ഫന്റാസ്റ്റിക്! ഫ്രാൻസിന് വിജയത്തുടക്കം, ഞെട്ടിച്ച് റുമാനിയ; ബൽജിയത്തെ അട്ടിമറിച്ച് സ്ലൊവാക്യ
Mail This Article
ഡുസ്സൽഡോഫ് ∙ പരിശീലകനായും കളിക്കാരനായും ലോകകപ്പും യൂറോ കപ്പും നേടുന്ന ആദ്യത്തെയാൾ എന്ന റെക്കോർഡ് ലക്ഷ്യം വച്ച് വിജയത്തുടക്കവുമായി ഫ്രഞ്ച് കോച്ച് ദിദിയേ ദെഷാം. യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡി മത്സരത്തിൽ മുൻ ലോകചാംപ്യന്മാരായ ഫ്രാൻസിന് ഓസ്ട്രിയയ്ക്കെതിരെ ജയം. സ്കോർ: ഫ്രാൻസ്–1, ഓസ്ട്രിയ–0.
ഫ്രാൻസിനൊപ്പം പരിശീലകനായ ദെഷാമിന്റെ 100–ാം വിജയമാണിത്. 38–ാം മിനിറ്റിൽ എംബപെ നൽകിയ ക്രോസിനു തലവച്ചുപോയ ഓസ്ട്രിയൻ ഡിഫൻഡർ മാക്സ്മിലൻ വോബറിന്റെ പേരിലാണ് ഫ്രാൻസിന്റെ ഗോൾ (സെൽഫ്ഗോൾ). സ്ട്രൈക്കർ ഉസ്മാൻ ഡെംബലെയും പരുക്കു കാരണം രണ്ടു വർഷം പുറത്തിരുന്ന ശേഷം കളത്തിലേക്കു തിരിച്ചെത്തിയ എൻഗോളോ കാന്റെയുമാണ് ഫ്രഞ്ച് നിരയിൽ തിളങ്ങിയത്. രണ്ടാം പകുതിയിൽ ഗോൾ മടക്കാൻ ഓസ്ട്രിയ വാശിയോടെ കളം നിറഞ്ഞെങ്കിലും ഫ്രഞ്ച് ഡിഫൻഡർമാരായ തിയോ ഹെർണാണ്ടസ്, ജൂൾസ് കുൻഡെ, വില്യം സാലിബ എന്നിവർ ഉറച്ച പ്രതിരോധം തീർത്തു. ഓസ്ട്രിയയുടെ മാർസർ സബിറ്റ്സർ, കൊറാഡ് ലെയ്മർ എന്നിവർ മികച്ച പ്രകടനമാണു നടത്തിയത്.
രണ്ടാം പകുതിയിൽ സൂപ്പർ താരം കിലിയൻ എംബപെയ്ക്കു മൂക്കിനു പരുക്കേറ്റു പുറത്തു പോയിരുന്നു. എങ്കിലും ടീമിനു തിരിച്ചടിയാകില്ലെന്നാണു കരുതുന്നത്. ചികിത്സയിൽ തുടരുന്ന എംബപെയ്ക്കു ശസ്ത്രക്രിയ ആവശ്യമില്ലെങ്കിലും മൂക്കിന്റെ എല്ലിനു പൊട്ടലുണ്ട്. തുടർന്നുള്ള മത്സരങ്ങളിൽ സംരക്ഷണ കവചം നൽകുമെന്നാണു ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചിരിക്കുന്നത്. നെതർലൻഡ്സിനെതിരായ അടുത്ത മത്സരം എംബപെ കളിച്ചേക്കില്ല. ഇതോടൊപ്പം വെറ്ററൻ താരം ആന്റോയ്ൻ ഗ്രീസ്മാനും നേരിയ പരുക്കേറ്റിട്ടുണ്ട്. രണ്ടാം പകുതിയിൽ പകരക്കാരായി മൈതാനത്തെത്തിയ കോലോ മുനായ്, ഒളിവർ ജിറൂദ് എന്നിവർക്കു സ്കോർ ചെയ്യാൻ അവസരം ലഭിച്ചെങ്കിലും ഗോൾ വീണില്ല.