ലെവർക്യുസന് യൂറോപ്പും വേണം!
Mail This Article
ഡബ്ലിൻ ∙ അപരാജിതരായി ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോൾ ജേതാക്കളായ ബയേർ ലെവർക്യുസൻ യൂറോപ്യൻ കിരീടമോഹം സഫലമാക്കാൻ ഇന്നിറങ്ങുന്നു. അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിലെ അവീവ സ്റ്റേഡിയത്തിൽ നടക്കുന്ന യൂറോപ്പ ലീഗ് ഫൈനലിൽ ഇറ്റാലിയൻ ക്ലബ് അറ്റലാന്റയാണ് എതിരാളികൾ. കിക്കോഫ് ഇന്ത്യ സമയം രാത്രി 12.30ന്. സോണി ടെൻ ചാനലുകളിൽ തൽസമയം. ശനിയാഴ്ച രാത്രി ജർമൻ കപ്പ് ഫൈനലിൽ എഫ്സി കൈസർസ്‌ലോട്ടനെയും ലെവർക്യുസൻ നേരിടുന്നുണ്ട്. ഇതിനു മുൻപുള്ള 119 വർഷത്തെ ചരിത്രത്തിൽ 2 മേജർ കിരീടം മാത്രം നേടിയ ക്ലബ്ബിനു മുന്നിൽ ഈ സീസണിൽ കയ്യകലെ നിൽക്കുന്നത് ‘ട്രിപ്പിൾ ട്രോഫി’ എന്ന അവിസ്മരണീയ നേട്ടം!
സീസണിൽ 51 മത്സരങ്ങളിൽ തോൽവിയറിയാത്തതിന്റെ ആത്മവിശ്വാസത്തോടെയാണ് മുൻ സ്പാനിഷ് താരം സാബി അലോൻസോ പരിശീലിപ്പിക്കുന്ന ലെവർക്യുസൻ ഇന്നിറങ്ങുന്നത്. ലെവർക്യുസന്റെ അത്ര പകിട്ടില്ലെങ്കിലും ഇറ്റാലിയൻ സീരി എയിൽ സമീപ സീസണുകളിൽ ശക്തമായി സാന്നിധ്യമറിയിച്ച ടീമാണ് ജിയാൻ പിയെറോ ഗാസ്പെറിനി പരിശീലിപ്പിക്കുന്ന അറ്റലാന്റ. ഇത്തവണ സീരി എയിലും ടോപ് ഫൈവിലുണ്ട് ഇറ്റലിയിലെ ബെർഗാമോ ആസ്ഥാനമായുള്ള ക്ലബ്. ഇറ്റാലിയൻ കപ്പ് ഫൈനലിൽ എത്തിയെങ്കിലും യുവന്റസിനോട് 1–0നു പരാജയപ്പെട്ടു.