ADVERTISEMENT

ദോഹ ∙ 73–ാം മിനിറ്റിൽ ഒരു വിവാദ ഗോൾ, 85–ാം മിനിറ്റിൽ മനസ്സു തകർത്ത് മറ്റൊന്നു കൂടി– ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഖത്തറിനെതിരെ ഒരു മണിക്കൂറിലേറെ മുന്നിട്ടുനിന്ന ശേഷം ഇന്ത്യയ്ക്കു ഹൃദയഭേദകമായ തോൽവി (2–1). തോൽവിയോടെ ഇന്ത്യ ഏഷ്യൻ യോഗ്യതയുടെ മൂന്നാം റൗണ്ടിലെത്താതെ പുറത്തായി. 2027ൽ നടക്കുന്ന ഏഷ്യൻ കപ്പിനും ഇന്ത്യയ്ക്കു നേരിട്ടു യോഗ്യത നേടാനായില്ല. എ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 1–0നു തോൽപിച്ച കുവൈത്ത് ഖത്തറിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടി. 

വര കടന്ന് വിവാദം 

ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ 37–ാം മിനിറ്റിൽ ലാലിയൻസുവാല ഛാങ്തെ നേടിയ ഗോളിലാണ് ഇന്ത്യ മുന്നിലെത്തിയത്. അപ്പുറം കുവൈത്ത്– അഫ്ഗാനിസ്ഥാൻ മത്സരവും സമനിലയിലാണെന്ന് അറിഞ്ഞതോടെ വലിയ സന്തോഷത്തിലാണ് ഇന്ത്യ ഹാഫ്ടൈമിനു പിരിഞ്ഞത്. രണ്ടാം പകുതിയിലും 25 മിനിറ്റോളം ലീഡ് നിലനിർത്തിയ ഇന്ത്യയ്ക്കു മേൽ ദൗർഭാഗ്യം വന്നു പതിച്ചത് 73–ാം മിനിറ്റിൽ. ഫ്രീകിക്കിനെത്തുടർന്നുള്ള ഹെഡറിലൂടെയുള്ള ഖത്തറിന്റെ ഗോൾശ്രമം ഇന്ത്യൻ പെനൽറ്റി ഏരിയയിൽ ഗുർപ്രീത് സിങ് സന്ധു തടഞ്ഞെങ്കിലും പന്ത് കയ്യിലൊതുക്കാനായില്ല. പോസ്റ്റിനപ്പുറം ലൈനിനു പുറത്തു പോയ പന്ത് കാലുകൊണ്ടു വലിച്ചെടുത്ത് ഖത്തർ താരം യൂസഫ് അയ്മൻ പോസ്റ്റിനുള്ളിലേക്ക് തട്ടിയിടുമ്പോൾ ഇന്ത്യൻ താരങ്ങൾ കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. റഫറി ഗോൾ അനുവദിച്ചതോടെ പന്ത് പുറത്തു പോയി എന്ന് ഇന്ത്യൻ താരങ്ങൾ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. മത്സരത്തിൽ വിഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) സംവിധാനം ഇല്ലാതിരുന്നതും ഇന്ത്യയ്ക്കു തിരിച്ചടിയായി. മനസ്സു തകർന്ന ഇന്ത്യൻ താരങ്ങളെ നിസ്സഹായരാക്കി 85–ാം മിനിറ്റിൽ അഹമ്മദ് അൽ റാവി ഖത്തറിന്റെ രണ്ടാം ഗോളും നേടി. പിന്നാലെ അഫ്ഗാനെതിരെ കുവൈത്ത് ലീഡ് നേടിയതോടെ ഇന്ത്യയ്ക്കു മുന്നേറാൻ വിജയം തന്നെ അനിവാര്യമായി. അതിനുള്ള സമയവും സാഹചര്യവും ഉണ്ടായിരുന്നില്ലെന്നു മാത്രം. 

