ADVERTISEMENT

2015ൽ ലിവർപൂളിലെത്തിയതിനു ശേഷമുള്ള ആദ്യത്തെ മാധ്യമസമ്മേളനത്തിൽ യുർഗൻ ക്ലോപ്പ് പറഞ്ഞു: ഞാനൊരു നോർമൽ ആളാണ്! മുൻപൊരിക്കൽ പോർച്ചുഗീസ് കോച്ച് ഹൊസെ മൗറീഞ്ഞോ താനൊരു സ്പെഷൽ കോച്ച് ആണെന്നു പറഞ്ഞതിനെ ട്രോളുകയായിരുന്നു ക്ലോപ്പ്. സംഭവബഹുലമായ 9 വർഷം പിന്നിട്ട് ക്ലോപ്പ് കഴിഞ്ഞ ദിവസം ക്ലബ്ബിനോടു വിടവാങ്ങിയപ്പോൾ അദ്ദേഹത്തിനു കീഴിൽ ടീം നേടിയ ട്രോഫികൾ മൈതാനത്തു നിരത്തിവച്ച് അതിനു താഴെ ക്ലബ് മാനേജ്മെന്റ് കുറിച്ചു: വെറും നോർമലല്ല, അതിലുമേറെയാണ് താങ്കൾ! 

‘‘ഇനി കുറച്ചു കാലം ഞാൻ സ്വകാര്യജീവിതം ആഗ്രഹിക്കുന്നു. വീണ്ടും പരിശീലകനാകുമോയെന്നു പോലും ഉറപ്പില്ല. പക്ഷേ, ആൻഫീൽഡിലേക്ക് എന്റെ പ്രിയപ്പെട്ട ടീമിന്റെ കളി കാണാൻ കാഴ്ചക്കാരിലൊരാളായി ഞാൻ വരും’’–  ലിവർപൂൾ വൂൾവ്സിനെ 2–0ന് തോൽപിച്ച, ക്ലബ്ബിന്റെ പരിശീലകനെന്ന നിലയിലെ തന്റെ അവസാന മത്സരത്തിനു ശേഷം മാധ്യമങ്ങളെ കണ്ട അൻപത്തിയാറുകാരൻ ക്ലോപ്പ് പറഞ്ഞു. 

കവടി നിരത്തി കണ്ടെത്തി !

ബ്രൻഡൻ റോജേഴ്സിനു പകരം ലിവർപൂളിന്റെ പരിശീലക സ്ഥാനമേറ്റെടുക്കുമ്പോൾ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനൊപ്പം ബുന്ദസ്‌ലിഗ കിരീടം നേടിയതിന്റെ പ്രഭയിലായിരുന്നു ക്ലോപ്പ്. ലിവർപൂൾ ഉടമസ്ഥരിലൊരാളായ ജോൺ ഡബ്ല്യു ഹെൻറിയുടെ ‘മോഡേൺ’ ആയ നീക്കത്തിലൂടെയായിരുന്നു ക്ലോപ്പിന്റെ തിരഞ്ഞെടുപ്പ്. മേജർ ലീഗ് ബേസ്ബോൾ ക്ലബ് ബോസ്റ്റൺ റെഡ് സോക്സ് 3 വർഷം ലോക സീരീസ് ജേതാക്കളായതിനു പിന്നിലെ കണക്കിലെ കളി ജോണിനെ ആകർഷിച്ചു. ടീമിന്റെ പ്രകടനവും പോരായ്മകളും സ്റ്റാറ്റിസ്റ്റിക്സ് ഉപയോഗിച്ചു വിലയിരുത്തുന്ന രീതിയായിരുന്നു റെഡ് സോക്സ് അവലംബിച്ചത്. അതേ രീതിയിൽ ലിവർപൂളും കണക്കുനിരത്തി. സ്റ്റാറ്റിസ്റ്റിക്സ് അനുസരിച്ച് ലിവർപൂളിനു ചാംപ്യൻ ക്ലബ്ബാകാൻ വേണ്ട കണക്കിലെ പൊരുത്തം ക്ലോപ്പിനുണ്ടായിരുന്നു. ക്ലോപ്പിനൊപ്പം ക്ലബ്ബിനു വേണ്ട കളിക്കാരെയും ജോൺ ഇതേ രീതിയിൽ തന്നെ കണ്ടെത്തി! അതിനു ഫലമുണ്ടായതാണു ചരിത്രം. ക്ലോപ്പിനു കീഴിൽ ഒരു ചാംപ്യൻസ് ലീഗും പ്രിമിയർ ലീഗും ഉൾപ്പെടെ 7 കിരീടങ്ങളാണു ലിവർപൂൾ നേടിയത്. 

