ADVERTISEMENT

കൊൽക്കത്ത ∙ കുവൈത്തിനെതിരെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇന്ത്യ സമനില വഴങ്ങിയതിനു കാരണം പാസിങ്ങിലെ മോശം പ്രകടനമാണെന്ന് കോച്ച് ഇഗോർ സ്റ്റിമാച്ച്. സുനിൽ ഛേത്രിയുടെ അവസാന രാജ്യാന്തര മത്സരത്തിൽ അദ്ദേഹത്തിനു വിജയത്തോടെ വിടചൊല്ലാനാവാത്തതിൽ ടീമിനു നിരാശയുണ്ടെന്നും സ്റ്റിമാച്ച് പറഞ്ഞു. ‘‘തുടക്കത്തിൽ കുവൈത്ത് നമ്മളെക്കാൾ നന്നായി കളിച്ചു. അതിനു ശേഷമാണ് നമ്മൾ കളിയിലേക്കു വന്നത്. പക്ഷേ പാസിങ്ങിലെ വേഗക്കുറവും കൃത്യതയില്ലായ്മയും തിരിച്ചടിയായി. കുവൈത്തിന്റെ ഗോൾ ഏരിയയിൽ പെട്ടെന്നു പന്തെത്തിക്കാൻ ടീമിനായില്ല..’’– സ്റ്റിമാച്ച് വിലയിരുത്തി.   

 യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ മുന്നേറ്റം ആശങ്കയിലായതോടെ ക്രൊയേഷ്യക്കാരൻ സ്റ്റിമാച്ചിന്റെ പരിശീലകസ്ഥാനവും തുലാസിലാണ്. ഗ്രൂപ്പ് എയിൽ നിന്ന് ഖത്തർ (13 പോയിന്റ്) മൂന്നാം റൗണ്ട് ഉറപ്പാക്കിക്കഴിഞ്ഞു. രണ്ടാം സ്ഥാനക്കാർക്കും അടുത്ത റൗണ്ടിലേക്കു മുന്നേറാം. ഒപ്പം ഏഷ്യൻ കപ്പ് യോഗ്യതയും നേടാം. ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും ഇപ്പോൾ 5 പോയിന്റുണ്ട്. കുവൈത്തിന് 4 പോയിന്റും. എന്നാൽ 11ന് കരുത്തരായ ഖത്തറിനെയാണ് ഇന്ത്യയ്ക്ക് ഇനി നേരിടാനുള്ളത്. 

 അന്നു തന്നെ അഫ്ഗാനിസ്ഥാൻ കുവൈത്തിനെ നേരിടും. വ്യാഴാഴ്ച നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഖത്തറിനെ ഗോൾരഹിത സമനിലയിൽ പിടിച്ചു. ഖത്തറിനെപ്പോലെ കരുത്തരായ ടീമിനെ തോൽപിക്കാനുള്ള തന്ത്രങ്ങൾ കോച്ച് ഇഗോർ സ്റ്റിമാച്ചിന്റെ ഇന്ത്യൻ ടീമിനുണ്ടോ എന്നു കണ്ടറിയണം. ഇന്ത്യ മൂന്നാം റൗണ്ടിലെത്തിയില്ലെങ്കിൽ പരിശീലകസ്ഥാനം ഒഴിയുമെന്ന് സ്റ്റിമാച്ച് മുൻപു പറഞ്ഞിരുന്നു.

English Summary:

The reason for India's draw was poor performance in passing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com