ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മോശം പ്രകടനം, ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനെ പുറത്താക്കി
Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പുറത്താക്കി. 2019 മുതൽ ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ച സ്റ്റിമാച്ചിനെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കു പിന്നാലെയാണ് ഇന്ത്യ പുറത്താക്കിയത്. 2026 ഫിഫ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ മൂന്നാം റൗണ്ടിലേക്കു കടക്കാൻ ഇന്ത്യയ്ക്കു സാധിക്കാതിരുന്നതോടെയാണു തീരുമാനമെടുത്തത്.
ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തിൽ പുറത്തായതിനു പുറമേ, 2027 ഏഷ്യൻ കപ്പ് ഫുട്ബോളിന് നേരിട്ടു യോഗ്യത നേടാനുള്ള അവസരവും ഇന്ത്യയ്ക്കു നഷ്ടമായി. 2026 ജൂണ്‍ വരെയാണ് സ്റ്റിമാച്ചിന് എഐഎഫ്എഫുമായി കരാറുള്ളത്. മൂന്നു മാസത്തെ ശമ്പളവും വാങ്ങി ഒഴിയാനാണു നിർദേശിച്ചിരിക്കുന്നത്.
ഇത് സ്റ്റിമാച്ച് അംഗീകരിച്ചിട്ടില്ലെന്നാണു റിപ്പോർട്ടുകൾ. കരാർ പ്രകാരം ഒരു മാസം 25 ലക്ഷം രൂപയോളമാണു ഇഗോർ സ്റ്റിമാച്ചിനു പ്രതിഫലമായി നൽകേണ്ടത്. ഇന്ത്യ മൂന്നാം റൗണ്ടിൽ കടന്നില്ലെങ്കിൽ സ്ഥാനം ഒഴിയുമെന്ന് സ്റ്റിമാച്ച് നേരത്തെ പ്രഖ്യാപിച്ചിരുന്നു.