ഹെവിമെറ്റൽ കളി

ലോക ഫുട്ബോളിൽ ഗീഗൻപ്രസിങ് എന്ന പുതിയൊരു കളിശൈലികൂടി ജനകീയമാക്കിയ ശേഷമാണ് യൂർഗൻ ക്ലോപ്പ് ലിവർപൂളിൽനിന്നു മടങ്ങുന്നത്. ടീമിനു സ്വന്തം കാലിൽനിന്നു പന്തു നഷ്ടപ്പെട്ടാൽ കണ്ണുചിമ്മിത്തുറക്കും മുൻപേ അതു തിരികെ നേടുന്ന മാന്ത്രികവിദ്യയാണു ഗീഗെൻപ്രസിങ് (എതിരാളിയെ സമ്മർദത്തിലാക്കൽ എന്നാണ് ഈ ജർമൻ വാക്കിനർഥം). ക്ലോപ്പിന്റെ‌തന്നെ ഭാഷയിൽ ഹെവിമെറ്റൽ ഫുട്ബോൾ. ആസുരസ്വഭാവമുള്ള സംഗീതരൂപമായ ഹെവിമെറ്റലിന്റെ ഫുട്ബോൾ ഭാഷ്യമാണത്. ‘മുൻ ആർസനൽ കോച്ച് ആർസീൻ വെംഗറുടെ ശൈലി നിശ്ശബ്ദ സംഗീതമാണെങ്കിൽ എന്റേതു ശബ്ദവിപ്ലവമാണ്’– ക്ലോപ്പ് ഒരിക്കൽ പറഞ്ഞു.

യൊഹാൻ ക്രൈഫിലൂടെ ജനകീയമായ ടോട്ടൽ ഫുട്ബോളിനും സ്പെയിൻ ദേശീയ ടീമിന്റെയും ബാ‍ർസിലോനയുടെയും വിശ്വവിജയങ്ങളിലൂടെ ലോകമറിഞ്ഞ ടിക്കി ടാക്കയുടെയും വിപരീതസ്വഭാവമാണു ഗീഗെൻപ്രസിങ്ങിന്. എതിർ ടീം കളിക്കാരനു പന്തു കൈവിട്ടു നൽകേണ്ടി വന്നാൽ അരികിലുള്ള മറ്റൊരു കളിക്കാരനു പാസ് ചെയ്യാൻ  അയാൾക്കു സമയം കിട്ടുന്നതിനു മുൻപു തന്നെ കൂട്ടമായി ആക്രമിച്ച് പന്തു തിരികെപ്പിടിക്കുന്നതാണു ഗീഗെൻപ്രസിങ്. ജർമൻ ക്ലബ് മെയ്ൻസിൽ സ്ട്രൈക്കറായും പിന്നീടു ഡിഫൻഡറായും അധ്വാനിച്ചു കളിച്ചു ശീലിച്ച ക്ലോപ്പ് പിന്നാലെ മെയ്ൻസിന്റെ പരിശീലകനാവുകയാണു ചെയ്തത്. അവിടെയായിരുന്നു ഹെവിമെറ്റൽ കളിയുടെ തുടക്കം. ഡോർട്മുണ്ടിലും ലിവർപൂളിലും അതു തുടർന്ന ക്ലോപ്പ് മുഹമ്മദ് സലായും സാദിയോ മാനെയും വിർജിൽ വാൻദെയ്ക്കും ഉൾപ്പെടെയുള്ള താരങ്ങളെ കണ്ടെത്തി അവരെ തേച്ചുമിനുക്കി ലോഹത്തിളക്കമുള്ളവരാക്കുകയും ചെയ്തു.

English Summary:

Jurgen Klopp stepped down from Liverpool

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com