ടീമില്‍ കളിച്ചിട്ടുണ്ട്. എങ്ങോട്ടാണ് പോകുന്നതെന്നു താരം വ്യക്തമാക്കിയിട്ടില്ല. ഐഎസ്എല്ലിലെ ഈസ്റ്റ് ബംഗാളും മുംബൈ സിറ്റി എഫ്സിയും ഡയമെന്റകോസിനെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നുണ്ട്.