ഒന്നിനെതിരെ മൂന്നു ഗോളുകൾ അടിച്ച് ഹംഗറിയെ തകർത്തു, യൂറോ കപ്പിൽ സ്വിറ്റ്സർലൻഡിന് വിജയം
Mail This Article
ബെര്‍ലിൻ∙ ഹംഗറിയെ തകർത്ത് സ്വിറ്റ്സർലൻഡിന് യൂറോ കപ്പിൽ വിജയത്തുടക്കം. ഗ്രൂപ്പ് എയിലെ പോരാട്ടത്തില്‍ ഹംഗറിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് സ്വിറ്റ്സര്‍ലൻഡ് തോല്‍പിച്ചത്. സ്വിറ്റ്സർലൻഡിനായി ക്വാഡോ ദുവ (12–ാം മിനിറ്റ്), മിച്ചൽ എബിചെർ (45), ബ്രീല്‍ എംബോളോ (93) എന്നിവരാണു ലക്ഷ്യം കണ്ടത്. ഹംഗറിക്കു വേണ്ടി ബര്‍ണബാസ് വർഗ 66–ാം മിനിറ്റിൽ ആശ്വാസ ഗോൾ കണ്ടെത്തി.
ജയത്തോടെ ജർമനിക്കു പിന്നിലായി ഗ്രൂപ്പിൽ സ്വിറ്റ്സർലൻഡ് രണ്ടാം സ്ഥാനത്തെത്തി. ഷിർദാൻ ഷാക്കിരിയെ ബെഞ്ചിലിരുത്തി ആദ്യ പോരാട്ടത്തിനിറങ്ങിയ സ്വിറ്റ്സർലൻഡുമായി പന്തടക്കത്തിലും പാസുകളിലും ഹംഗറി ഒപ്പത്തിനൊപ്പംനിന്നെങ്കിലും, ഗോളവസരങ്ങളിൽ സ്വിസ് പട ആധിപത്യം ഉറപ്പിച്ചു. 12–ാം മിനിറ്റിലെ സ്വിസ് ഗോള്‍ റഫറി ഓഫ് സൈഡ് വിളിച്ചെങ്കിലും ‘വാർ’ പരിശോധനയ്ക്കു ശേഷം ഗോൾ അനുവദിക്കുകയായിരുന്നു. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ മിച്ചൽ എബിചെർ സ്വിസ് ലീഡ് രണ്ടാക്കി ഉയർത്തി.
ബര്‍ണബാസ് വർഗയുടെ മറുപടി ഗോളിലൂടെ ഹംഗറി രണ്ടാം പകുതിയിൽ മത്സരത്തിലേക്കു തിരിച്ചെത്തി. ഡൊമിനിക് ഷൊബൊസ്‍ലായി ഇടതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് ഹെഡ് ചെയ്താണ് വര്‍ഗ ഗോൾ നേടിയത്. അവസാന മിനിറ്റുകളില്‍ പകരക്കാരനായി ഇറങ്ങിയ ബ്രീൽ എംബോളോ ഹംഗറിയുടെ ഗോൾ പോസ്റ്റിലേക്കു മൂന്നാം ഗോള്‍ അടിച്ചിട്ടു. ഇതോടെ സ്വിസ് ആരാധകർ വിജയാഘോഷവും തുടങ്ങി.