മിടുക്കനായ ശിഷ്യൻ; പിന്നെ മരുമകൻ
Mail This Article
കൊൽക്കത്ത ∙ ശ്യാം ഥാപ്പയെപ്പോലെ ബൈസിക്കിൾ കിക്കെടുക്കുന്ന ഉയരം കുറഞ്ഞ പയ്യൻ. 2002ൽ 17–ാം വയസ്സിൽ സുനിൽ ഛേത്രി മോഹൻ ബഗാന്റെ ട്രയൽസിനെത്തുമ്പോൾ കോച്ച് സുബ്രതോ ഭട്ടാചാര്യയുടെ കണ്ണുടക്കിയത് ആ ബൈസിക്കിൾ കിക്കിലാണ്. ഛേത്രി ബഗാനിൽ സുബ്രതോയുടെ ശിഷ്യൻ മാത്രമല്ല, പിന്നീട് അദ്ദേഹത്തിന്റെ കുടുംബത്തിലെ അംഗവുമായി.
മകൾ സോനത്തിന്റെ ഭർത്താവ് എന്ന നിലയിൽ. ഇപ്പോഴത്തെ ഫിറ്റ്നസ് ലെവൽ വച്ച് രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിച്ചാലും ദീർഘകാലം ഛേത്രിക്കു ക്ലബ്ബിൽ കളിക്കാനാകുമെന്ന് സുബ്രതോ പറയുന്നു. ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരം ചുനി ഗോസ്വാമി 1966ൽ വിരമിച്ചിട്ടും 6 വർഷം കൂടി ക്ലബ്ബ് ഫുട്ബോൾ കളിച്ചു. അപ്പോൾ ഛേത്രിക്കും അനായാസം കളി തുടരാം– സുബ്രതോയുടെ നിരീക്ഷണം.
‘‘ഏരിയൽ ബോളുകൾ ഗോളിലെത്തിക്കാൻ അസാധ്യമായ കഴിവ് ഛേത്രിക്കുണ്ട്. പ്രതിരോധപ്പൂട്ട് പൊളിക്കാനുള്ള വേഗമുണ്ട്. എങ്കിലും ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി ഛേത്രി വളരുമെന്ന് ഞാൻ കരുതിയില്ല. വിജയിക്കാനുള്ള തീവ്രമായ ആഗ്രഹമാണ് ഛേത്രിയെ വലിയ ലക്ഷ്യങ്ങളിലെത്തിച്ചത്’’– സുബ്രതോ പറഞ്ഞു.