കടുപ്പക്കാരൻ ചാത്തുണ്ണി; ഒരു ‘മയവും’ ഇല്ലാത്ത കളിക്കാരനും പരിശീലകനും
Mail This Article
തൃശൂർ∙ റഫ് ആൻഡ് ടഫ് ആയിരുന്നു ടി.കെ.ചാത്തുണ്ണി. കളിക്കാരനായിരുന്നപ്പോഴും പരിശീലകനായിരുന്നപ്പോഴും. റഗ്ഗ്ഡ് പ്ലെയർ എന്നു പറയും, നോട്ട് പോളിഷ്ഡ്. അല്ലെങ്കിലും സ്റ്റോപ്പർ ബാക്കായി കളിക്കുന്നയാൾക്ക് എങ്ങനെയാണ് കുഞ്ഞാടാകാൻ കഴിയുക..? ആകാരം പോലെ തന്നെ ഒരു മയവുമില്ലാത്ത കളിയായിരുന്നു. ടീം പിന്നിലായാൽ പിൻനിരയിൽ നിന്ന് എതിർ ഗോൾമുഖത്തേക്ക് ഒരു പോക്കാണ്. മുന്നിൽ വരുന്നവരെല്ലാം മാറി നിന്നാൽ അവർക്ക് കൊള്ളാം. ഇല്ലെങ്കിൽ ഈ എൻജിനടിയിൽ പിടയും. എതിർ ഗോൾമുഖത്ത് എത്തിയാൽ ഉടൻ അതേ സ്പീഡിൽ സ്വന്തം ഗോൾ വലയ്ക്കു മുന്നിലേക്ക് പാഞ്ഞെത്തും. പരിശീലക സ്ഥാനത്തായിരുന്നപ്പോഴും പേടിപ്പിക്കുന്ന മേജർ ജനറലായിരുന്നു താരങ്ങൾക്ക് ചാത്തുണ്ണി സാർ. അതേസമയം ഇതെല്ലാം തങ്ങളുടെയും ടീമിന്റെയും നല്ലതിനു വേണ്ടിയാണെന്ന ബോധ്യമുള്ളതിനാൽ മൂത്ത ജ്യേഷ്ഠനോടുള്ള സ്നേഹമായിരുന്നു താരങ്ങൾക്ക് ചാത്തുണ്ണി സാറിനോട്.
∙ പട്ടാളത്തിൽ നിന്ന് വാസ്കോയിലേക്ക്
1960കളുടെ അവസാനത്തിൽ പട്ടാള ടീമിൽ (ഇഎംഇ സെക്കന്തരാബാദ്) എത്തുന്നതോടെയാണ് ചാത്തുണ്ണിയെന്ന ചാലക്കുടിക്കാരൻ പ്ലെയർ ശ്രദ്ധേയനാകുന്നത്. കളിമികവുകണ്ട ഗോവൻ ക്ലബ് വാസ്കോ 1971ൽ ചാത്തുണ്ണിയെ അവരുടെ മണ്ണിലെത്തിച്ചു. മിലിട്ടറി സേവനത്തിന്റെ കാലാവധി കഴിയാതിരുന്നിട്ടും പെൻഷനബിൾ സർവീസാക്കി പട്ടാളത്തിൽനിന്നു താരത്തെ പൊക്കിക്കൊണ്ടു പോയത് ഗോവക്കാരുടെ മിടുക്ക്. മൂന്നുവർഷം വാസ്കോയിലൂടെ ചാത്തുണ്ണി ഗോവക്കാരുടെ ഇഷ്ടക്കാരനായി. ഈ മൂന്നു വർഷവും അദ്ദേഹം ഗോവയ്ക്കായി സന്തോഷ് ട്രോഫിയിൽ കളിച്ചു. അവസാന രണ്ടു വർഷം ടീമിന്റെ ഉപനായകനായിരുന്നു.
1973ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ എറണാകുളം നാഷനലിൽ ചാത്തുണ്ണി ഗോവയുടെ വൈസ് ക്യാപ്റ്റനായിരുന്നു. വാസ്കോയിൽനിന്ന് കൊൽക്കത്ത മുഹമ്മദൻ സ്പോർട്ടിങ്ങിൽ എത്തിയെങ്കിലും കരാറിലെ പ്രശ്നം കാരണം അവരുടെ ജഴ്സിയിൽ കളിക്കാനായില്ല. വൈകാതെ മുംബൈ ഓർക്കേമിൽസിൽ ചേർന്നു. അതുവഴി വൈകാതെ സന്തോഷ് ട്രോഫി മഹാരാഷ്ട്ര ടീമിലും. സർവീസസ്, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കു വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ടെങ്കിലും ജന്മനാടിനായി കളിക്കാനായില്ല.
എന്നാൽ 1979 കോയമ്പത്തൂർ നാഷനലിൽ അദ്ദേഹം കേരളത്തിന്റെ പരിശീലകനായിരുന്നു. വിക്ടർ മഞ്ഞിലയായിരുന്നു അന്നു ഗോളി. പട്യാല എൻഐഎസിൽനിന്ന് ഇരുവരും ആ വർഷം പരിശീലക കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു. ചാത്തുണ്ണി ആ വർഷം തന്നെ പരിശീലകനായി, അതേ ടീമിൽ ശിഷ്യനായി വിക്ടർ ഗോൾ വലയ്ക്കു മുന്നിലും. പിന്നീട് ഇന്ത്യയിലെ എണ്ണപ്പെട്ട ടീമുകളുടെയെല്ലാം പരിശീലക സ്ഥാനത്ത് ചാത്തുണ്ണിയുണ്ടായിരുന്നു, അതുവഴി അവരുടെ ഷോകേസുകളിൽ കിടിലൻ ട്രോഫികളും.