കപ്പ് നിലനിർത്താൻ ഇറ്റലി; അട്ടിമറിക്കാൻ അൽബേനിയ
Mail This Article
ഡോർട്മുണ്ട് ∙ അസാധാരണമായ ഫുട്ബോൾ യാത്രയിലായിരുന്നു ഇറ്റലി. 2018 റഷ്യൻ ലോകകപ്പിനു യോഗ്യത നേടാതെ പുറത്തായ ശേഷം റോബർട്ടോ മാൻചീനിയുടെ കീഴിൽ 37 മത്സരങ്ങൾ തോൽവിയറിയാതെ മുന്നേറുകയും 2020 യൂറോ നേടുകയും ചെയ്തു. എന്നാൽ 2022 ഖത്തർ ലോകകപ്പിനു യോഗ്യത നേടാനായില്ല. അതിനാൽ നിലവിലെ യൂറോ ചാംപ്യൻ പട്ടം നിലനിർത്തുക എന്നത് അസൂറിപ്പടയ്ക്കു നിർണായകം. മാൻചീനിക്കു ശേഷം ചുമതലയേറ്റ ലൂസിയാനോ സ്പലേറ്റിയാണു ഹെഡ് കോച്ച്. യൂറോപ്പിന്റെ തെക്കുകിഴക്കുള്ള തീരദേശ രാജ്യമായ അൽബേനിയയുടെ രണ്ടാം യൂറോയാണിത്. 2016ൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിരുന്നു. ഡോർട്മുണ്ട് സ്റ്റേഡിയത്തിൽ രാത്രി 12.30നാണു കിക്കോഫ്.
ആന്ദ്രേ കാംബിയാസോ, ഇന്റർ മിലാൻ താരങ്ങളായ ഫെഡറിക്കോ ഡിമാർക്കോ, അലസാന്ദ്രോ ബസ്റ്റോണി എന്നിവർ അടങ്ങുന്ന ഉറച്ച പ്രതിരോധത്തിനൊപ്പം ഡിഫൻസീവ് മിഡ്ഫീൽഡർ ജോർജിനോയുടെ പിന്തുണയും ഇറ്റലിക്കു നിർണായകം. 2020 യൂറോയിലെ ഫോം വീണ്ടെടുക്കാനായാൽ ഫെഡറിക്കോ ചീസെ ടീമിനായി തിളങ്ങും. വൻ ടീമുകളുടെ ഗ്രൂപ്പിൽ അകപ്പെട്ട അൽബേനിയയ്ക്കു നല്ല വിജയഫലം നേടാൻ ബ്രസീലിയൻ കോച്ച് സിൽവിഞ്ഞോയുടെ അദ്ഭുതത്തിൽ തന്നെ വിശ്വസിക്കേണ്ടി വരും. ഇറ്റലിക്കു ശേഷം ഇനി സ്പെയിനെയും ക്രൊയേഷ്യയെയും അൽബേനിയ നേരിടണം.