വിരമിക്കൽ തീരുമാനം ഞെട്ടലായി: സോനം
Mail This Article
കൊൽക്കത്ത ∙ രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിക്കുകയാണെന്ന് സുനിൽ ഛേത്രി പറഞ്ഞപ്പോൾ തനിക്കതു വലിയ മാനസികാഘാതമായെന്ന് ഭാര്യ സോനം ഭട്ടാചാര്യ. യോഗ്യതാ റൗണ്ടിലെ തുടർന്നുള്ള മത്സരങ്ങളിലും സുനിൽ കളിക്കേണ്ടതല്ലേ എന്നാണ് ഞാൻ ചിന്തിച്ചത്– സോനം പറഞ്ഞു. ‘‘സുനിലിന്റെ ജീവിതപങ്കാളിയെന്ന നിലയ്ക്കല്ല ഇന്ത്യൻ ഫുട്ബോൾ പ്രേമിയെന്ന നിലയ്ക്കാണ് അങ്ങനെ ആലോചിച്ചത്. എന്നാൽ ടീം മികച്ച ഫോമിലാണെന്നും താനില്ലെങ്കിലും ശക്തമായി മുന്നോട്ടുപോകുമെന്നാണ് സുനിൽ പറഞ്ഞത്. ഒരു തീരുമാനമെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്നയാളാണ് അദ്ദേഹം. അച്ഛൻ സുബ്രതോ ഭട്ടാചാര്യ വിരമിക്കുമ്പോൾ ഞാനും സഹോദരനും കുട്ടികളാണ്. ഞങ്ങളെ അന്നാരും ഗ്രൗണ്ടിൽ പോലും കൊണ്ടുപോയില്ല. അതിന്റെ സങ്കടം ഇപ്പോഴും എന്നെ പിന്തുടരുന്നുണ്ട്. മകൻ ധ്രുവിന്റെ ജീവിതത്തിൽ അങ്ങനെ സംഭവിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് അവനെ ചേർത്തുപിടിച്ച് ഈ ഗാലറിയിൽ ഇരിക്കുന്നത് ’’– സോൾട്ട്‍ ലേക്കിൽ കളിയിലേക്കു കണ്ണുനട്ട് സോനം പറഞ്ഞു.
കൊൽക്കത്തയിലെ എൽഗിൻ റോഡിലെ ഷോപ്പിങ് മാളിൽ വച്ചാണ് സുനിൽ ഛേത്രിയെ ആദ്യമായി സോനം കാണുന്നത്. കോച്ച് സുബ്രതോ ഭട്ടാചാര്യയുടെ മകളാണെന്ന് ആദ്യം കണ്ടപ്പോൾ ഛേത്രിയോടു പറഞ്ഞില്ല. അന്നു ബഗാന്റെ പരിശീലകനാണ് സുബ്രതോ. അക്കാര്യം പറഞ്ഞിരുന്നെങ്കിൽ സുനിൽ തന്നെ കാണാൻ വരില്ലായിരുന്നുവെന്ന് സോനത്തിനും നിശ്ചയം. പിന്നീട് ഇക്കാര്യം വെളിപ്പെടുത്തിയശേഷം 3 മാസത്തോളം സുനിൽ തന്നെ കാണാൻ വന്നില്ലെന്നും സോനം പറഞ്ഞു. സാഹചര്യങ്ങൾ പിന്നീട് അനുകൂലമായി. ജെസിടിയിൽ ചേർന്ന ശേഷം പതിവായി ഫോൺ വിളിക്കാൻ തുടങ്ങി, വൈകാതെ വിവാഹവും.