ഹാൻസി ഫ്ലിക് ബാർസ കോച്ച്; ബയൺ കോച്ചായി വിൻസന്റ് കോംപനി
Mail This Article
മഡ്രിഡ് ∙ ചാവി ഹെർണാണ്ടസിനു പകരം ജർമൻ ക്ലബ് ബയൺ മ്യൂണിക്കിന്റെയും ജർമൻ ദേശീയ ടീമിന്റെയും മുൻ പരിശീലകൻ ഹാൻസി ഫ്ലിക്കിനെ (59) സ്പാനിഷ് ക്ലബ് ബാർസിലോന ഹെഡ് കോച്ചായി നിയമിച്ചു. രണ്ടു വർഷത്തേക്കാണു കരാർ. 2023 സെപ്റ്റംബറിൽ ജർമനിയുടെ പരിശീലക സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ടതിനു ശേഷം കോച്ചിങ് കരിയറിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു ഫ്ലിക്. ബയൺ മ്യൂണിക്കിനൊപ്പം 2019–20 സീസണിൽ ചാംപ്യൻസ് ലീഗ് ഉൾപ്പെടെ 6 ട്രോഫികൾ നേടിയിരുന്നു.
ബയൺ കോച്ചായി വിൻസന്റ് കോംപനി
മ്യൂണിക് ∙ ജർമൻ ക്ലബ് ബയൺ മ്യൂണിക്കിന്റെ പുതിയ പരിശീലകനായി മുൻ ബൽജിയം താരം കൂടിയായ വിൻസന്റ് കോംപനി നിയമിതനായി. തോമസ് ടുഷേലിനു പകരം 2027 ജനുവരി വരെയാണു കരാർ. ഇംഗ്ലിഷ് പ്രിമിയർ ലീഗിൽനിന്ന് രണ്ടാം ഡിവിഷനിലേക്കു തരംതാഴ്ത്തപ്പെട്ട ബേൺലിയുടെ കോച്ചായിരുന്നു മുപ്പത്തിയെട്ടുകാരനായ കോംപനി. ബൽജിയത്തിന്റെ സുവർണ തലമുറയായി അറിയപ്പെട്ടിരുന്ന ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന കോംപനി 11 സീസണുകളിൽ ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്കായും കളിച്ചിട്ടുണ്ട്. ബേൺലി തരംതാഴ്ത്തപ്പെട്ടെങ്കിലും ബയൺ മാനേജ്മെന്റ് കോംപനിയെ കോച്ചാകാൻ സമീപിക്കുകയായിരുന്നു.