ഇവാൻ വുക്കൊമാനോവിച്ചിന് പകരക്കാരൻ വരുന്നു, കേരള ബ്ലാസ്റ്റേഴ്സിന് സ്വീഡിഷ് പരിശീലകൻ
Mail This Article
കൊച്ചി∙ സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കും. വ്യാഴാഴ്ച വൈകിട്ടാണ് ഇവാൻ വുക്കൊമാനോവിച്ചിന്റെ പകരക്കാരനെ ബ്ലാസ്റ്റേഴ്സ് സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചത്. 46 വയസ്സുകാരനായ സ്റ്റാറേ രണ്ടു വർഷത്തെ കരാറിലാണ് ടീമിനൊപ്പം ചേരുന്നത്.
പരിശീലകനായി 20 വർഷത്തെ അനുഭവ പരിചയമുള്ള ആളാണ് സ്റ്റാറേ. സ്വീഡൻ, ഗ്രീസ്, ചൈന, നോർവെ, യുഎസ്, തായ്‍ലൻഡ് ലീഗുകളിലെ ടീമുകളെയാണ് മുൻപു പരിശീലിപ്പിച്ചിട്ടുള്ളത്. തായ് ലീഗിലെ ഉതൈ താനിയെയാണ് ഒടുവിൽ പരിശീലിപ്പിച്ചത്. മാനേജ്മെന്റുമായുള്ള ക്രിയാത്മകമായ ചർച്ചയ്ക്കൊടുവിലാണ് ബ്ലാസ്റ്റേഴ്സിൽ ചേരാൻ തീരുമാനിച്ചതെന്ന് സ്റ്റാറേ പ്രതികരിച്ചു.
സ്വീഡിഷ് ക്ലബായ വാസ്‌ബി യൂണൈറ്റഡിലൂടെ പരിശീലക കുപ്പായം അണിഞ്ഞ സ്റ്റാറേ 2009ൽ സ്വീഡിഷ് ക്ലബായ എഐകെയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റു, എഐകെയ്‌ക്കൊപ്പം സ്വീഡിഷ് ലീഗ് ആയ ഓൾസ്‌വെൻസ്‌കാൻ ഒപ്പം തന്നെ കപ്പ് മത്സരങ്ങളായ സ്വെൻസ്‌ക കപ്പൻ, സൂപ്പർകുപെൻ എന്നിവ നേടിയതും ഐഎഫ്‌കെ ഗോട്ടെബർഗിനൊപ്പം സ്വെൻസ്‌ക കപ്പൻ നേടിയതും അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളാണ്.
ഐഎസ്എൽ ചരിത്രത്തിലെ ആദ്യ സ്വീഡിഷ് പരിശീലകനാണ് മിക്കേൽ സ്റ്റാറേ. തായ് ലീഗില്‍ 25 മത്സരങ്ങളിൽ ഉതൈ താനിയ്ക്കൊപ്പം തുടർന്ന സ്റ്റാറെ ഏഴു വിജയമാണു നേടിയത്. പത്തു കളികൾ തോറ്റപ്പോൾ എട്ടെണ്ണം സമനിലയിലാണ് കലാശിച്ചത്.