വിഎആർ ഉണ്ടായിരുന്നെങ്കിൽ! 

നിർണായക മത്സരത്തിലെ വിവാദഗോളിൽ ഇന്ത്യയ്ക്കു നഷ്ടമായത് വലിയൊരു സ്വപ്നം. ടിവി റീപ്ലേയിൽ പന്ത് പൂർണമായി പുറത്തു പോയി എന്നു തെളിഞ്ഞെങ്കിലും റഫറിയുടെ തീരുമാനം പുനഃപരിശോധിക്കാനുള്ള വിഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) സംവിധാനം ഏഷ്യൻ ലോകകപ്പ് യോഗ്യതാ രണ്ടാം റൗണ്ടിൽ ഇല്ലാതിരുന്നത് ഇന്ത്യയ്ക്കു വലിയ തിരിച്ചടിയായി. പന്ത് പുറത്തു പോയി എന്നുറപ്പിച്ചു നിന്ന ഇന്ത്യൻ താരങ്ങൾക്ക് ഖത്തറിന്റെ ഗോൾ തടയാനുമായില്ല. 

ജപ്പാന്റെ ഗോൾ 

പന്തിന്റെ കുറച്ചുഭാഗമെങ്കിലും ഗോൾവരയ്ക്കു മീതെയുണ്ടെങ്കിൽ അതു കളത്തിനു പുറത്തു പോയില്ല എന്നു റഫ റിക്കു വിധിക്കാം. അതിനു പന്ത് വരയിൽ തൊടണമെന്നു പോലുമില്ല. വായുവിലുള്ള പന്തിന്റെ വളഞ്ഞ ഭാഗം (curvature) ഗോൾവരയ്ക്കു മീതെ ആയാലും മതി. കഴിഞ്ഞ ലോകകപ്പിൽ സ്പെയിനെതിരെ ജപ്പാൻ ഇത്തരത്തിൽ ഒരു ഗോൾ നേടിയിരുന്നു. അന്ന് റഫറി ആദ്യം ഗോൾ നിഷേധിച്ചെങ്കിലും വിഎആർ പരിശോധനയ്ക്കു ശേഷം ഗോൾ അനുവദിക്കുകയായിരുന്നു. ഇന്ത്യയുടെ കാര്യത്തിൽ മറിച്ചായി വിധി. റഫറി തെറ്റായി അനുവദിച്ച ഗോൾ പുനഃപരിശോധിക്കാൻ വിഎആർ ഉണ്ടായില്ല. 

പന്ത് പുറത്തു തന്നെ 

ലഭ്യമായ ദൃശ്യങ്ങൾ വച്ച് ഇന്ത്യ–ഖത്തർ മത്സരത്തിൽ പന്ത് പൂർണമായും പുറത്തു പോയി എന്ന് ഫിഫ റഫറിമാർ ഉൾപ്പെടെയുള്ളവരുടെ വിലയിരുത്തൽ. എന്നാൽ മുകളിൽ നിന്നുള്ള ദൃശ്യം കൂടി ഉണ്ടായിരുന്നെങ്കിൽ ഇത് കൃത്യമായി നിർണയിക്കാനാവുമായിരുന്നു. ‘ഫാർ സൈഡ്’ ആയതിനാൽ അസിസ്റ്റന്റ് റഫറിക്ക് പന്ത് ലൈൻ കടന്നോ എന്ന് നിർണയിക്കാനാവുമായിരുന്നില്ല. ഒട്ടേറെ കളിക്കാർ കൂടി നിന്നിരുന്നതിനാൽ റഫറിക്കു ദൃശ്യം വ്യക്തമായതുമില്ല. ലോകകപ്പ് യോഗ്യത പോലെയുള്ള നിർണായകമത്സരങ്ങളിൽ വിഎആർ സംവിധാനം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്.

India fell by controversial goal:

Qatar beat India in FIFA World Cup qualifier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com